കൂടുതല്‍ ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാനൊരുങ്ങി വത്തിക്കാന്‍

പാവപ്പെട്ടവരും തെരുവുനിവാസികളുമായ കൂടുതല്‍ ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ വത്തിക്കാന്‍ ഒരുങ്ങുന്നു. സെന്റ് പീറ്റേഴ്‌സ് സ്വകയറിനു സമീപമുള്ള മദര്‍ ഓഫ് മേഴ്‌സി ക്ലിനിക്കിന്റെ സഹായത്തോടെ പോള്‍ ആറാമന്‍ ഹാളില്‍ വച്ചാണ് വാക്‌സിന്‍ വിതരണം നടത്തുന്നത്.

ഫ്രാന്‍സിസ് പാപ്പായുടെ പ്രത്യേക താല്‍പര്യവും നിര്‍ദ്ദേശപ്രകാരവും നടത്തുന്ന ഈ സൗജന്യ വാക്‌സിനേഷന്‍ ക്യാമ്പില്‍ ഇന്ന്, മേയ് എട്ടാം തീയതി മാത്രം 300 ഓളം ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുമെന്നാണ് കരുതുന്നത്. 1400 പേര്‍ ഇതിനോടകം സൗജന്യ വാക്‌സിന്‍ സ്വീകരിക്കുകയും ചെയ്തു. വാക്‌സിന്‍ സ്വീകരിക്കാനെത്തിയവരെ പാപ്പാ നേരില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

ഇതിനു പുറമേ, ഇന്ത്യ, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നല്‍കിവരുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്യുമെന്നും വത്തിക്കാന്‍ അറിയിച്ചു. കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തില്‍ തന്റെ ആത്മീയസാന്നിധ്യം പാപ്പാ ഉറപ്പു നല്‍കിയിരുന്നു. മഹാമാരിയോടൊപ്പം ആഭ്യന്തരകലാപവും സിറിയയെ വേട്ടയാടുന്നതിനാലാണ് ആ രാജ്യത്തിനും വത്തിക്കാന്‍ പ്രത്യേക പരിഗണന നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.