പച്ചപ്പണിയാന്‍ തയാറെടുത്ത് വത്തിക്കാന്‍

ഫ്രാന്‍സിസ് മാര്‍പാപ്പ നിരന്തരം ലോകത്തെ ഓര്‍മിപ്പിക്കുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പ്രകൃതി സംരക്ഷണവും വരും തലമുറയ്ക്കുവേണ്ടിയുള്ള അവയുടെ കരുതലും. പ്രസംഗത്തോടൊപ്പം പ്രവര്‍ത്തി എന്ന തന്റെ എപ്പോഴത്തെയും പോളിസിയെ മാനിച്ച് ഇപ്പോഴിതാ വത്തിക്കാന്‍ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാവാനും പച്ചപ്പണിയാനും തയാറെടുക്കുന്നു. ഇതനുസരിച്ച് എല്ലാവിധ രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം 96 ശതമാനം കുറയ്ക്കും. വത്തിക്കാന്‍ ഗാര്‍ഡന്‍ ആന്റ് എന്‍വയണ്‍മെന്റ് സര്‍വീസ് തലവന്‍ റാഫേല്‍ ടോര്‍മിനിയാണ് ഇക്കാര്യം അറിയിച്ചത്.

2017 മുതല്‍ വത്തിക്കാന്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. എന്നാല്‍ അത് പൂര്‍ണ്ണപ്രാപ്തിയിലെത്തിയിരുന്നില്ല. 37 ഏക്കറുള്ള വത്തിക്കാന്‍ ഗാര്‍ഡനിലാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ഓര്‍ഗാനിക് പ്രോഡക്ടുകളാണ് കീടങ്ങളെ ഒഴിവാക്കാനായി ഇനിമുതല്‍ ഉപയോഗിക്കുന്നത്. ജലസേചന വിതരണത്തിലും പുതിയ പരിഷ്‌ക്കാരങ്ങള്‍ വരുത്താന്‍ പദ്ധതിയുണ്ട്. അതനുസരിച്ച് 60 ശതമാനം ജല ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.