സിനഡ് സമ്മേളനത്തിന്റെ പ്രധാനപദങ്ങൾ കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നിവയാണെന്ന് പാപ്പാ

ചരിത്രത്തിൽ ദൈവം നടത്തുന്ന പ്രവർത്തനങ്ങളുമായി കൂടുതൽ മെച്ചപ്പെട്ട രീതിയിൽ സഹകരിക്കുന്നതിനുള്ള കാര്യക്ഷമമായ ആദ്ധ്യാത്മിക വിവേചന പ്രക്രിയയാകണം സിനഡ് സമ്മേളനമെന്ന് ഫ്രാൻസിസ് പാപ്പാ. കൂട്ടായ്മ, പങ്കാളിത്തം, ദൗത്യം എന്നിവയാണ് ഈ സിനഡ് സമ്മേളനത്തിന്റെ പ്രധാന പദങ്ങളെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മെത്രാന്മാരുടെ സിനഡ് സമ്മേളനത്തിന്റെ ത്രിഘട്ട പ്രയാണത്തിന് വത്തിക്കാനിൽ ശനിയാഴ്‌ച (09/10/21) രാവിലെ തുടക്കം കുറിച്ച വിചിന്തനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനഡ് സമ്മേളനം, പ്രേഷിതപ്രധാനവും ക്രൈസ്തവൈക്യ സംബന്ധിയുമായ അജപാലനാത്മക പരിവർത്തനത്തിനുള്ള വലിയ അവസരം പ്രദാനം ചെയ്യുവെന്നും എന്നാൽ ചില അപകടങ്ങൾ അതിൽ പതിയിരിപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഔപചാരികത (FORMALISM), ധിക്ഷണപരത (INTELLECTUALISM), അചഞ്ചലത്വം (IMMOBILITY) എന്നിവയാണ് മറഞ്ഞിരിക്കുന്ന വിപത്തുകളായി പാപ്പാ ചൂണ്ടിക്കാട്ടിയത്.

സഭയുടെ ആന്തരികതയിലേക്കു കടക്കാതെ പുറംമോടി കണ്ട് ആസ്വദിക്കുന്നതിൽ ഒതുങ്ങുന്ന ഒരു അസാധാരണസംഭവമായി സിനഡിനെ തരംതാഴ്ത്തുന്നതാണ് ഔപചാരികതയെന്ന അപകടമെന്ന് പാപ്പാ വിശദീകരിച്ചു. വാസ്തവത്തിൽ സിനഡ്, നമ്മുടെ തന്നെ ഒരു മനോഹരചിത്രം വരച്ചുകാട്ടുന്നതിനു പകരം ചരിത്രത്തിൽ ദൈവം നടത്തുന്ന പ്രവർത്തനങ്ങളുമായി ഉപരിമെച്ചപ്പെട്ട രീതിയിൽ സഹകരിക്കുന്നതിനുള്ള കാര്യക്ഷമമായ ആദ്ധ്യാത്മിക ഗുണദോഷ വിവേചനപ്രക്രിയയാകണമെന്ന് പാപ്പാ വ്യക്തമാക്കി. അതുപോലെ തന്നെ, സിനഡ് ഒരുതരം സംഘാതപഠനമായി പരിണമിക്കുന്ന അപകടമുണ്ടെന്നും അതാണ് ധിക്ഷണപരത എന്നതു കൊണ്ട് ഇവിടെ വിവക്ഷിക്കുന്നതെന്നുംഅദ്ദേഹംപറഞ്ഞു.

സഭയുടെ പ്രശ്നങ്ങളെയും ലോകത്തിലുള്ള തിന്മകളെയു സംബന്ധിച്ച് ബുദ്ധിപരമായി എന്നാൽ, അപ്രായോഗികമായി ഉപരിപ്ലവമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന ഒരു അവസ്ഥയാണ് ഇവിടെ ഉണ്ടാകുന്നതെന്ന് പാപ്പാ വിശദീകരിച്ചു. മാറ്റത്തിനു തയ്യാറാകാതെ കീഴ്വഴക്കത്തിന് ഊന്നല്‍ നല്‍കി കടുംപിടുത്തം പിടിക്കുന്ന പ്രവണതയെയാണ് പാപ്പാ മൂന്നാമത്തെ വിപത്തായ അചഞ്ചലത്വം കൊണ്ട് ഉദ്ദേശിച്ചത്. ഈ രീതിയിൽ ചരിക്കുന്നവൻ, നാം ജീവിക്കുന്ന കാലത്തെ ഗൗരവപൂർവ്വം കണക്കിലെടുക്കാതിരിക്കുന്ന തെറ്റിൽ അറിയാതെയാണെങ്കിലും നിപതിക്കുമെന്നും അങ്ങനെ ഇവിടെ പുതിയ പ്രശ്നങ്ങൾക്ക് പഴയ പരിഹാരങ്ങൾ സ്വീകരിക്കുന്ന അപകടമുണ്ടെന്നും പാപ്പാ മുന്നറിയിപ്പു നല്‍കി.

കൊകോർത്തു നീങ്ങാനും പരസ്പരം ശ്രവിക്കാനും കാലോചിതമായ കാര്യങ്ങൾ വിവേചിച്ചറിയുന്നതിന് തുടക്കമിടാനും അങ്ങനെ നരകുലത്തിന്റെ കഷ്ടപ്പാടുകളോടും അഭിവാഞ്ഛകളോടും ഐക്യദാർഢ്യമുള്ളവരാകാനും പരിശുദ്ധാരൂപി സിനഡിൽ പങ്കുചേരുന്ന സകലരെയും നയിക്കുമെന്ന തന്റെ വിശ്വാസം പാപ്പാ പ്രകടിപ്പിച്ചു. എല്ലാവരും ഒന്നായിരിക്കണമെന്ന കർത്താവിന്റെ അഭിലാഷം നിശ്ചയദാർഢ്യത്തോടു കൂടി പൂർത്തിയാക്കാനും ആ ഐക്യം സംരക്ഷിക്കാനും എല്ലാവർക്കും വിശിഷ്യ സഭയിൽ നേതൃത്വസ്ഥാനം വഹിക്കുന്ന മെത്രാന്മാർക്കുള്ള കടമ പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.