‘വലിയ’പത്രത്തെ മാധ്യമ ധർമം പഠിപ്പിച്ച രാധികയുടെ ഫോൺ സംഭാഷണം  

രാധിക എന്ന ഒരു അക്രൈസ്തവയായ യുവതി മാതൃഭൂമി ദിനപത്രത്തിന്റെ ഓഫീസിലേക്ക് വിളിച്ചുസംസാരിക്കുന്നതിന്റെ ഓഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നു. ആ സംഭാഷണത്തിന്റെ പൂർണ്ണ രൂപമാണ് ഇവിടെ നൽകുന്നത്.

ഇവിടെ  അക്രൈസ്തവ എന്ന് സൂചിപ്പിച്ചത് ജാതീയമായ വ്യത്യാസം സൂചിപ്പിക്കാനില്ല മറിച്ചു സന്യാസത്തെ കുറിച്ച് ഇവർക്കുള്ള സാമാന്യ ബോധം പോലും കൊടികുത്തിയ മാധ്യമങ്ങൾക്കു ഇല്ലാതെ പോകുന്നല്ലോ എന്ന് ഓർമ്മിപ്പിക്കാൻ മാത്രം. ഒരു പക്ഷേ മാധ്യമ പ്രവർത്തകരെ തങ്ങളുടെ ജോലിക്കു പ്രാപ്തരാക്കുന്ന മീഡിയ എത്തിക്സ്  ക്‌ളാസുകളിൽ കൂടെ ഒന്നും കടന്നു പോയിട്ടില്ല എങ്കിലും ഇവർ  മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകുന്ന ഉപദേശം ഏറെ പ്രസക്തമാവുകയാണ്.

രാധിക കണ്ണൂർ സ്വദേശിയാണ് എന്നാണ് ഓഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. മാതൃഭൂമി ദിനപത്രത്തിൽ എഫ്.സി.സി. സന്യാസിനി സമൂഹവുമായി വിഘടിച്ചു നിൽക്കുന്ന ഒരാളുടെ ജീവിതത്തെ ആധാരമാക്കി നൽകിയ ഒരഭിമുഖം കണ്ടിട്ടാണ് രാധിക മാതൃഭൂമിയുടെ ഓഫീസിലേക്ക് വിളിക്കുന്നത്. “എന്റെ പേര് രാധിക… അനിയത്തി ചിന്മയ. ഞങ്ങൾ രണ്ടുപേരും സിസ്റ്റർമാർ പഠിപ്പിച്ച സ്‌കൂളിലായിരുന്നു പഠിച്ചത്” എന്ന് പറഞ്ഞു കൊണ്ടാണ് തന്റെ സംഭാഷണം ഇവർ തുടങ്ങുന്നത്. ഒരിക്കൽ സിസ്റ്റർമാരുടെ ഉപദേശങ്ങൾ ഒകെ കടുപ്പമായോ ഭാരിച്ചതായോ ഒക്കെ തോന്നിയ തങ്ങൾ പിന്നീട്‌ ആ ഉപദേശങ്ങളും തിരുത്തലുകളും ഒകെ  തങ്ങളുടെ ലൈഫിൽ ശക്തിയായി മാറുന്നത് അനുഭവിക്കുവാൻ തുടങ്ങി. മാതൃഭൂമി  ഫീച്ചർ ചെയ്ത വ്യക്തി പറയുന്നത് പോലെ തന്നെ ഒരിക്കൽ കന്യാസ്ത്രികൾ നൽകിയ ഉപദേശങ്ങൾ തങ്ങളെയും അലോസരപ്പെടുത്തിയിരുന്നു. എന്നാൽ അതൊക്കെ തിരിച്ചറിവില്ലായ്മയിൽ നിന്നാണെന്നും തങ്ങളുടെ ശോഭനമായ ഭാവിക്കാണ് ആ തിരുത്തലുകൾ നൽകിയതെന്നും മനസിലാക്കുന്നത് ഒരു കുടുംബ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചു കുട്ടികളെ വളർത്തുവാൻ ആരംഭിച്ച നിമിഷം മുതലാണ്. അങ്ങനെ സംഭാഷണം തുടരുകയാണ്.

