നവംബർ മാസത്തിലെ പൂർണ ദണ്ഡവിമോചന ആനുകൂല്യങ്ങൾക്ക് താൽക്കാലിക ക്രമീകരണം 

ലോകം മുഴുവനുമുള്ള കൊറോണ സാഹചര്യം പ്രമാണിച്ച് ഫ്രാൻസിസ് മാർപാപ്പ സഭയിൽ മരിച്ചു പോയവരെ ഓർത്ത് പ്രാർത്ഥിക്കുന്ന നവംബർ മാസത്തിലെ പൂർണ ദണ്ഡവിമോചന ആനുകൂല്യങ്ങൾക്ക് പുതിയ താത്കാലിക ക്രമീകരണങ്ങൾ പുറപ്പെടുവിച്ചു. പാശ്ചാത്യ സഭയിൽ മരിച്ച വിശ്വാസികളെ ഓർത്ത് പ്രാർത്ഥിക്കുന്നതിനും, അത് വഴി പ്രാർത്ഥിക്കുന്നവർക്ക് പൂർണദണ്ഡവിമോചനം എന്ന ആനുകൂല്യം സ്വീകരിക്കാനും നവംബർ മാസത്തിൽ സഭ അവസരം നൽകുന്നുണ്ട്. എന്നാൽ ഈ കൊറോണ സാഹചര്യം മൂലം, വിശ്വാസികൾക്ക് ദേവാലയങ്ങളിലും സിമിത്തേരികളിലും കൂട്ടം കൂടാനും, ഒരുമിച്ച് പോയി പ്രാർത്ഥിക്കാനും സാധിക്കാത്ത സാഹചര്യത്തിൽ റോമിലെ അപ്പസ്തോലിക പെനിറ്റൻഷ്യറി വഴി നവംബർ മാസത്തിലെ ആദ്യ എട്ട് ദിവസങ്ങളിൽ തന്നെ പള്ളിയിൽ പോയി പ്രാർത്ഥിക്കണം എന്നുള്ളതിനാണ് പുതിയ ക്രമീകരണം പറഞ്ഞിരിക്കുന്നത്.

വിശ്വാസികളുടെ ആരോഗ്യത്തെയും, കൊറോണ സഹചരങ്ങളെയും മാനിച്ച് നവംബർ മാസം മുഴുവൻ ഇതിനുള്ള അവസരം സഭ ഈ വർഷം നൽകുന്നുണ്ട്. വിശ്വാസികൾക്ക് ഇഷ്ടാനുസരണം നവംബർ മാസത്തിൽ ഏതു ദിവസവും ഇതിനായി തിരഞ്ഞെടുക്കാം എന്നാണ് ഡിക്രീയിൽ പറയുന്നത്. കൂടാതെ വിശ്വാസികൾക്ക്‌ സകല മരിച്ചവരുടെയും ഓർമ്മ ദിവസമായ നവംബർ രണ്ടിലെ പൂർണദണ്ഡവിമോചനം പ്രാപിക്കാനുള്ള അവസരം നവംബർ രണ്ടിന് മുമ്പുള്ളതോ കഴിഞ്ഞ് വരുന്നതോ ആയ ഞായറാഴ്ചകളോ, അല്ലെങ്കിൽ നവംബർ ഒന്നിലെ സകല പുണ്യവാൻമാരുടെയും തിരുനാൾ ദിനത്തിലും നേടാൻ സഭ ഈ സാഹചര്യത്തിൽ അവസരം നൽകുന്നുണ്ട്. അതിന് പള്ളിയോ, തിരുകർമങ്ങൾക്ക്‌ അവസരം ഉള്ള മറ്റെവിടെയെങ്കിലുമോ പോയി ഒരു സ്വർഗ്ഗസ്ഥനായ എന്ന പ്രാർത്ഥനയും, ഒരു വിശ്വാസപ്രമാണവും ചൊല്ലി കാഴ്ചവയ്ക്കണം.

വയസായവർക്കും രോഗാവസ്ഥ ഉള്ളവർക്കും മറ്റ്‌ പ്രധാന കാരണങ്ങൾ ഉള്ളവർക്കും ഈ സാഹചര്യത്തിൽ പള്ളിയിൽ പോയി കുമ്പസാരിച്ച്, വി. കുർബാന സ്വീകരിച്ച്, മാർപാപ്പയുടെ നിയോഗത്തിനു വേണ്ടി  പ്രാർത്ഥിക്കാന്‍ സാധിക്കാത്തത് കൊണ്ട് നമ്മുടെ ഭവനത്തിൽ തന്നെ കർത്താവിന്റെയോ, പരിശുദ്ധ അമ്മയുടെയോ ചിത്രത്തിന് മുമ്പിൽ മരിച്ചുപോയ വിശ്വാസികൾക്ക് വേണ്ടിയുള്ള നമസ്കാരമോ, ജപമാലയോ, കരുണകൊന്തയോ ചൊല്ലി പ്രാർത്ഥിച്ചാൽ മതിയാകും എന്ന് പറഞ്ഞിട്ടുണ്ട്.  കൂടാതെ സുവിശേഷ ഭാഗം വായിച്ച് ധ്യാനിക്കാനും, കഴിയാവുന്ന കാരുണ്യ പ്രവൃത്തികൾ ചെയ്യാനും പറയുന്നു. വൈദികരോട് കഴിയാവുന്ന സാഹചര്യത്തിൽ കൂടുതൽ കുമ്പസാരം കേൾക്കാനും, രോഗീലേപണം നൽകാനും സംലഭ്യരാകണം എന്നും, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടി സകല മരിച്ചവരുടെ ഓർമദിനത്തിൽ ബെനഡിക്റ്റ് പതിനഞ്ചാമൻ  മാർപാപ്പയുടെ ‘ഇൻക്രുമെന്തും അൾത്താരിസ്’ എന്ന തിരുവെഴുത്തിൽ പറയുന്ന പോലെ മൂന്ന് നേരവും വിശുദ്ധ കുർബാന അർപ്പിക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്. ഈ ഡിക്രിയിൽ ഫ്രാൻസിസ് മാർപാപ്പക്ക് വേണ്ടി റോമിലെ അപ്പസ്തോലിക പെനിറ്റെൻഷ്യറിയിലെ ചാർജ്ജുള്ള കർദിനാൾ മൗറോ പിയ്ചെൻസയാണ് ഒപ്പുവച്ചിരിക്കുന്നത്.

ഫാ. ജിയോ തരകൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.