“ഈ രക്തസാക്ഷികളുടെ രക്തം വെറുതെയാകില്ല” – ക്രിസ്ത്യാനികൾക്കെതിരെയുള്ള ആക്രമണങ്ങളിൽ വേദനയോടെ നൈജീരിയയിൽ നിന്നും ഒരു വൈദികൻ

തെക്കൻ നൈജീരിയയിലെ കടുന സംസ്ഥാനത്ത് കഴിഞ്ഞ ഏഴു മാസമായി ക്രിസ്ത്യൻ സമുദായങ്ങൾക്ക് നേരെ നിരന്തരമായ ആക്രമണങ്ങൾ നടക്കുന്നു. സമീപകാലത്ത് നടന്ന ആക്രമണങ്ങളിൽ 178 പേരാണ് ഇവിടെ മരിച്ചത്. കടുന പ്രവിശ്യയിലെ കത്തോലിക്കാ മെത്രാന്മാരുടെ പ്രസ്താവനയിൽ പറയുന്നു.

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ നൈജീരിയയുടെ പ്രധാന വെല്ലുവിളി ബോക്കോ ഹറാം എന്ന തീവ്രവാദ ഗ്രൂപ്പിനെ എങ്ങനെ തടയാം എന്നതായിരുന്നു. എന്നാൽ, രണ്ട് വർഷം മുമ്പ് സൈന്യം ഈ ഗ്രൂപ്പിനെ തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചു. അതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഇന്ന്, മിക്കവാറും എല്ലാ വടക്കൻ സംസ്ഥാനങ്ങളും ഈ ഗ്രൂപ്പിന്റെ ആക്രമണത്തിന്റെ പിടിയിലാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ, ബെനു, കെബ്ബി, പ്ലാത്വ, കടുന, കട്സിന, നസറാവ, നൈജർ, സോകോതോ, സംഫാര തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊള്ളക്കാർ നിരന്തരം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നു.

ഈ ആക്രമണങ്ങളിൽ ആയിരക്കണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. അനേകം പേർ കൊള്ളയടിക്കപ്പെട്ടു. ഒന്നുമില്ലാത്തവരായി മാറി. ദുരിതബാധിത സമൂഹങ്ങളിലൊന്നായ കഗോറോയിലാണ് ഫാ. സാം എബ്യൂട്ടിന്റെ പ്രവർത്തന മണ്ഡലം. അവിടെ സൊസൈറ്റി ഓഫ് ആഫ്രിക്കൻ മിഷനിൽ വൊക്കേഷൻ പ്രൊമോട്ടറായി പ്രവർത്തിക്കുന്നു ഇദ്ദേഹം. ഇവിടെ നടന്ന ഏറ്റവും അവസാനത്തെ ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഇടവകയിലെ 21 പേരാണ് കൊല്ലപ്പെട്ടത്.

“കഗോറോയിൽ നിന്ന് ഏകദേശം 10 മിനിറ്റ് യാത്ര ചെയ്‌താൽ കുകോം ഡാജി ഗ്രാമത്തിൽ എത്തും. ജൂലൈ 21 -ന് രാത്രി 11:20 ഓടെ പെട്ടെന്നു വെടിയൊച്ചകളും ആളുകളുടെ നിലവിളിയും ഉയർന്നു. യുവജനങ്ങൾ ആ സ്ഥലത്ത് ഒത്തുചേർന്നിരുന്നു. നിലവിളി കേട്ട സ്ഥലത്ത് ചെന്നപ്പോൾ അവിടെ 17 പേരാണ് കൊല്ലപ്പെട്ടത്. കൂടുതലും പേർ പെൺകുട്ടികളാണ്. ബാക്കിയുള്ളവർ ആശുപത്രിയിൽ എത്തിയതിന് ശേഷവും പോകുന്ന വഴിയിലുമായി മരിച്ചു. അങ്ങനെ ആകെ 21 പേർ ആ ഒറ്റ ആക്രമണത്തിൽ മരിച്ചു. 30 ഓളം പേർക്ക് ഗുരുതരമായി പരുക്കേറ്റു.” – ഫാ. സാം പറയുന്നു.

