ക്രിസ്തുവിനെപ്രതി  സഹനങ്ങൾ ഏറ്റുവാങ്ങുവാൻ തയ്യാറാവുക: അമേരിക്കൻ വൈസ് പ്രസിഡന്റ്

ക്രിസ്തുവിനെപ്രതി സഹനങ്ങൾ ഏറ്റുവാങ്ങുവാൻ തയ്യാറായിരിക്കണമെന്ന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളോട് അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ്. അമേരിക്കയിലെ ക്രൈസ്തവ സർവ്വകലാശാലയായ ലിബർട്ടി യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ കാര്യം വിദ്യാർത്ഥികളോട് പങ്കുവെച്ചത്.

“അമേരിക്കയുടെ ചരിത്രം പരിശോധിച്ചാൽ, ക്രൈസ്തവ വിശ്വാസിയാണെന്ന് സ്വയം വിശേഷിപ്പിക്കാൻ എളുപ്പമായിരുന്നു. ബൈബിൾ പഠനങ്ങൾക്കുവേണ്ടി നിലകൊണ്ടതിന്റെ പേരിൽ ഒഴിവാക്കപ്പെടുകയോ, അധിക്ഷേപം ഏൽക്കേണ്ടി വരികയോ ചെയ്യുമെന്ന് ആരും കരുതിയിരുന്നില്ല. ലോകത്തിൽ പല ഭാഗങ്ങളിൽ നിന്നും സഹിഷ്ണുതയ്ക്കായി ആഹ്വാനങ്ങൾ ഉണ്ടാകാറുണ്ട്. എങ്കിലും ക്രിസ്ത്യാനികളോട് സഹിഷ്ണുതാപൂർവ്വം പെരുമാറുന്നവർ കുറവാണ്”. അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിസ്ത്യാനി എന്ന നിലയിൽ തനിക്ക് നേരിടേണ്ടിവന്ന പ്രശ്നങ്ങളെ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. ഒപ്പംതന്നെ വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കാനായി ട്രംപ് ഭരണകൂടം കഴിഞ്ഞ ഏതാനും മാസങ്ങളിൽ എടുത്ത നടപടികളെ അദ്ദേഹം അഭിനന്ദിക്കുകയും ഉയർത്തിക്കാട്ടുകയും ചെയ്തു. വിശ്വാസത്തെ സംരക്ഷിക്കുവാനും അതിനായി നിലകൊള്ളുവാനും തയ്യാറായിരിക്കുവാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.