കുട്ടികളൊക്കെ ആയ ശേഷം തങ്ങളെ പഠിപ്പിച്ച സിസ്റ്റർമാർ കാണാൻ ചെന്നു. ആ പ്രായമായ സിസ്റ്റർമാരോട് ഇവർ ചോദിച്ച ചോദ്യം ഇങ്ങനെയാണ്: “എങ്ങനെ ഇങ്ങനെ ഒരു ജീവിതം നയിക്കുന്നു?” സന്യാസവും സന്യാസികളും ഏറെ അപമാനിക്കപ്പെടുന്ന ഈ ലോകത്തിൽ ഏറെ പ്രസക്തമായ ഒരു ചോദ്യം. ആ ചോദ്യത്തിന് അന്ന് അവർക്കു ലഭിച്ച ഉത്തരം ഇന്ന്   മാതൃഭൂമി  ഫീച്ചർ ചെയ്ത വ്യക്തിയുടെ ഉത്തരത്തിൽ നിന്ന് ഏറെ  വ്യത്യസ്തമായിരുന്നു. സന്യാസ ജീവിതത്തെ അടുത്തറിഞ്ഞ അവരുടെ നിലപാടുകളെ തീർത്തും ചോദ്യം ചെയ്യുന്നതായിരുന്നു മാതൃഭൂമി ദിനപത്രത്തിൽ അവർ പ്രസിദ്ധീകരിച്ച അഭിമുഖം. ഈ ഒരു സാഹചര്യത്തിൽ നിന്ന് കൊണ്ട് രാധിക എന്ന അദ്ധ്യാപിക നൽകുന്ന വലിയ ഒരു ഉപദേശം ഉണ്ട്. “നന്നായി ജീവിക്കുന്ന കുറെ സിസ്റ്റേഴ്സ്  ഉണ്ട് ഇവിടെ. അവരെ കൂടെ ഒന്ന് പരിഗണിക്കണം. കലഹിച്ചു നിൽക്കുന്ന ഒരു ഭാഗത്തെ മാത്രം ഉയർത്തിപ്പിടിച്ചാൽ മാധ്യമ ധർമ്മം പൂർത്തിയാവില്ല. മറുഭാഗത്തുള്ള ഒരു വലിയ വിഭാഗത്തിന്റെ നിശബ്ദതയുടെ ഉള്ളിലെ നന്മയെ കൂടെ ഉയർത്തിക്കാട്ടണം. രണ്ടു ഭാഗത്തും നിന്നാൽ  നിങ്ങൾ അവതരിപ്പിക്കുന്ന കാര്യങ്ങളിൽ നീതി ഉണ്ടാകും എന്ന് ബോധ്യമാകും… ” അടുത്തിടെ ഉണ്ടായ കോലാഹലങ്ങളിൽ ‘ബോധമുള്ള ഒരു മലയാളി’ പറയാൻ ആഗ്രഹിച്ച വാക്കുകളും ഇതു തന്നെ…

