വിയറ്റ്നാമിലെ തദ്ദേശീയ ഗ്രാമവാസികളുടെ പ്രിയങ്കരനായ വൈദികൻ

ഒരു സഹായം ആവശ്യമായി വരുമ്പോൾ, ദുരിതം വരുമ്പോൾ നാം ആദ്യം വിളിക്കുന്നത് നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളെയാണ്, പ്രിയപ്പെട്ടവരെയാണ്. ഇത്തരത്തിൽ വിയറ്റ്നാമിലെ മധ്യ പ്രവിശ്യയിലെ തദ്ദേശീയ വാൻ കിയു വംശജരായ ഗ്രാമവാസികളുടെ പ്രിയങ്കരനായ ഒരു വൈദികൻ ഉണ്ട്. ഏഴു വർഷം മുൻപ് കൊടുങ്കാറ്റ് വീശി എല്ലാം തകർന്നു തരിപ്പണമായ അവസ്ഥയിൽ ഈ ഗ്രാമവാസികൾ സഹായത്തിനായി വിളിച്ചതും അദ്ദേഹത്തെ തന്നെ. ആ വൈദികനാണ് ഫാ. ഫ്രാൻസിസ് സേവി ട്രാൻ വുവാങ് ക്വോക്ക് മിൻ.

ഏഴു വർഷം മുൻപുള്ള നവംബർ 15 മുതൽ വിയറ്റ്നാമിൽ ആഞ്ഞടിച്ച കൊടുങ്കാറ്റിൽ നിരവധി വീടുകളാണ് തകർന്നത്. 2200 -ത്തോളം കന്നുകാലികൾ ചത്തു. 10 ഹെക്ടറോളം കൃഷി നശിച്ചു. മൊത്തത്തിൽ ദുരിതത്തിന്റെയും വേദനയുടെയും സമയം. ഈ സമയം അവർ വിളിച്ചത് ഫാ. ഫ്രാൻസിസിനെ ആണ്. അദ്ദേഹം ഉടൻ തന്നെ ഞങ്ങളുടെ വീടുകൾ നന്നാക്കാനും കന്നുകാലികളെ വാങ്ങാനും ഒക്കെയുള്ള അടിയന്തിര സഹായം എത്തിച്ചു. കിലോമീറ്ററുകൾ താണ്ടി ഈ ഗ്രാമവാസികൾക്കായി അരിയും മറ്റു സാധനങ്ങളും എത്തിക്കുവാൻ ഈ വൈദികന്റെ നേതൃത്വത്തിൽ കഴിഞ്ഞു.

“ഈ വൈദികനാണ് ഞങ്ങളുടെ ജീവൻ രക്ഷിച്ചത്. അദ്ദേഹത്തിൻറെ സഹായം ഇല്ലായിരുന്നു എങ്കിൽ കൊടുങ്കാറ്റ് വിതച്ച ദുരിതത്തിൽ നിന്നു ഞങ്ങൾക്ക് കരകയറുവാൻ കഴിയുമായിരുന്നില്ല” – നാല് മക്കളുടെ പിതാവ് പറയുന്നു. വാൻ കിയു വംശജരിൽ ഏറെ പേർ ഫാ. ഫ്രാൻസിസിന്റെ കണ്ടതിനു ശേഷം കത്തോലിക്കാ വിശ്വാസത്തിലേയ്ക്ക് കടന്നു വന്നു. കുഗ്രാമത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള ഖേ സാൻ ഇടവകയുടെ വികാരിയാണ് ഈ വൈദികൻ. അവിടെ നിന്നും വന്നാണ് അദ്ദേഹം ഈ ഗ്രാമത്തിലെ ആളുകളെ കാണുകയും അവർക്കു സഹായം ചെയ്യുകയും ചെയ്യുന്നത്.

“ഈ വൈദികന് അവരോടുള്ള സ്നേഹം, കരുതൽ അതാണ് ഗ്രാമവാസികളെ ക്രൈസ്തവ വിശ്വാസത്തിലേയ്ക്ക് നയിച്ചത്. ഇന്ന് ഞങ്ങളുടെ വിളവെടുപ്പ് ഉത്സവങ്ങളിലും മറ്റു ആഘോഷങ്ങളിലും ഞങ്ങൾ അദ്ദേഹത്തെ ക്ഷണിക്കും. അദ്ദേഹത്തിനായി ഭക്ഷണം തയ്യാറാക്കികൊണ്ട് ഞങ്ങളോട് കാണിച്ച കരുതലിനും നന്ദി പറയും” -ഗ്രാമത്തിലെ മുതിർന്ന വ്യക്തിയായ ഹോ ലുവാങ് പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.