സംവാദത്തിനു ക്ഷണിച്ചുകൊണ്ടുള്ള വത്തിക്കാന്റെ കത്ത് വെനസ്വേല നിരസിച്ചു

രാജ്യം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാന്‍ സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള വത്തിക്കാന്റെ കത്ത് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മാദുറോ നിരസിച്ചു. അസംബന്ധം, വിഷം, വിദ്വേഷജനകം എന്നിങ്ങനെയാണ് അദ്ദേഹം കത്തിനെ വിശേഷിപ്പിച്ചത്. ഉയര്‍ന്ന തോതിലുള്ള തൊഴിലില്ലായ്മ, മരുന്നുകളുടേയും ഭക്ഷണത്തിന്റെയും അപര്യാപ്തത തുടങ്ങിയ നിരവധി പ്രതിസന്ധികളിലൂടെ രാജ്യം കടന്നുപോകുന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു പ്രതികരണം.

വിലക്കയറ്റവും നാണയപ്പെരുപ്പവും കോവിഡ് മഹാമാരിയും മൂലം ലക്ഷകണക്കിന് ആളുകളാണ് വെനസ്വേലയില്‍ നിന്നും പലായനം ചെയ്തുകൊണ്ടിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 60 ശതമാനത്തോളം വരുന്ന ആളുകള്‍ ജീവന്‍ നിലനിര്‍ത്താനായി സന്നദ്ധസംഘടനകളെ ആശ്രയിച്ചാണ് കഴിയുന്നത്. ഇവരില്‍ ഭൂരിഭാഗം ജനത്തിനും ആശ്വാസമേകുന്നത് കത്തോലിക്കാ സഭയുമാണ്.

പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നോട്ടു വച്ചുകൊണ്ട് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ വെനിസ്വേലയിലെ വ്യാപാരികളുടെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സിന്റെ അദ്ധ്യക്ഷന്‍ റിക്കാര്‍ഡോ കുസാനോയ്ക്കാണ് കത്തയച്ചത്. ജൂണ്‍ 23 -ന് എഴുതിയ കത്ത് സംഘടനയുടെ എഴുപത്തിയേഴാമത് വാര്‍ഷികയോഗത്തില്‍ അംഗങ്ങളെ വായിച്ചുകേള്‍പ്പിച്ചിരുന്നു.

കാരക്കാസിലെ ഓക്‌സിലറി മെത്രാനായ റിക്കാര്‍ഡോ ആള്‍ഡോ ബരേറ്റോയാണ് കത്ത് വായിച്ചുകേള്‍പ്പിച്ചത്. എന്നാല്‍ വിദ്വേഷം നിറഞ്ഞ കത്തെന്നാണ് മാദുറോ, കര്‍ദ്ദിനാള്‍ പരോളിന്റെ കത്തിനെ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ ആഭ്യന്തരകാര്യത്തില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഇടപെടുന്നത് എന്തിനാണെന്ന് പ്രസിഡന്റ് ചോദ്യം ചെയ്തു. ജൂലൈ 21 -ലെ ഒരു ടെലിവിഷന്‍ പരിപാടിക്കിടെയാണ് നിക്കോളാസ് മാദുറോ തന്റെ എതിര്‍പ്പ് വെളിപ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.