തുടർന്ന് രാധിക മാതൃഭൂമി  ഫീച്ചർ ചെയ്ത വ്യക്തിയുടെ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയ അതേ മാധ്യമങ്ങളെ തന്നെ അതേ കോൺഗ്രിഗേഷനിലുള്ള മറ്റൊരു സ്ഥാപനത്തിലേക്ക് ക്ഷണിക്കുകയാണ്. മേലെചൊവ്വേയിലെ ഈ സിസ്റ്റേഴ്സ് തന്നെ നടത്തുന്ന സ്ഥാപനങ്ങളിൽ അനേകരെ സംരക്ഷിക്കുന്നുണ്ട്. ആ നന്മകൾ കൂടി പുറത്തു വരണം എന്ന് ആവശ്യപ്പെടുന്ന രാധിക പതിനായിരങ്ങളിൽ ഒരാൾ ചെയ്യുന്ന കാര്യങ്ങളെ മാത്രം എടുത്തുകാട്ടി അവർ മുഴുവൻ അങ്ങനെയാണ് എന്ന് സ്ഥാപിക്കാൻ ശ്രമിക്കരുത് എന്നും മാധ്യമങ്ങളെ ഓർമിപ്പിക്കുന്നു. ഇന്നത്തെ മാധ്യമ ചർച്ചകളുടെ വെളിച്ചത്തിൽ അധ്യാപകരായി ജോലി ചെയ്യുന്ന അനേകം സന്യാസിനിമാർ ഞങ്ങൾ കാണുന്നുണ്ട്. അവരോടൊക്കെ ‘അയ്യോ സിസ്റ്ററെ നിങ്ങൾക്ക് ശമ്പളം ഒന്നും തരുന്നില്ലേ’ എന്ന് ചോദിക്കുമ്പോൾ അവരൊക്കെ പറഞ്ഞു കേട്ടത് ഞങ്ങൾ വളർന്നതും ഞങ്ങളെ വളർത്തിയതും സഭയാണ് എന്നാണ്. അവരൊക്കെ ആ ഒരു കാര്യത്തെ വളരെ പോസിറ്റിവ് ആയി എടുക്കുന്നു എന്ന് വ്യക്തമാക്കുന്നു.

ഒരു കുടുംബത്തിൽ ഒരു പ്രശ്നം ഉണ്ടാകുമ്പോൾ അതിൽ രണ്ടു തലം ഉണ്ടെന്നതാണ്  സത്യം. പലപ്പോഴും ഇതു മാധ്യമങ്ങൾ സൗകര്യപൂർവം മറക്കുന്നു. അത്കൂടെ ഓർമിപ്പിച്ചു കൊണ്ട് തുടർന്ന രാധികയെ മറുചോദ്യത്തിലൂടെ കുഴപ്പത്തിലാക്കുവാൻ മറുഭാഗത്ത് ഇരിക്കുന്നവരും ശ്രമിക്കുന്നുണ്ട്. ഒറ്റപ്പെട്ടവരെ പുന്തുണയ്ക്കണ്ടേ? ഒറ്റപ്പെട്ടവരോ? അങ്ങനെ എങ്കിൽ ഈ സമൂഹത്തിലെ എത്ര കുടുംബത്തിൽ ഒറ്റപ്പെടുന്നവർ ഉണ്ട് അവരുടെ  കാര്യങ്ങളിൽ ഇല്ലാത്ത പരിഗണനയും അമിതാവേശവും ഒക്കെ ഈ പ്രത്യേക വ്യക്തിയുടെ കാര്യത്തിൽ കാണിക്കുമ്പോൾ എന്ത് കൊണ്ട് എന്ന ചോദ്യം ബോധം ഉള്ള എല്ലാവരെയും പോലെ ഈ അധ്യാപികയുടെയും മനസ്സിൽ ഉയരുന്നു.

ഒടുവിൽ അവർ പറയുന്ന ഒരു കാര്യമുണ്ട് ” ഞാൻ ഒരു കോൺവെന്റ് സ്കൂളിൽ പഠിച്ച വിദ്യാർത്ഥിനിയാണ്. അന്ന് അവിടെ വച്ച് സിസ്റ്റർമാർ നൽകിയ ഉപദേശങ്ങൾ ഇന്ന് എന്റെ ജീവിതത്തെ വിജയത്തിലേക്ക് കൈപിടിച്ച് നയിക്കുകയാണ്. ഞാൻ അറിയുന്ന സിസ്റ്റർമാർ ഒന്നും ഇങ്ങനെയല്ല. അതിനാൽ തന്നെ ഇതു വായിച്ചപ്പോൾ സങ്കടം തോന്നി. ഒത്തിരി ഒത്തിരി നല്ല സിസ്റ്റർമാർ ഉണ്ട്. പക്ഷെ എവിടെയൊക്കെയോ ഒന്നുരണ്ടു പ്രശ്നം വരുമ്പോൾ അവരെയാണ് എല്ലാവരും പൊക്കി കാണിക്കുന്നത്. എന്നാൽ ഇതിലും നന്നായി വിശുദ്ധിയോടെ ജീവിക്കുന്ന അനേകരുണ്ട്. ഇതിനെതിരെ പ്രതികരിക്കണം എന്ന് ഞാൻ സിസ്റ്റർമാരോട് പറഞ്ഞപ്പോൾ അവർ പറഞ്ഞത് ഞങ്ങൾ ബഹളത്തിനൊന്നും പോകുന്നില്ല എന്നാണ്. ഞങ്ങളുടെ ജീവിതം ഏറെ നന്മയുള്ളതാണ് എന്നാണ്.

