വത്തിക്കാന്‍ മ്യൂസിയം ഓണ്‍ലൈനില്‍ സന്ദര്‍ശിക്കാന്‍ അവസരം

കൊറോണക്കാലത്ത് വത്തിക്കാന്‍ മ്യൂസിയം സന്ദര്‍ശനത്തിന് ഒരു ഡിജിറ്റല്‍ സാധ്യതയെന്ന് മ്യൂസിയം ഡയറക്ടര്‍, ബാര്‍ബര യത്തെ പ്രസ്താവനയിലൂടെ അറിയിച്ചു. കോവിഡ്-19 പകര്‍ച്ചവ്യാധി മൂലം വത്തിക്കാന്‍ മ്യൂസിയം അടച്ചിരിക്കുകയാണെങ്കിലും ഡിജിറ്റല്‍ മാധ്യമസൗകര്യത്തിന്റെ ഭാവനാലോകത്ത് ആര്‍ക്കും വത്തിക്കാന്റെ വിഖ്യാതമായ മ്യൂസിയം സൗജന്യമായി സന്ദര്‍ശിക്കാനാവുമെന്ന് ഡയറക്ടര്‍ ബാര്‍ബര യത്ത് അറിയിച്ചു.

മാര്‍ച്ച് 31-ാം തീയതി ഇറക്കിയ പ്രസ്താവനയിലൂടെയാണ് വത്തിക്കാന്‍ മ്യൂസിയത്തിലേയ്ക്ക് (virtual tour) ഡിജിറ്റല്‍ സൗകര്യങ്ങളിലൂടെ സാങ്കല്പിക സന്ദര്‍ശനം നടത്തുവാനുള്ള സൗകര്യത്തെക്കുറിച്ച് വത്തിക്കാന്റെ മ്യൂസിയം ഡറക്ടര്‍ അനുസ്മരിപ്പിച്ചത്. www.museivaticani.va എന്നതാണ് ഈ സന്ദര്‍ശനത്തിനുള്ള സൈറ്റ്.

മൈക്കലാഞ്ചലോയുടെ മഹത്സൃഷ്ടികളുള്ള സിസ്‌റ്റൈന്‍ കപ്പേളയും, നവോത്ഥന കാലത്തെ വിസ്മയമായ റാഫേലിന്റെ നിറക്കൂട്ടുകളുടെ ഹാളും, ക്ലെമന്റൈന്‍ മ്യൂസിയവും, നിക്കൊളീനയുടെ കപ്പേള മുതല്‍ വി. പത്രോസിന്റെ ബസിലിക്ക വരെ എത്തുന്ന അവാസ്ഥവികമെങ്കിലും വിശ്വോത്തര കലാശില്പങ്ങളുടെയും സൗന്ദര്യത്തിന്റെയും വിശ്വാസത്തിന്റെയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെ ഒരു ‘ഓണ്‍ലൈന്‍ സന്ദര്‍ശനം’ ആരുടെയും വിരല്‍തുമ്പത്ത് സൗജന്യമായി ലഭ്യമാണെന്ന് ബാര്‍ബര യത്ത് വ്യക്തമാക്കി.