കടലിന്റെ മക്കൾ നൽകിയ സ്നേഹം തിരിച്ചുനൽകി വെളിയനാട് യുവദീപ്തി 

    മരിയ ജോസ്

    ആർത്തലച്ചു വന്ന മഴയും പ്രളയവും അപ്പാടെ തകർത്ത ഒരു പ്രദേശമായിരുന്നു കുട്ടനാട്. പ്രളയം കടന്നുപോയിട്ട് വർഷം ഒന്നാകുന്നു. തകർച്ചയുടെ വക്കിൽ നിന്നും പ്രതീക്ഷയുടെ നെൽവിത്തുകൾ ഉയർന്നു പൊങ്ങി. അവയ്ക്കൊപ്പം ഒരു ജനത്തിന്റെ മൂല്യബോധം കൂടി നവീകരിക്കപ്പെടുകയായിരുന്നിരിക്കണം. അത് തെളിയിക്കുന്ന ഒരു സംഭവവുമായി ലൈഫ് ഡേയ്ക്കൊപ്പം ചേരുകയാണ് വെളിയനാട് സെന്റ് സേവ്യേയേഴ്സ് ഇടവക വികാരി ഫാ. റ്റിജോ പുത്തൻപറമ്പിൽ.

    മനഃസാക്ഷിയുടെ ഉള്ളിൽ നിന്നുയർന്ന നന്മ

    ഒന്നര മാസം മുൻപാണ് പുത്തൻവീട്ടിൽ റ്റിജോ അച്ചൻ വെളിയനാട് സെന്റ് സേവ്യേയേഴ്സ് ഇടവക വികാരിയായി ചാർജ്ജെടുക്കുന്നത്. ഒരു ചെറിയ ഇടവക. മുന്നൂറ്റിനാല് കുടുംബങ്ങളുള്ള സാധാരണക്കാരുടെ ഇടവക. വലിയവനെന്നോ ചെറിയവനെന്നോ ഇല്ലാതെ പ്രളയം അവശേഷിപ്പിച്ച ഭീകരതയുടെ അംശം ഇപ്പോഴും ഉള്ളിൽ കൊണ്ടുനടക്കുന്നവർ. ഇനിയും ആ നഷ്ടങ്ങളിൽ നിന്നും കരകയറിയിട്ടില്ലാത്തവർ. അവർക്കിടയിൽ കൂടെ ശാന്തമായ ശുശ്രൂഷാജീവിതം തുടരുമ്പോഴാണ് കാലാവസ്ഥയെ തകിടം മറിച്ചുകൊണ്ട് വായു കടന്നുവരുന്നത്.

    ഒരു പ്രളയസമയത്ത് കുട്ടനാടിന്റെ കാവൽക്കാരായി മാറിയ തീരദേശജനത്തെ കടൽക്ഷോഭവും കാറ്റും വല്ലാതെ വലച്ചു. അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ഉള്ളിലുണ്ടായിരുന്നുവെങ്കിലും ആ ആഗ്രഹം മനസ്സിലൊതുക്കി. കാരണം മറ്റൊന്നുമായിരുന്നില്ല. പ്രളയം അവശേഷിപ്പിച്ച ആഘാതത്തിൽ നിന്ന് കരകയറുവാൻ പെടാപ്പാട് പെടുന്ന കുറേ സാദാ കർഷക കുടുംബങ്ങളുടെ പച്ചയായ അനുഭവങ്ങളുടെ നടുവിലായിരുന്നു ആ വൈദികൻ. ഈ അവസ്ഥയിൽ എങ്ങനെയാണ് അവരുടെ അടുത്ത് സഹായം ആവശ്യപ്പെടുക. തന്നെയുമല്ല ഇനി താൻ ആവശ്യപ്പെട്ടാലും അവർ എങ്ങനെ പ്രതികരിക്കും എന്നും അറിയില്ല. അതിനാൽ ഒരു താൽക്കാലിക മൗനം തുടരുവാൻ ആ വൈദികൻ തീരുമാനിച്ചു.

    അത്ഭുതപ്പെടുത്തിയ ചോദ്യം

    പത്രമാധ്യമങ്ങളിലൂടെ തീരദേശജനത്തിന്റെ കഷ്ടതകൾ പുറത്തു വന്നുകൊണ്ടേ ഇരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഒരു സംഘം യുവജനങ്ങൾ അച്ചന്റെയടുത്ത് എത്തിയത്. സംഘത്തിലെ തലമൂത്ത കാർന്നോന്മാർ ആഗമോദ്ദേശ്യം അച്ചന്റെ മുന്നിലവതരിപ്പിച്ചു. “അച്ചാ, പ്രളയം വന്നപ്പോൾ നമ്മളെ സഹായിക്കാൻ ഉണ്ടായിരുന്നത് കടൽത്തീരത്തു നിന്നുള്ള ആളുകളായിരുന്നു. ഇപ്പോൾ അവർ കഷ്ടപ്പെടുകയാണ്. അവർക്ക് ഒരു സഹായം ചെയ്താൽകൊള്ളാം എന്നുണ്ട്. അച്ചൻ പള്ളിയിൽ ഒന്ന് വിളിച്ചുപറയാമോ..?” അക്ഷരാർത്ഥത്തിൽ ആ ചോദ്യം തന്നെ ഞെട്ടിച്ചുകളഞ്ഞു എന്ന് റ്റിജോ അച്ചൻ വെളിപ്പെടുത്തുന്നു.