ഏതൊരു പെൺകുട്ടിയും താൻ കല്യാണം കഴിച്ചു കഴിഞ്ഞാൽ ജോലി ചെയ്യുന്ന ശമ്പളം ഭർത്താവിനെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്. ഭർത്താവ് പറയുന്നത് അനുസരിക്കാതിരിക്കാൻ ഭാര്യക്ക് കഴിയുമോ? കുടുംബ ജീവിതത്തിൽ പോലും ഇങ്ങനെ ഒരു നിയമം ഉണ്ടായിരിക്കെ ഒരു കോൺവെന്റിൽ നിയമം ഉണ്ടാവാൻ പാടില്ല, സ്വന്തം ഇഷ്ടപ്രകാരം നടക്കണം എന്ന് പറഞ്ഞു ശഠിക്കുന്നതിൽ എന്ത് ന്യായമാണ് ഉള്ളത് എന്ന വലിയ ഒരു സത്യം മാതൃഭൂമിക്ക് മുന്നിലേയ്ക്ക് വച്ചുകൊണ്ടാണ് ഇവർ തന്റെ ഫോൺ സംഭാഷണം അവസാനിപ്പിക്കുന്നത്. ഇതിനിടയിൽ മറുഭാഗത്ത് നിന്നും തന്നെ പഠിപ്പിച്ച ഒരു സിസ്റ്ററിനെ ഓർക്കുകയും അവരുടെ ഓർമ്മകൾ പുലർത്തുകയും ചെയ്യുന്നുണ്ട്. അതെ സത്യം അത് തന്നെയാണ്. പ്രശ്നമുണ്ടായാൽ സഹായിക്കാൻ സഭ വേണം. പഠിപ്പിക്കാൻ സന്യാസിനിമാർ വേണം. പഠിക്കാൻ അവരുടെ വിദ്യാലയങ്ങൾ വേണം. എല്ലാം കഴിയുമ്പോൾ അന്നം തരുന്ന കൈക്കു കൊത്തുകയും വേണം.

അക്രൈസ്തവയായ ഈ അധ്യാപികയ്ക്ക് തോന്നിയ വിവേകത്തിന്റെ, ബോധത്തിന്റെ ഒരു അംശമെങ്കിലും അന്തിചർച്ചകൾ കൊഴുപ്പിക്കാനിറങ്ങുന്ന ചാനലുകാർക്കും പത്രങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ സമൂഹം എന്നേ നന്നായേനെ. കാണാപ്പുറങ്ങളിൽ ഇരുന്നു ഇങ്ങനെയാണു അങ്ങനെയാണ് എന്ന് പറയുമ്പോൾ വിശുദ്ധിയോടെ ജീവിക്കുവാൻ ഉള്ളുകൊണ്ട് ആഗ്രഹിച്ചു സന്യാസത്തിലേയ്ക്ക് ഇറങ്ങി തിരിച്ച അനേകരുടെ മുഖങ്ങൾ ഒന്ന് ഓർക്കുന്നത് നല്ലതാണു… അവരും മനുഷ്യരാണ്. ഒരാളുടെ അനാവശ്യ ആവശ്യങ്ങൾക്ക് മുന്നിൽ അനേകായിരം വ്യക്തികളുടെ സമർപ്പണം, ത്യാഗം, ആത്മീയത അടിയറവു വയ്ക്കുന്നത് യുക്തമല്ല. ന്യായവും അല്ല.

സത്യത്തിൽ, രാധിക ബോധമുള്ള മുഴുവൻ മലയാളികളുടേയും പ്രതിനിധിയാണ്.