വെനിസ്വേലന്‍ ഡോക്ടര്‍, ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു

വെനിസ്വേലന്‍ ഡോക്ടര്‍, ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കാരക്കാസിനു സമീപമുള്ള ചാപ്പലില്‍ ലളിതമായിട്ടായിരുന്നു നാമകരണ ചടങ്ങുകള്‍. വെനിസ്വേലയിലെ അപ്പോസ്തോലിക് ന്യൂണ്‍ഷോ ആല്‍ഡോ ജിയോര്‍ഡാനോയാണ് ഡോ. ജോസ് ഗ്രിഗോറിയോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച വിശുദ്ധമാതൃകയായിരുന്നു ഹെര്‍ണാണ്ടസ് എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

സ്പാനിഷ് ഫ്ലൂ പകര്‍ച്ചവ്യാധിക്കെതിരെ ജീവിതാവസാനം വരെ പോരാടുകയും നൂറുകണക്കിന് പാവങ്ങളെ സൗജന്യമായി ചികിത്സിക്കുകയും വിശ്വാസത്തിലധിഷ്ടിതമായ ജീവിതം നയിക്കുകയും ചെയ്ത ഡോ. ഹെര്‍ണാണ്ടസ് ഏറ്റവും കൂടുതല്‍ അറിയപ്പെടുന്നത് തന്റെ കാരുണ്യപ്രവര്‍ത്തികളിലൂടെയാണ്.

കവര്‍ച്ചാശ്രമത്തിനിടെ തലയ്ക്കു വെടിയേറ്റ പത്തു വയസുകാരി ഹെര്‍ണാണ്ടസിന്റെ മദ്ധ്യസ്ഥതയില്‍ അത്ഭുതസൗഖ്യം പ്രാപിച്ചതോടെയാണ് വിശദമായ പഠനങ്ങള്‍ക്കൊടുവില്‍ അദ്ദേഹത്തെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തുവാന്‍ വത്തിക്കാന്‍ തീരുമാനമെടുത്തത്. വെടിയേറ്റ പെണ്‍കുട്ടിക്ക് നടക്കുവാനോ ശരിയായ വിധത്തില്‍ സംസാരിക്കുവാനോ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. ഈ സമയത്ത് പെണ്‍കുട്ടിയുടെ അമ്മ ഡോ. ഹെര്‍ണാണ്ടസിന്റെ മാദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു. ഡോക്ടര്‍മാരുടെ നിഗമനത്തെ പൂര്‍ണ്ണമായി മാറ്റിമറിച്ചുകൊണ്ട് പെണ്‍കുട്ടിക്ക് സൗഖ്യമുണ്ടായി. ആഴ്ചകള്‍ക്കകം നടന്നു തന്നെ പെണ്‍കുട്ടി ആശുപത്രി വിടുകയായിരിന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.