ഫ്രാൻസിലെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ടത് ദൈവാലയത്തിൽ കുർബാനയ്ക്ക് എത്തിയവർ

നീസിലെ നോട്ര ഡാം കത്തീഡ്രലിൽ നടന്ന തീവ്രവാദി ആക്രമണത്തിന്റെ ഇരകളായത് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനെത്തിയ വിശ്വാസികൾ. ആക്രമണത്തിൽ രണ്ടുപേർ ദൈവാലയത്തിനുള്ളിലും ഒരാൾ  അല്പനേരത്തിനു ശേഷം ദൈവാലയത്തിനു പുറത്തുമാണ് മരണമടഞ്ഞത്. കഴുത്തറത്ത് കൊല്ലപ്പെട്ട 55-കാരൻ വിൻസെന്റ് എൽ കത്തീഡ്രലിൽ പത്തു വർഷമായി ദൈവാലയ സഹായിയായി ശുശ്രൂഷ ചെയ്തുവന്നിരുന്ന വ്യക്തിയാണ്.പ്രാര്‍ത്ഥിക്കാനായി എത്തിയ അറുപതും നാൽപത്തിനാലും വയസുള്ള സ്ത്രീകളാണ് കൊല്ലപ്പെട്ട മറ്റു രണ്ടു പേർ.

രണ്ടു പെൺകുട്ടികളുടെ പിതാവായ വിൻസെന്റ്, സഭയോടുള്ള ആത്മാർത്ഥസേവനത്തിന്റെ മാതൃകയായിരുന്നു എന്ന് ബസിലിക്കയുടെ മുന്‍ റെക്ട്ടര്‍, ഫാ. ജീൻ ലൂയിസ് ജിയോർഡാൻ വെളിപ്പെടുത്തി. വിൻസെന്റിനെ ആദ്യമായി ദൈവാലയ ശുശ്രൂഷകനായി നിയമിച്ചത് ഈ വൈദികനായിരുന്നു. “വെറും ദൈവാലയ ശുശ്രൂഷകൻ മാത്രമായിരുന്നില്ല അദ്ദേഹം. പ്രായമായ വൈദികരെ ഏറെ സഹായിച്ചിരുന്നു. അധികം സംസാരമില്ലെങ്കിലും മനുഷ്യത്വപരമായ പ്രവൃത്തികളിലൂടെ അദ്ദേഹം എല്ലാവർക്കും പ്രിയങ്കരനായി മാറിയിരുന്നു” – ഫാ. ജീൻ ലൂയിസ് പറയുന്നു.

കൊല്ലപ്പെട്ട 60 വയസുള്ള സ്ത്രീ രാവിലെ ദൈവാലയത്തിൽ പ്രാർത്ഥിക്കുവാനായി എത്തിയതായിരുന്നു. ഇവരുടെ കഴുത്തറുത്ത നിലയിലായിരുന്നുവെങ്കിലും ശിരസ് പൂർണ്ണമായും ശരീരത്തിൽ നിന്ന് വേർപെട്ടിരുന്നില്ല. ദൈവാലയത്തിനുള്ളിൽ ഹന്നാന്‍ വെള്ളം വയ്ക്കുന്നതിന്റെ സമീപത്താണ് ഇവരുടെ മൃതദേഹം കിടന്നിരുന്നത്. തൊണ്ടയിലെ ആഴമായ മുറിവാണ് ഈ സ്ത്രീയുടെ മരണകാരണം എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

കൊല്ലപ്പെട്ട 44-കാരിയായ സ്ത്രീ ഒരു അമ്മയായിരുന്നു. കുത്തേറ്റ ഇവർ അടുത്തുള്ള കഫെയിൽ അഭയം പ്രാപിക്കുകയും ആഴത്തിലുള്ള മുറിവുകൾ മൂലം അവിടെ വച്ചുതന്നെ മരണമടയുകയുമായിരുന്നു. അവസാനമായി തന്റെ കുടുംബത്തോട്, “താൻ അവരെ സ്നേഹിക്കുന്നു എന്ന് പറയണം” എന്ന് ഈ സ്ത്രീ പറഞ്ഞിരുന്നതായി ദൃക്‌സാക്ഷികൾ വെളിപ്പെടുത്തുന്നു. ഇവരെക്കൂടാതെ, ദൈവാലയത്തിൽ ഉണ്ടായിരുന്ന നിരവധി ആളുകൾക്ക് പരിക്കേറ്റിട്ടുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.