റംസാന്‍ മാസ സന്ദേശത്തില്‍ പള്ളികള്‍ക്കും സിനഗോഗുകള്‍ക്കും മോസ്ക്കുകള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച് വത്തിക്കാന്‍

ലോകമെമ്പാടുമുള്ള പള്ളികൾക്കും സിനഗോഗുകൾക്കും മോസ്ക്കുകള്‍ക്കുമെതിരെ  വർദ്ധിച്ചുവരുന്ന ആക്രമണങ്ങളെ വത്തിക്കാൻ അപലപിച്ചു. മെയ് 1- ന് നടത്തിയ ‘റംസാൻ മാസത്തിനായുള്ള സന്ദേശത്തിൽ’ ആണ് പൊന്തിഫിക്കൽ കൗൺസിൽ ഫോർ ഇൻററിലീജിയസ് ഡയലോഗ് പ്രസിഡന്റ് കർദിനാൾ മിഗുവൽ ഏഞ്ചൽ അയ്യൂസോ ഗുക്സോട്ട് ഈ കാര്യം ചൂണ്ടിക്കാട്ടിയത്. പള്ളികൾ, സിനഗോഗുകൾ, മോസ്ക്കുകള്‍ എന്നിവയ്‌ക്കെതിരായ സമീപകാല ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയത്.

അക്രമികളുടെ അന്ധവും വിവേകശൂന്യവുമായ പെരുമാറ്റത്തിന്റെ ഫലമാണ് ഇത്തരം പെരുമാറ്റങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെയും അൽ-അസ്ഹറിന്റെ ഗ്രാൻഡ് ഇമാമിന്റെയും സംയുക്ത പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ടും അദ്ദേഹം സംസാരിച്ചു. “ഇത്തരം ആക്രമണങ്ങൾ മതങ്ങളുടെ പഠനങ്ങളിൽ നിന്നുള്ള വ്യതിചലനവും അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനവുമാണ്.” അദ്ദേഹം പറഞ്ഞു.

യു‌എസ്‌സി‌ആർ‌എഫ് കമ്മീഷന്റെ വാർഷിക റിപ്പോർട്ടിൽ 2019 ൽ ലോകമെമ്പാടുമുള്ള ആരാധനാലയങ്ങൾക്കെതിരായ ആക്രമണങ്ങളിൽ വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. 2019 ൽ ശ്രീലങ്കയിൽ ഈസ്റ്റർ ദിവസം നടന്ന ബോംബാക്രമണത്തിൽ മൂന്ന് പള്ളികളും ഹോട്ടൽ റിസോർട്ടുകളും നശിക്കുകയും 250 ലധികം പേർ മരിക്കുകയും ചെയ്തു. ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചർച്ചിലെ പള്ളികളിൽ നടന്ന വെടിവയ്പിൽ 2019 മാർച്ചിൽ 51 പേരാണ് കൊല്ലപ്പെട്ടത്. യുഎസിലെ സിനഗോഗുകളിൽ നടന്ന വെടിവയ്പിൽ 2019 ഏപ്രിലിൽ 12 പേർ കൊല്ലപ്പെടുകയുണ്ടായി. ഫ്രാൻസിൽ ഏകദേശം 80 ഓളം ശവക്കല്ലറകൾ ഒരു ജൂത സെമിത്തേരിയിൽ നശിപ്പിക്കുകയുണ്ടായി.

ഏപ്രിൽ 23 – ന് ആരംഭിച്ച റംസാൻ മാസം മുസ്ലിങ്ങൾക്ക് നോമ്പിന്റെയും പ്രാർത്ഥനയുടെയും സേവന പ്രവർത്തനങ്ങളുടെയും സമയമാണ്. ആത്മീയ രോഗശാന്തിക്കും വളർച്ചയ്ക്കും ദരിദ്രരുമായി പങ്കുവയ്ക്കുന്നതിനും ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സമയമാണ് എന്നും വത്തിക്കാനിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

ലോകമെമ്പാടുമുള്ള ആരാധനാലയങ്ങളുടെ സംരക്ഷണത്തിനായി അന്താരാഷ്ട്ര സമൂഹം വിവിധ തലങ്ങളിൽ പരിശ്രമങ്ങൾ നടത്തുന്നുണ്ട്. പരസ്പര ബഹുമാനവും സഹകരണവും ആത്മാർത്ഥമായ സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിനും കത്തോലിക്കാ സമൂഹത്തിന് സംരക്ഷണം നൽകുമെന്നും ഉള്ള പ്രതീക്ഷയിലാണ് ഞങ്ങൾ എന്ന് വത്തിക്കാൻ ചൂണ്ടിക്കാട്ടി.