ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണം: ലെയ്റ്റി കൗൺസിൽ

ക്രൈസ്തവ ന്യൂനപക്ഷ സമൂഹത്തിന്റെ സാമ്പത്തിക-സാമൂഹിക പിന്നോക്കാവസ്ഥയെക്കുറിച്ച് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും പദ്ധതികള്‍ ആവിഷ്‌കരിക്കാനും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് കെസിബിസി ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.

ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ നിലനില്‍ക്കുന്ന വിവേചനം ക്രൈസ്തവസമൂഹത്തെ വലിയ ജീവിതപ്രതിസന്ധിയിലേയ്ക്കാണ് തള്ളിവിട്ടിരിക്കുന്നത്. സര്‍ക്കാര്‍വക ന്യൂനപക്ഷക്ഷേമ പദ്ധതികള്‍ ന്യൂനപക്ഷത്തിലെ ഭൂരിപക്ഷം കവര്‍ന്നെടുക്കുകയും ഇതിന്റെ പേരില്‍ ക്രൈസ്തവര്‍ നിരന്തരം ആക്ഷേപങ്ങള്‍ക്കിരയായിത്തീരുകയും ചെയ്യുന്ന സ്ഥിതിവിശേഷം തുടരാന്‍ അനുവദിച്ചുകൂടാ. 2006 നവംബര്‍ 30-ന് സച്ചാര്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്ലിം സമുദായത്തിന്റെ സംരക്ഷണത്തിനായി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്രൈസ്തവരോട് നിഷേധനിലപാടാണ് സ്വീകരിച്ചത്. ക്രൈസ്തവസമൂഹത്തോടുള്ള കേന്ദ്ര അവഗണന ഇന്നും തുടരുകയാണ്. വി.സി. സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ ക്ഷേമപദ്ധതികളില്‍ നീതിപൂര്‍ണമായ ക്രൈസ്തവപങ്കാളിത്തം ഉറപ്പുവരുത്താന്‍ കേന്ദ്രം ശ്രമിക്കേണ്ടതുമാണെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.