വേശ്യാലയത്തെ ആതുരാലയമാക്കി മാറ്റിയ വിശുദ്ധ ജീവിതം

“ഒരു പായ്ക്കപ്പൽ അനുകൂലമായ കാറ്റിനു വേണ്ടി കാത്തിരുന്നു. അത് വരുമ്പോൾ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നതുപോലെയാണ് അഡെലെ ബോണോലിസിനെ തങ്ങളുടെ  ‌ജീവിതത്തിൽ കണ്ടെത്തിയതവർ. ഒരു അഭയസ്ഥാനവും പ്രതീക്ഷയും പിന്തുണയുമായി അനേകരുടെ ജീവിതത്തിൽ അത്ഭുതങ്ങൾ പ്രവർത്തിച്ച ഇവർ മറ്റുള്ളവർക്ക് വളരെയധികം പരിഗണനയും കരുതലും നൽകിയിട്ടുണ്ട്.” -ക്രെമയിലെ ബിഷപ്പ് ലിബറോ ട്രെസോൾഡി, അഡെലെ ബോണോലിസിന്റെ മൃതസംസ്കാര വേളയിൽ പറഞ്ഞതാണിത്. മറ്റുള്ളവരുടെ ജീവിതത്തിൽ പ്രത്യേകിച്ച്, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനും പുനരുദ്ധാരണത്തിനുമായി പ്രവർത്തിച്ചിരുന്ന ഒരു ശക്തയായ വനിതയായിരുന്നു അഡെലെ ബോണോലിസ്. 2021 ജനുവരി 21 -ന്  ഫ്രാൻസിസ് മാർപ്പാപ്പ അവരുടെ ധീര ഗുണങ്ങൾ തിരിച്ചറിയുകയും ധന്യയായി പ്രഖ്യാപിക്കുകയും ചെയ്തു.

1909 ഓഗസ്റ്റ് 14 -ന് ഇറ്റലിയിലെ മിലാനിൽ വിശ്വാസപരമായി പിന്നോക്കം നിന്ന കുടുംബത്തിലെ നാലു മക്കളിൽ ഏറ്റവും ഇളയവളായിട്ടാണ് അഡെലെ ജനിച്ചത്. മാതാപിതാക്കൾ വിശ്വാസികളായിരുന്നെങ്കിലും അവർ ഒരിക്കലും ദിവ്യബലിയിലോ മറ്റ് ആരാധനകളിലോ പങ്കെടുത്തിരുന്നില്ല. എങ്കിലും അവരുടെ മക്കളെ അവർ ജ്ഞാനസ്നാനം നൽകുവാൻ താല്പര്യം കാണിച്ചു. സെന്റ്. അംബ്രോഗിയോ ബസിലിക്കയിൽ വെച്ച് മാമ്മോദീസ സ്വീകരിച്ച അഡെലെ പിന്നീട് കത്തോലിക്ക വിശ്വാസത്തിലും യുവതികൾക്കുവേണ്ടിയുള്ള സംഘടനയിലും അംഗമായി. ക്രിസ്തീയ വിശ്വാസം ആർജ്ജിക്കുവാൻ വളരെയധികം താല്പര്യം കാണിച്ച അഡെലെ ഉയർന്ന മാർക്കോടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് തിരുഹൃദയ കത്തോലിക്ക  യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയതിനു ശേഷം ഒരു ഹൈസ്കൂൾ മതാധ്യാപികയായി ജീവിതം തുടങ്ങി.

കുട്ടിക്കാലത്തെ ഒരു ചെറിയ സംഭവമായിരുന്നു അഡെലെയുടെ ജീവിതത്തിൽ വഴിത്തിരിവായത്. തന്റെ പിതാവിനൊപ്പം നടന്നുപോകുമ്പോൾ ഒരു വേശ്യയെ കാണുവാൻ ഇടവന്നു. അവരെ നോക്കുകപോലും ചെയ്യരുതെന്ന പിതാവിന്റെ കർശന നിർദ്ദേശം വകവെയ്ക്കാതെ അവരെ സൂക്ഷിച്ചു നോക്കിക്കൊണ്ടേയിരുന്നു. ആ സ്ത്രീയുടെ  രൂപവും ഭാവവും കുഞ്ഞു അഡെലെയിൽ അല്പം കൗതുകവും അതിലുപരിയായി ഇത്ര അവശയും അപമാനവും ഏൽക്കപ്പെടുവാൻ എന്തായിരിക്കും കാരണവുമെന്ന ചിന്തയും സൃഷ്ടിച്ചു. വലുതാകുമ്പോൾ ഇത്തരത്തിലുള്ള സ്ത്രീകൾക്ക് അവരുടെ നഷ്ടപ്പെട്ടുപോയ വ്യകതിത്വവും ആത്മാഭിമാനവും തിരിച്ചു കിട്ടുന്നതിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉടലെടുത്തെങ്കിലും വെറും കൊച്ചുകുഞ്ഞായ അവള്‍ക്ക് എന്താണ് ചെയ്യേണ്ടതെന്നുപോലും അറിയില്ലായിരുന്നു. എങ്കിലും അവൾ വളരുന്നതിനൊപ്പം ഉള്ളിലെ ശക്തമായ ആഗ്രഹവും വളർന്നു.

