പേപ്പല്‍ വാര്‍ത്തകള്‍ ലാറ്റിനില്‍ അവതരിപ്പിക്കാന്‍ വത്തിക്കാന്റെ പുതിയ റേഡിയോ പ്രോഗ്രാം

ലാറ്റിനിലെ പോപ്പിന്റെ ട്വീറ്റുകളുടെ ജനപ്രീതി കണക്കിലെടുത്ത് വത്തിക്കാന്‍ റേഡിയോ ലാറ്റിനും പ്രേക്ഷേപണത്തില്‍ ഉള്‍പ്പെടുത്തുന്നു. ‘ഹെബ്‌ഡൊമാഡ പപ്പേ, നോട്ടിറ്റിയ വത്തിക്കാനെ ലാറ്റിന്‍ റെഡ്ഡിറ്റേ’ എന്ന് പേരിട്ടിരിക്കുന്ന ഷോ രണ്ട് പത്രപ്രവര്‍ത്തകരാണ് സംവിധാനം ചെയ്യുന്നത്.

‘വത്തിക്കാന്‍ റേഡിയോ എന്ന ആശയം ഞങ്ങളുടെ എഡിറ്റോറിയല്‍ ഡയറക്ടര്‍ ആന്‍ഡ്രിയ ടോര്‍നെല്ലിയുടെ ചിന്തയില്‍ നിന്നാണ് ജനിച്ചത്. പോപ്പിനെയും വത്തിക്കാനെയും കുറിച്ച് ലത്തീനില്‍ ഒരു വാര്‍ത്താക്കുറിപ്പ് നിര്‍മ്മിക്കുന്നതിനെക്കുറിച്ച് ഞാന്‍ വളരെക്കാലമായി ചിന്തിച്ചിരുന്നു. എന്നാല്‍ ഈ പ്രോഗ്രാമിന്റെ ഡയറക്ടര്‍മാര്‍ പ്രൊഫഷണല്‍ തലത്തില്‍ ലാറ്റിന്‍ പഠിക്കാത്തവരാണ് എന്നതായിരുന്നു പ്രധാന തടസ്സം. വാക്യങ്ങളുടെ നിര്‍മ്മാണം വ്യത്യസ്തമായതിനാല്‍ ഉച്ചരിക്കാന്‍ എളുപ്പമല്ലാത്ത ഒരു ഭാഷയാണ് ലാറ്റിന്‍’ പ്രോഗ്രാം ഡയറക്ടര്‍മാരില്‍ ഒരാളായ അലസ്സാന്‍ഡ്രോ ഡി കരോലിസ് പറയുന്നു.

പുതിയ വാര്‍ത്താ പരിപാടി അഞ്ച് മിനിറ്റ് നീണ്ടുനില്‍ക്കുകയും ഇറ്റാലിയന്‍ സമയം ശനിയാഴ്ച ഉച്ചയ്ക്ക് പ്രക്ഷേപണം ചെയ്യുകയും ചെയ്യുന്നു. തൊട്ടുപിന്നാലെ, ‘അനിമ ലാറ്റിന’ എന്ന 25 മിനിറ്റ് പ്രോഗ്രാം ആരംഭിക്കുന്നു. ലാറ്റിനില്‍ നിലവിലില്ലാത്ത ആധുനിക പദങ്ങളിലേക്ക് ഒരു വിവര്‍ത്തനം അവിടെ അവര്‍ നിര്‍ദ്ദേശിക്കുന്നു. വത്തിക്കാന്‍ റേഡിയോ ഇറ്റലി വൈസ് കോര്‍ഡിനേറ്റര്‍ ഫാബിയോ കൊളഗ്രാന്‍ഡാണ് ഇത് സംവിധാനം ചെയ്യുന്നത്.

ലാറ്റിന്‍ പഠിക്കുന്നവര്‍ക്ക് ലിസണിംഗ് സ്‌കില്‍ മെച്ചപ്പെടുത്താനും ഈ പ്രോഗ്രാം സഹായിക്കുമെന്ന് കരുതപ്പെടുന്നു. ലാറ്റിനുമായി ബന്ധപ്പെട്ട സംസ്‌കാരങ്ങള്‍ക്ക് ഇത് ഉണര്‍വ് നല്‍കുമെന്നും പ്രതീക്ഷിക്കുന്നു.