മനഃപൂര്‍വം നടത്തുന്ന ഗര്‍ഭഛിദ്രം ധാര്‍മ്മികതിന്മയെന്ന് ആവര്‍ത്തിച്ച് വത്തിക്കാന്‍ വിദേശകാര്യമന്ത്രി

ഭ്രൂണഹത്യയെ മനുഷ്യാവകാശമാക്കി നിര്‍വചിക്കുന്നതിനെ എതിര്‍ത്ത് വത്തിക്കാന്‍ വിദേശകാര്യമന്ത്രി ആര്‍ച്ചുബിഷപ്പ് പോള്‍ ഗല്ലാഘര്‍. യൂറോപ്യന്‍ യൂണിയന്‍ പ്ലീനറി സമ്മേളനത്തില്‍ ഭ്രൂണഹത്യയെ മനുഷ്യാവകാശമാക്കി നിര്‍വചിക്കുന്ന പ്രമേയം പാസ്സാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിനെ തള്ളിക്കളയുന്നതായും വത്തിക്കാന്‍ വിദേശകാര്യമന്ത്രി ആര്‍ച്ചുബിഷപ്പ് പോള്‍ ഗല്ലാഘര്‍ അറിയിച്ചു.

പോര്‍ച്ചുഗലിലേക്ക് നടത്തിയ യാത്രാമദ്ധ്യേ റേഡിയോ റെനാസെന്‍ഗക്കു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യത്തിലുള്ള വത്തിക്കാന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. “മനുഷ്യജീവന്‍ ഗര്‍ഭധാരണത്തിന്റെ നിമിഷം മുതല്‍ ആദരിക്കപ്പെടുകയും നിരുപാധികമായി സംരക്ഷിക്കപ്പെടുകയും വേണം. അസ്തിത്വത്തിന്റെ ആദ്യനിമിഷം മുതല്‍ മനുഷ്യജീവി ഒരു വ്യക്തിയുടെ അവകാശങ്ങള്‍ ഉള്ളവനായി അംഗീകരിക്കപ്പെടണം. നിരപരാധിയായ ഒരുവന് ജീവിക്കാനുള്ള അലംഘനീയമായ അവകാശം അവയില്‍പ്പെട്ടതാണ്. മനഃപൂര്‍വം നടത്തുന്ന ഗര്‍ഭഛിദ്രം ധാര്‍മ്മികതിന്മയാണെന്ന് സഭ ആദ്യനൂറ്റാണ്ടു മുതല്‍ ഉറപ്പിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഈ പ്രബോധനത്തിനു മാറ്റം വന്നിട്ടില്ല; മാറ്റമില്ലാത്തതായി നിലനില്‍ക്കുകയും ചെയ്യുന്നു. പ്രത്യക്ഷമായ ഗര്‍ഭഛിദ്രം, അതായത് ലക്ഷ്യമായോ മാര്‍ഗ്ഗമായോ തീരുമാനിക്കപ്പെടുന്ന ഗര്‍ഭഛിദ്രം, ഗൗരവപൂര്‍ണ്ണമാംവിധം ധാര്‍മ്മികനിയമത്തിനെതിരാണ്” – ആര്‍ച്ചുബിഷപ്പ് പോള്‍ ഗല്ലാഘര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.