പിന്നീട് പല തരത്തിലുള്ള നേതൃത്വ പരിശീലന പരിപാടികളിലൊക്കെ പങ്കെടുത്ത അവർ ലേക്കോയിലെ പട്ടിണിപ്പാവങ്ങളായ കുട്ടികൾക്കുവേണ്ടി പലതരത്തിലുള്ള ക്യാമ്പുകളും പരിശീലന പരിപാടികളും സംഘടിപ്പിച്ചു. ഇടവക തലത്തിലുള്ള പെൺകുട്ടികളുടെ സംഘടയുടെ നേതൃ സ്ഥാനത്തെത്തിയ അഡെലെ പിന്നീട് തന്റെ  സംഘാടന –  പ്രവർത്തന മികവുകളൊക്കെക്കൊണ്ട് മിലാനിലെ രൂപതാ തല വിമെൻസ് യൂത്ത് കത്തോലിക് ആക്ഷൻ ഭാരവാഹിയാക്കപ്പെട്ടു. അവിടെ നിന്നാണ് തന്റെ ചെറുപ്പത്തിലുണ്ടായ ആഗ്രഹം പൂർത്തീകരിക്കുവാനായി ഇറങ്ങിത്തിരിക്കുന്നത്. അഗതികളെയും വേശ്യകളെയും പുനരധിവസിപ്പിക്കുന്നതിനും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളൊരുക്കുവാനുമാണ് അഡെലെ കൂടുതലായും ശ്രദ്ധിച്ചത്.

1957 -ൽ മിലാനിൽ നിയമ പരമായിട്ടല്ലായിരുന്നു ഇതൊന്നും നടന്നിരുന്നതെങ്കിലും നിയമം മൂലം വേശ്യാലയങ്ങൾ അടച്ചു പൂട്ടിയപ്പോൾ അഡെലെ തന്റെ എല്ലാവിധ കഴിവും ഉപയോഗിച്ചുകൊണ്ട് അവരെയൊക്കെ പുനരുദ്ധരിക്കുവാനും മോശപ്പെട്ട സാഹചര്യങ്ങളിലേക്ക് മടങ്ങിപ്പോകാതിരിക്കാനായി കഴിയും വിധം അവർക്ക് മാനസികമായ പിന്തുണയും ആശ്വാസവും നൽകുവാനും ശ്രമിച്ചു. പഴയ ഒരു വേശ്യാലയമായിരുന്നു ഇവർക്കായുള്ള ശരണാലയമായി മാറ്റപ്പെട്ടത്. പിന്നീട് ഈ സ്ഥാപനം മരിയ അസൂന്ത സെന്റർ ഫോർ ഫീമെയിൽ ഓറിയന്റഷൻ എന്ന് അറിയപ്പെട്ടു. പിന്നീട് ഇവർ ജയിലിൽ കഴിഞ്ഞവർക്കും മാനസികവും ശാരീരികവുമായി കഷ്ടതകൾ അനുഭവിക്കുന്നവർക്കുമായി തന്റെ ഭവനം തുറന്നിട്ടു.

“മനുഷ്യന്റെ മൂല്യത്തിൽ ഉറച്ച് വിശ്വസിക്കുന്നതിനു വിശ്വാസം മാത്രം മതി. ഒരു മനുഷ്യന്റെ ഭൂതകാലം കൊണ്ട് അയാളുടെ മൂല്യത്തെ വിലകുറച്ച് കാണുവാനോ ഇല്ലാതാക്കുവാനോ നമുക്ക് സാധ്യമല്ല”- ഇതായിരുന്നു തന്റെ പ്രവർത്തനങ്ങൾക്ക് അഡെലെ നൽകിയ ഒരേയൊരു നിർവചനം. ഈ ആശയത്തോട് ചേർന്നുനിൽക്കുന്ന ഒരുപാട് സന്നദ്ധ പ്രവർത്തകർ അവളോടൊപ്പം ചേരുകയും പ്രവർത്തിക്കുകയും ചെയ്തു.

കുടുംബത്തിലെ എല്ലാവരും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്യുമ്പോൾ ഇത്തരം സഹനങ്ങൾ ജീവിതത്തിൽ ഏറ്റുവാങ്ങേണ്ടി വരുന്നവർ സമൂഹത്തിൽ ഉണ്ടാകില്ലെന്ന് അവർ വിശ്വസിച്ചു. അതിനാൽ തന്നെ കുടുംബത്തിന്റെ വിശുദ്ധിയിലും ദൃഢതയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യവുമാണെന്നു അവരുടെ പ്രവർത്തനങ്ങളിലൂടെ അവർ സമൂഹത്തിനെ ഉദ്‌ബോധിപ്പിച്ചു.

കുടലിൽ കാൻസർ രോഗം ബാധിച്ചിരുന്നെങ്കിൽ  കൂടിയും അവർ തന്റെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരുന്നു. പിന്നീട് 1980 ഓഗസ്റ്റ് 11-ന് മരണമടഞ്ഞ അഡെലെയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.