ഇതാദ്യമായല്ല ഈ വൈദികൻ ഇത്തരം ആക്രമണങ്ങൾ കാണുന്നത്. 2016 -ൽ വൈദികനായതിനു ശേഷം ഇങ്ങനെയുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ട നിരവധിപ്പേരെ ഇദ്ദേഹത്തിന് അടക്കം ചെയ്യേണ്ടി വന്നിട്ടുണ്ട്. തച്ചിറയിൽ 2017 -ൽ, നാല് കുട്ടികളോടൊപ്പം കൊല്ലപ്പെട്ട ഒരു സ്ത്രീയെ രാത്രിയിൽ അടക്കം ചെയ്യേണ്ടി വന്നു. 2018 -ൽ നാലുപേരെയും 2019- ൽ ഏഴ് യുവാക്കളെയും ഇപ്രകാരം സംസ്ക്കരിക്കേണ്ട അവസ്ഥ ഈ വൈദികന് വന്നിട്ടുണ്ട്. ഈ കൊലപാതകങ്ങൾ എല്ലാം തന്നെ കഫഞ്ചൻ രൂപതയിലെ കഗോറോയിലെ സെന്റ് ജോസഫ് ഇടവകയുടെ കീഴിലുള്ള ആളുകൾക്കിടയിലാണ് സംഭവിച്ചത്.

ഇവിടെ വീടുകൾ സുരക്ഷിതമല്ല. സമാധാനത്തോടെ പ്രാർത്ഥിക്കാൻ പോലുമാവാത്ത ഒരു അവസ്ഥയിലാണ് ഞങ്ങൾ ഇവിടെ കഴിയുന്നത്. ഇവിടെ എപ്പോൾ വേണമെങ്കിലും ആക്രമണങ്ങൾ സംഭവിക്കാം. ദൈനംദിന കാര്യങ്ങൾ പോലും താളം തെറ്റിയ അവസ്ഥയിലാണ്. കൃഷിക്കായി ആളുകൾക്ക് പുറത്തിറങ്ങാൻ പോലും ആവാത്ത അവസ്ഥ. അങ്ങനെ കൃഷി മുഴുവനും നശിച്ചു.” – ഈ മിഷനറി വേദനയോടെ പറയുന്നു.

ഈ സാഹചര്യത്തിൽ ആളുകളുടെ ഒപ്പം ആയിരിക്കേണ്ടത്ത് ഇടവക വൈദികൻ എന്ന നിലയിൽ വളരെ പ്രധാനപ്പെട്ടതാണ്. അവരെ ആശ്വസിപ്പിക്കാനും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ദൈവത്തിലുള്ള വിശ്വാസം നിലനിർത്താനും ഉറച്ചുനിൽക്കാനും അവരെ പ്രോത്സാഹിപ്പിക്കുകയും വേണം. ആത്മീയവും ധാർമ്മികവും ഭൗതികവുമായ പിന്തുണ വിശ്വാസികൾക്ക് വളരെ ആവശ്യമാണെന്നും ഈ വൈദികൻ പറയുന്നു.

ഈ ആക്രമണങ്ങൾ തടയുന്നതിന് സർക്കാർ നിർണായക നടപടികൾ ഒന്നും തന്നെ കൈക്കൊള്ളുന്നില്ല. വേദനകളുടെ നടുവിലും ഈ വൈദികൻ ദൈവത്തിൽ വിശ്വാസമർപ്പിച്ചുകൊണ്ട് മാത്രം മുൻപോട്ട് പോകുന്നു. “അവിടുന്ന് ജീവിക്കുന്ന ദൈവമാണ്. ദൈവം എല്ലാം കാണുന്നു. ഈ രക്തസാക്ഷികളുടെ രക്തം വെറുതെയാകില്ല.” – തികഞ്ഞ ആത്മവിശ്വാസത്തോടെ ഈ മിഷനറി വൈദികൻ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.