യൂറോപ്പിന് പുറത്ത് ആദ്യ വിദേശ പര്യടനത്തിനൊരുങ്ങി വത്തിക്കാൻ ക്രിക്കറ്റ് ടീം

ബുവനോസ് ആരിസ് കേന്ദ്രമായുള്ള ക്രിക്കറ്റ് സിൻ ഫ്രണ്ടിറാസ് എന്ന സ്പോട്സ് ക്ലബ്ബിന്റെ ക്ഷണ പ്രകാരം, യൂറോപ്പിന് പുറത്തേയ്ക്കുള്ള ആദ്യ വിദേശ പര്യടനത്തിന് തയാറായിരിക്കുകയാണ് വത്തിക്കാൻ ക്രിക്കറ്റ് ടീം. ഡിസംബർ 27 നാണ് ടീം അർജന്റീനയിലേക്ക് യാത്ര തിരിക്കുക. ജനുവരി മൂന്നു വരെയാണ് പര്യടനം.

ലൈറ്റ് ഓഫ് ഫെയ്ത്ത് എന്ന് പേരിട്ടിരിക്കുന്ന ഈ എട്ടുദിവസത്തെ പര്യടനത്തിൽ അർജന്റീനയുടെ ദേശീയ ടീമിനെയാണ് സെന്റ് പീറ്റേഴ്സ് ക്രിക്കറ്റ് ക്ലബ് നേരിടുക. എന്നാൽ പട്ടണത്തിലെ ചില പാവപ്പെട്ട തെരുവുകളും ജയിലുകളുമൊക്കെ കേന്ദ്രീകരിച്ചാവും കളികൾ നടക്കുക.

ഡിസംബർ പന്ത്രണ്ടാം തിയതി ബുധനാഴ്ച പ്രാർത്ഥനകൾക്കുശേഷം ടീമംഗങ്ങളുമായി പാപ്പാ കൂടിക്കാഴ്ച നടത്തിയിരുന്നു. അവരെ അനുഗ്രഹിച്ച പാപ്പാ, ആതിഥേയർക്ക് സമ്മാനമായി തന്റെ ഒപ്പ് പതിപ്പിച്ച ഒരു ക്രിക്കറ്റ് ബാറ്റും നൽകി. അവിടുത്തെ തെരുവുകളിലെ കുട്ടികൾക്കും വിശ്വാസികൾക്കും സമ്മാനിക്കാനായി നിരവധി ജപമാലകളും പാപ്പാ ആശീർവദിച്ച് കൊടുത്തു.

ഫ്രാൻസിസ് മാർപാപ്പ, കർദിനാളായിരുന്ന സമയത്ത്, 2009 ൽ തുടക്കമിട്ടതാണ്, ക്രിക്കറ്റ് സിൻ ഫ്രണ്ടിറാസ് എന്ന ടീം. 2017 ൽ വത്തിക്കാൻ ടീമുമായി അവരുടെ നാട്ടിൽ ഏറ്റുമുട്ടിയപ്പോൾ വിജയം വത്തിക്കാൻ ടീമിനൊപ്പമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണ വിജയ ലക്ഷ്യത്തോടെയാണ് അർജന്റീനിയൻ ടീം പരിശീലനം നടത്തുന്നത്.

റോമിലെ വിവിധ സെമിനാരികളിലെ വിദ്യാർത്ഥികളാണ് വത്തിക്കാൻ ക്രിക്കറ്റ് ടീമിൽ കളിക്കുന്നത്. 2013 ലാണ് ടീം രൂപം കൊണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.