ക്രിസ്തുമസ് ദിനത്തിൽ നാല് വിശുദ്ധ കുർബാന അർപ്പിക്കുവാൻ വൈദികർക്ക് അനുവാദം നൽകി വത്തിക്കാൻ

ക്രിസ്മസ് ദിനത്തിൽ പുരോഹിതന്മാർക്ക് നാല് കുർബാന വരെ അർപ്പിക്കുവാൻ അനുവാദം നൽകി വത്തിക്കാൻ. ക്രിസ്തുമസ് ദിനത്തിൽ കൂടാതെ ജനുവരി ഒന്നാം തീയതി ആചരിക്കുന്ന ദൈവമാതാവിന്റെ തിരുനാൾ ദിനം, ദനഹാ തിരുനാൾ തുടങ്ങിയ ദിവസങ്ങളിലും നാല് കുർബാനകൾ വരെ വൈദികർക്ക് അർപ്പിക്കാം. കോവിഡ് പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ കൂടുതൽ ആളുകളെ വിശുദ്ധ കുർബാനയിൽ പങ്കെടുപ്പിക്കുന്നതിനായിട്ടാണ് ഇത്.

ഇതു സംബന്ധിച്ച പ്രഖ്യാപനത്തിൽ കർദ്ദിനാൾ റോബർട്ട് സാറ പതിനാറാം തീയതി ഒപ്പുവച്ചു. ലോകമെമ്പാടും കോവിഡ് പകർച്ചവ്യാധിയാൽ വലയുന്ന സമയത്ത് കൂടുതൽ ആളുകളെ വിശുദ്ധ കുർബാനയിൽ പങ്കെടുപ്പിക്കുവാൻ വേണ്ടിയാണ് ഈ തീരുമാനം. സാധാരണ ഗതിയിൽ കാനോൻ നിയമം അനുസരിച്ച് വൈദികർക്ക് ദിവസത്തിൽ ഒരു തവണ മാത്രമേ വിശുദ്ധ കുർബാന അർപ്പിക്കുവാൻ അനുവാദം ഉള്ളു. സാഹചര്യം അനുസരിച്ച് വൈദികരുടെ കുറവ് ഉണ്ടെങ്കിൽ ബിഷപ്പിന്റെ അനുമതിയോടെ രണ്ടു കുർബാനയും ഞായറാഴ്ചകളിലും മറ്റു തിരുനാൾ ദിവസങ്ങളിലും മൂന്നു കുർബാനയും അർപ്പിക്കുവാൻ നിയമം അനുവദിക്കുന്നു.

എന്നാൽ കോവിഡ് പകർച്ചവ്യാധി ഭീഷണി ഉയർത്തുമ്പോൾ കൂടുതൽ ആളുകൾ ദൈവാലയത്തിൽ ഒന്നിച്ചു കൂടുന്നത് ഒഴിവാക്കുവാനും കഴിയുന്നിടത്തോളം ആളുകൾക്ക് വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിന് അവസരം ഒരുക്കുന്നതിനും വേണ്ടിയാണ് ഈ പ്രത്യേക ഡിക്രീ തയ്യാറാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.