വിന്‍സെന്റ് ലാംബെര്‍ട്ടിന്റെ ജീവനു വേണ്ടി വീണ്ടും അഭ്യര്‍ത്ഥിച്ച് മാര്‍പാപ്പ

ആരാണ് ജീവിക്കാന്‍ യോഗ്യന്‍ അല്ലെങ്കില്‍ ആരാണ് അല്ലാത്തത് എന്ന് സമൂഹത്തിന് തീരുമാനിക്കാന്‍ കഴിയില്ലെന്നും, ഡോക്ടര്‍മാര്‍ ജീവിതത്തെ സേവിക്കുകയാണ് വേണ്ടത് അല്ലാതെ നീക്കം ചെയ്യുകയല്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ട്വിറ്റര്‍ പേജിലൂടെയാണ് അബോധാവസ്ഥയില്‍ കഴിയുന്ന ഫ്രഞ്ച് പൗരന്‍ വിന്‍സെന്റ് ലാംബെര്‍ട്ടിനു വേണ്ടി പാപ്പാ ശക്തമായ രീതിയില്‍ വാദിച്ചത്.

42 വയസുകാരനായ വിന്‍സെന്റ്, 2008-ലെ കാറപകടത്തെ തുടര്‍ന്നാണ് അബോധാവസ്ഥയിലായത്. ഇദ്ദേഹത്തിന്റെ ജീവന്‍ ഏതു വിധേനയും നിലനിര്‍ത്തണമെന്നാണ് കത്തോലിക്കാ വിശ്വാസികളായ മാതാപിതാക്കളുടെ ആവശ്യം. എന്നാല്‍, വിന്‍സെന്റിന്റെ സഹോദരങ്ങളും ഭാര്യയും ഇനിയും അദ്ദേഹത്തെ ജീവിക്കാന്‍ അനുവദിക്കേണ്ടതില്ലെന്ന പക്ഷക്കാരാണ്. ദയാവധത്തിനുള്ള ഒരുക്കങ്ങളും അവര്‍ തുടങ്ങി. ഭക്ഷണവും ജലവും എത്തിക്കുന്ന ജീവന്‍രക്ഷാ സംവിധാനങ്ങള്‍ നീക്കം ചെയ്യാന്‍ കോടതിയില്‍ നിന്ന് ഉത്തരവും നേടി.

അബോധാവസ്ഥയിലാണെങ്കിലും സ്വതന്ത്രമായി ശ്വസിക്കുകയും ഹൃദയം സ്വഭാവേന മിടിക്കുകയും ചെയ്യുന്ന ലാംബെര്‍ട്ട് മരിച്ചുകൊണ്ടിരിക്കുകയല്ല എന്നും അദ്ദേഹത്തിന് ഭക്ഷണം നല്‍കാതെയും ജലം നല്‍കാതെയും മരണത്തിന് വിട്ടുകൊടുക്കാനുള്ള ആശുപത്രി അധികൃതരുടെ തീരുമാനത്തെ മാതാപിതാക്കള്‍ എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല.

‘ഉപേക്ഷിക്കപ്പെടുകയും മരിക്കാനായി ഉപേക്ഷിക്കപ്പെടുകയും ചെയ്തിരിക്കുന്നവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. ജീവനെ സംരക്ഷിക്കുമ്പോഴാണ് ഒരു സമൂഹം മാനുഷികമാകുന്നത്. ഓരോ ജീവിതവും, അതിന്റെ തുടക്കം മുതല്‍ സ്വാഭാവിക അവസാനം വരെ, ആരാണ് ജീവിക്കാന്‍ യോഗ്യന്‍ അല്ലെങ്കില്‍ ആരാണ് അല്ലാത്തത് എന്ന് നിശ്ചയിക്കാന്‍ മനുഷ്യന്‍ ആരാണ്’ – പാപ്പാ ട്വിറ്ററില്‍ കുറിച്ചു.

വിന്‍സെന്റ് ലാംബെര്‍ട്ടിനായി ഫ്രാന്‍സിസ്‌കോ സഹായം ചോദിക്കുന്നത് ഇതാദ്യമല്ല. വിന്‍സെന്റിനെ ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാന്‍സിസ് പാപ്പ രണ്ട് കാലയളവുകളിലായി മൂന്നു തവണ രംഗത്തെത്തിയിരുന്നു. പാരിസ് ആര്‍ച്ചുബിഷപ്പ് മിഷേല്‍ ഔപേറ്റിറ്റ്, എല്ലാ പുരോഹിതരോടും ലാംബെര്‍ട്ടിനു വേണ്ടി വിശുദ്ധ കുര്‍ബാന കാഴ്ച വയ്ക്കണമെന്നും അഭ്യര്‍ത്ഥിച്ചിരുന്നു.