ബോംബാക്രമണത്തിന് പദ്ധതിയിട്ട അഭയാർത്ഥി കസ്റ്റഡിയിൽ; വത്തിക്കാനിൽ വൻ സുരക്ഷ

വത്തിക്കാനിലും ഇറ്റാലിയൻ ദൈവാലയങ്ങളിലും ബോംബാക്രമണത്തിന് പദ്ധതിയിട്ട സൊമാലിയൻ അഭയാർത്ഥിയെ കസ്റ്റഡിയിലെടുത്തു. ഇറ്റാലിയൻ പോലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 20കാരനായ മെഹ്‌സിൻ ഇബ്രാഹിം ഉമർ ദക്ഷിണ ഇറ്റാലിയൻ നഗരമായ ബാരിയിൽ വച്ച് കഴിഞ്ഞ വ്യാഴാഴ്ചയാണ് പോലീസ് പിടിയിലായത്.

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയാണ് മെഹ്‌സിൻ ഇബ്രാഹിം ഉമർ ലക്ഷ്യംവെച്ചിരുന്നതെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിൽ ക്രിസ്മസിനോടനുബന്ധിച്ച് വലിയ സുരക്ഷയാണ് ഇറ്റാലിയൻ സർക്കാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിരിക്കുന്നത്. പിടിയിലായ തീവ്രവാദി, ഇസ്ലാമിക ബന്ധങ്ങൾ ഉള്ളവരുമായി ആക്രമണം നടത്തുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. ലോകമെങ്ങും ക്രിസ്മസിനെ വരവേൽക്കുന്ന ഈ നാളുകളിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയടക്കമുള്ള മറ്റ് കത്തോലിക്കാ ദൈവാലയങ്ങളിൽ തുടർച്ചയായ അക്രമങ്ങൾ നടത്താനും സംഘം പദ്ധതിയിട്ടിരുന്നു.

ഇതിനിടെ പാപ്പയും വിശ്വാസികളും സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ ഒരുമിച്ചുകൂടുന്ന സമയത്ത് ആക്രമണം നടത്തുന്നതിനെപ്പറ്റി മെഹ്‌സിൻ ഇബ്രാഹിം ഉമർ നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നു. അതിൽ ഡിസംബർ 11ന് ഫ്രാൻസിൽ നടന്ന തീവ്രവാദി ആക്രമണത്തിനെയും മെഹ്‌സിൻ അഭിനന്ദിക്കുന്നുണ്ട്. കൂടാതെ ഇബ്രാഹിം ഉമർ ഇന്റർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത വത്തിക്കാന്റെ ചിത്രങ്ങളും പോലീസ് ഫോണിൽ നിന്നും കണ്ടെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.