ഇറാഖില്‍ ആക്രമണത്തിനിരയായ ദൈവമാതാവിന്റെ തിരുസ്വരൂപം പര്യടനത്തിനായി ഇറ്റാലിയന്‍ ദൈവാലയങ്ങളിലേക്ക്

ഇറാഖില്‍ തീവ്രവാദികളുടെ ആക്രമണത്തിനിരയായ ദൈവമാതാവിന്റെ തിരുസ്വരൂപം പര്യടനത്തിനായി ഇറ്റാലിയന്‍ ദൈവാലയങ്ങളിലേക്ക്. ഇറാഖിലെ നിനവേ സമതലത്തിലെ ബട്ട്‌നായായില്‍ നിന്നും കൊണ്ടുവന്നിട്ടുള്ള മരിയന്‍ രൂപവും വഹിച്ചുള്ള പര്യടനം സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച് നോമ്പുകാലത്തിന്റെ തുടക്കത്തോടെ അവസാനിപ്പിക്കും.

ഇറാഖി ജനതയുടെ വിശ്വാസസാക്ഷ്യം ഇറ്റാലിയന്‍ ജനതയ്ക്കു മുന്നില്‍ പ്രഘോഷിക്കുക എന്ന ഉദ്ദേശ്യത്തോടെ ‘എയ്ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്’ ആണ് തിരുസ്വരൂപ പ്രയാണം ക്രമീകരിക്കുന്നത്. പര്യടനത്തിന്റെ മുന്നോടിയായി ജൂണ്‍ 13-ന് വടക്കന്‍ ഇറ്റലിയിലെ ഗിയുസ്സാനോ പട്ടണത്തിലെ സാന്‍ പാബ്ലോ ഇടവകയില്‍ രൂപം പൊതുവായി പ്രദര്‍ശിപ്പിക്കും.

ഇറ്റലിയിലെയും ഇറാഖിലെയും കത്തോലിക്കാ സമൂഹങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഇത് സഹായിക്കുമെന്നും അവര്‍ അനുഭവിച്ച ദുരിതദിനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍, ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും സന്ദേശം പകരുമെന്നും കരുതപ്പെടുന്നു. പര്യടനത്തില്‍, ഇറാഖില്‍ നിന്നുള്ള വൈദികര്‍ നേരിട്ടോ വീഡിയോ കോണ്‍ഫറന്‍സിലൂടെയോ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യും. സമാധാനത്തില്‍ കഴിഞ്ഞിരുന്ന ഇറാഖി ക്രിസ്ത്യന്‍ സമൂഹങ്ങള്‍ ഐസിസ് അധിനിവേശ കാലത്ത് ജന്മദേശത്തു നിന്നും ക്രൂരമായി പുറത്താക്കപ്പെട്ടു. ദൈവമാതാവിന്റെ നിരവധി രൂപങ്ങളും ക്രിസ്തുവിന്റെ പ്രതീകങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. ഇക്കാലയളവില്‍ പലായനം ചെയ്ത ഇറാഖി ക്രിസ്ത്യാനികള്‍ക്ക് ജന്മദേശത്തേക്ക് മടങ്ങിവരത്തക്കവിധം പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.