കരുതലിന്റേയും ഐക്യത്തിന്റേയും സംസ്‌കാരത്തിലേയ്ക്ക് ക്രൈസ്തവരേയും ബുദ്ധമതസ്ഥരേയും ക്ഷണിച്ച് വത്തിക്കാന്‍

മേയ് 26-നു നടക്കുന്ന ബുദ്ധമത ആഘോഷം, വേശാഖിന് അയച്ച സന്ദേശത്തിലാണ് ബുദ്ധമതസ്ഥരും ക്രൈസ്തവരും സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും സംസ്‌കൃതി കെട്ടിപ്പടുക്കുന്നതില്‍ കൈകോര്‍ക്കണമെന്ന് മതാന്തര സംവാദാത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി ആവശ്യപ്പെട്ടത്.

പതിവുപോലെ ഇക്കൊല്ലവും ബുദ്ധന്റെ ജനനം, ബോധോദയം, മരണം എന്നിവയുടെ സംയുക്ത ഓര്‍മ്മയാചരണമായി കൊണ്ടാടപ്പെടുന്ന ബുദ്ധപൂര്‍ണ്ണിമ അഥവാ വേശാഖ് ആചരണത്തോടനുബന്ധിച്ച് ഈ സമിതി ബുദ്ധമതാനുയായികളായ സഹോദരങ്ങള്‍ക്കായി ആശംസാ സന്ദേശം നല്‍കുകയായിരുന്നു. ക്രൈസ്തവ-ബൗദ്ധപാരമ്പര്യങ്ങള്‍ ആദ്ധ്യാത്മികാന്വേഷണത്തില്‍ സഹാനുഭൂതി, സാഹോദര്യം എന്നിവയ്ക്ക് കല്‍പിക്കുന്ന മൂല്യത്തെക്കുറിച്ച് ഈ സന്ദേശം എടുത്തുപറയുന്നു.

ബനാറിസ് പട്ടുവസ്ത്രം മാറ്റി സാധാരണ സന്യാസവേഷമണിഞ്ഞ ബുദ്ധനും വിലകൂടിയ വസ്ത്രങ്ങള്‍ ഉപേക്ഷിച്ച് സന്യാസ വസ്ത്രം സ്വീകരിച്ച വി. ഫ്രാന്‍സിസ് അസീസ്സിയും തമ്മിലുള്ള സാമ്യത്തെക്കുറിച്ചു പരമാര്‍ശിച്ചുകൊണ്ട് ഈ സന്ദേശം അവരുടെ മാതൃക, വിരക്തിയുടെ ഒരു ജീവിതം നയിക്കാന്‍ നമുക്കു പ്രചോദനമാണെന്ന് ഉദ്‌ബോധിപ്പിക്കുന്നത്.

കോവിഡ്-19 മഹാമാരിയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും അവരെ പരിചരിക്കുന്നവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനും മതാന്തര സംവാദാത്തിനായുള്ള പൊന്തിഫിക്കല്‍ സമിതി ഈ സന്ദേശത്തില്‍ ക്ഷണിക്കുന്നു. കോവിഡ്-19 സൃഷ്ടിച്ച നാടകീയാവസ്ഥ ബുദ്ധമതസ്ഥരും ക്രൈസ്തവരും തമ്മിലുള്ള സൗഹൃദത്തെ ഊട്ടിയുറപ്പിക്കാന്‍ പ്രേരകമായതായും പരസ്പരം കരുതലും ഐക്യവും പുലര്‍ത്തുന്ന സംസ്‌കാരം സൃഷ്ടിച്ചെടുക്കാന്‍ മുഴുവന്‍ മാനവകുടുംബത്തിനും അവസരമായതായും കൗണ്‍സില്‍ സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.