    നിങ്ങൾ തയ്യാറാണെങ്കിൽ ഞാൻ പള്ളിയിൽ വിളിച്ചുപറയാം എന്ന അച്ചന്റെ   ഉറപ്പിന്മേൽ അവർ മടങ്ങി. അടുത്ത ഞായറാഴ്ച നല്ല സമരിയാക്കാരന്റെ ഉപമയായിരുന്നു വചനപ്രഘോഷണത്തിനായി നൽകപ്പെട്ടത്. ആ സമരിയക്കാരന്റെ ഉപമയോട് ചേർത്ത് യുവജനങ്ങളുടെ ഈ ആവശ്യവും അച്ചൻ ഇടവക ജനത്തിന്റെ മുന്നിൽവച്ചു. അന്ന് അവർ ഉച്ചകഴിഞ്ഞു നടത്തിയ പിരിവിൽ മുപ്പത്തിനാലായിരത്തോളം രൂപ പിരിഞ്ഞുകിട്ടി. അതിനോട് ഗായകസംഘം നൽകിയ ഏഴായിരം രൂപയും ചേർത്തു നാൽപ്പതിനായിരം രൂപ ആലപ്പുഴയിലെ ലാറ്റിൻ രൂപതയിലെ ഒറ്റമശ്ശേരി പള്ളിയിലെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകി.

    നന്മ പൂക്കും കളിക്കളം

    ദുരിതാശ്വാസ നിധിയിലേയ്ക്ക് സഹായം നൽകിയതുകൊണ്ടൊന്നും നന്മയുടെ വസന്തത്തിലേക്കുള്ള ഇവരുടെ പ്രയാണം അവസാനിക്കുന്നില്ല. അത് തുടരുകയാണ്. വേദനിക്കുന്ന അയൽക്കാർക്കൊപ്പം തങ്ങളുടെ ഇടവകയിലെ ആളുകളെയും സഹായിക്കുവാനായി ഒരു ക്രിക്കറ്റ് ടൂർണമെന്റിന് വേദിയാവുകയാണ് നാളെ ഈ ഇടവക. ലക്ഷ്യം ഒന്നുമാത്രം – പ്രളയത്തിൽ വീടില്ലാതായ ഒരു കുടുംബത്തിന് വീടുണ്ടാകണം. അത്ര തന്നെ. 800 രൂപ രജിസ്‌ട്രേഷൻ ഫീസ് നിശ്‌ചയിച്ചിരിക്കുന്ന ഈ മത്സരത്തിൽ പങ്കെടുക്കാൻ നിരവധി ടീമുകൾ എത്തിക്കഴിഞ്ഞു. മുൻപ് വികാരിയായിരുന്ന ജോഷിയച്ചൻ തുടങ്ങിവച്ച പണികൾ ഏതാണ്ട് അവസാനഘട്ടത്തിലേയ്ക്ക് അടുക്കുകയാണ്. ഈ ക്രിക്കറ്റ് ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന പണവും ആ ഭവന നിർമ്മാണപദ്ധതിയിലേയ്ക്കു തന്നെ. ആഗസ്റ്റ് നാലാം തീയതി നടക്കുന്ന യുവജന വാർഷികത്തിൽ കൈമാറും. ഒപ്പംതന്നെ യുവജനങ്ങളുടെ ആത്മീയമായ ജീവിതം കരുപിടിപ്പിക്കുന്നതിനുള്ള പ്രത്യേക ക്‌ളാസുകളും ആരാധനയും കുമ്പസാരവും റ്റിജോ അച്ചന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.

    ദൈവത്തെ മുറുകെപ്പിടിച്ചു കൊണ്ട് സത്യമായ ആത്മീയ അടിത്തറയിൽ വേരൂന്നി ഈ യുവജനങ്ങൾ നന്മ നിറഞ്ഞ ഒരു ഭാവിയിലേയ്ക്ക് നടത്തുന്ന തീർത്ഥയാത്രയിൽ ദൈവം എല്ലാവിധ അനുഗ്രഹവും ഇവർക്ക് ചൊരിയട്ടെ.

    മരിയ ജോസ്