77 വർഷമായി വൈദികൻ, നൂറാം വയസിലും ഇടവക വികാരിയായി സേവനം ചെയ്യുന്ന ഒരു വൈദികൻ

1921 ഓഗസ്റ്റ് 19. കൃത്യമായിപ്പറഞ്ഞാൽ 100 വർഷങ്ങൾക്ക് മുൻപായിരുന്നു ഫാ. ലൂയിസ് ഉറിസ്സയുടെ ജനനം. സ്‌പെയിനിലെ നവാരയിൽ ജനിച്ച അദ്ദേഹം കഴിഞ്ഞ 77 വർഷമായി പുരോഹിതനാണ്. അമേരിക്കയിലെ ടെക്സസിലെ ബ്യുമോണ്ട് രൂപതയിലെ ഒരു ഇടവകയുടെ വികാരിയുമാണ് ഈ വൈദികന്‍. 1944 -ൽ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം സ്‌പെയിനിലെ കാലഹോരയിൽ അധ്യാപകനായും ലിയോണിലെ സ്പാനിഷ് ആർമിയിൽ ചാപ്ലെയിൻ ആയും സേവനമനുഷ്ഠിച്ചു. തന്റെ 77 വർഷത്തെ പൗരോഹിത്യ ജീവിതത്തിൽ ആയിരക്കണക്കിനാളുകളെ തന്റെ ശുശ്രൂഷകൊണ്ടും ജീവിതം കൊണ്ടും അദ്ദേഹം പ്രചോദിപ്പിച്ചു.

1949 -ന്റെ അവസാനമായപ്പോൾ അദ്ദേഹത്തെ അമേരിക്കയിലേയ്ക്ക് അയച്ചു. ന്യൂയോർക്കിലും പോർട്ട് ആർതറിലും സേവനം ചെയ്തതിനു ശേഷം നിരവധി ഹിസ്പാനിക്കുകൾ താമസിക്കുന്ന മേഖലയായ ബ്യുമോണ്ട് നഗരത്തിലേക്ക് അദ്ദേഹം അയക്കപ്പെട്ടു. 1952 മുതൽ 1962 വരെ അദ്ദേഹം അവിടെ ജോലിചെയ്തു. തുടർന്ന് ടെക്സസിലെ രണ്ടു നഗരങ്ങളിലും ശുശ്രൂഷ ചെയ്തു. 1977 -ൽ ബ്യുമോണ്ടിലെ ക്രിസ്റ്റോ റേ ഇടവകയിൽ എത്തിച്ചേരുകയും ഇപ്പോഴും അവിടെ പാസ്റ്ററായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. നിരവധി കുടുംബങ്ങളെ തന്റെ ജീവിത കാലയളവിൽ സഹായിച്ച ഫാ. ഉറിസ്സ സഭയ്ക്കും മാർപാപ്പയ്ക്കും നൽകിയ മികച്ച സേവനത്തിനു നൽകപ്പെടുന്ന ബഹുമതിയായ ‘എക്ലേസിയ ഏത് പോന്തിഫിസ് ക്രോസി’ നു അർഹനായിരുന്നു. 2009 -ൽ ബെനഡിക്ട് XVI -മൻ പാപ്പയാണ് ഫാ. ഉറിസ്സയ്ക്ക് ഈ ബഹുമതി സമ്മാനിച്ചത്.

വളരെ നാളുകളായി അമേരിക്കയിൽ താമസിച്ചിരുന്നിട്ടും അദ്ദേഹത്തിന്റെ 98 -ആം വയസ്സിലാണ് അമേരിക്കൻ പൗരത്വം ലഭിച്ചത്. അദ്ദേഹത്തിന്റെ സേവനങ്ങൾക്കും ശുശ്രൂഷകൾക്കും സഭ എക്കാലവും കടപ്പെട്ടിരിക്കുന്നു എന്നും നിരവധിയാളുകളെ ദൈവത്തിങ്കലേക്കടുപ്പിക്കുന്ന അദ്ദേഹത്തിന്റെ സേവന തല്പരത എക്കാലവും പ്രകീർത്തിക്കപ്പെടുമെന്നും പൗരോഹിത്യത്തിന്റെ എഴുപത്തഞ്ചാം വാർഷിക ആഘോഷത്തിന്റെ ഭാഗമായുള്ള ചടങ്ങിൽ ബ്യുമൌണ്ട് ബിഷപ്പ് കുർട്ടിസ് ഗില്ലരി പറഞ്ഞിരുന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.