പാക്കിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ അതിക്രമങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്

പാക്കിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികളും സ്ത്രീകളും നിർബന്ധിത വിവാഹത്തിനും മതപരിവർത്തനത്തിനും ഇരകളാകുന്നു. ഇത്തരം കേസുകൾ ഓരോ വർഷവും ഗണ്യമായ തോതിലാണ് വർദ്ധിക്കുന്നത്. എയ്ഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ (ACN) പിന്തുണയോടെ, ലാഹോറിലെ നാഷണൽ കാത്തലിക് കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ് (NCJP) റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളേയും സ്ത്രീകളെയും തട്ടിക്കൊണ്ടു പോവുകയും ബലാത്സംഗം ചെയ്യുകയോ, നിർബന്ധിതമായി മതപരിവർത്തനം ചെയ്യുകയോ ചെയ്യുന്ന അനീതി ന്യൂനപക്ഷങ്ങൾക്കെതിരെ വർദ്ധിക്കുകയാണ്. അവർ തട്ടിക്കൊണ്ടു പോയവരെ ഭീഷണിപ്പെടുത്തി വിവാഹം കഴിക്കുന്നു.

NCJP റിപ്പോർട്ട് ചെയ്ത, അന്ന ചന്ദിന്റെ കേസ് ഒരു ഉദാഹരണം മാത്രമാണ്. ലാഹോറിലെ റായ്‌വിന്ദിലുള്ള സ്‌കൂളിലെ പ്രിൻസിപ്പലിന്റെ ഭർത്താവാണ് മൂന്നു വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. “അന്ന ഗുരുതരമായ മാനസിക ക്ലേശങ്ങളിലൂടെയും ബുദ്ധിമുട്ടുകളിലൂടെയും കടന്നുപോവുകയാണ്. അതേ സമയം അവളുടെ കുടുംബം നീതിക്കു വേണ്ടി പോരാടുകയാണ്” – NCJP കമ്മ്യൂണിക്കേഷൻ കോർഡിനേറ്റർ മെറാബ് ആരിഫ് പറയുന്നു.

ക്രിസ്ത്യൻ, ഹിന്ദു പെൺകുട്ടികൾ അല്ലെങ്കിൽ മറ്റ് മതന്യൂനപക്ഷങ്ങളിൽ നിന്നുള്ള പെൺകുട്ടികൾ ഇവിടെ വളരെ ദുർബലരാണ്. കാരണം അവർ നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയാണ്. അവർക്ക് സാമൂഹികവും നിയമപരവുമായ പിന്തുണ വളരെ കുറവാണ് – റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.