ഇത്തവണ വത്തിക്കാനിലെ പുൽക്കൂട് പെറുവിൽ നിന്ന്

വി. പത്രോസിന്റെ ബസിലിക്കയുടെ മുന്നിലെ ചത്വരത്തിൽ ഈ വർഷം സ്ഥാപിക്കാനുള്ള പുൽക്കൂട്, പെറുവിലെ ഹുവാങ്കവെലിക്ക പ്രദേശത്തുള്ള ചോപ്‌ക്ക ഗ്രാമത്തിൽ നിന്ന് കൊണ്ടുവരുമെന്ന് വത്തിക്കാൻ ഗോവെർണറേറ്റ് അറിയിച്ചു. ഒക്ടോബർ 24 ഞായറാഴ്‌ചയിലെ ത്രികാലജപ പ്രാർത്ഥനയോടനുബന്ധിച്ചു നടന്ന പ്രഭാഷണത്തിൽ ഫ്രാൻസിസ് പാപ്പാ ഇതിനെക്കുറിച്ച് അറിയിച്ചിരുന്നു.

പെറുവിലെ ഹുവാങ്കവെലിക്കയിൽ നിന്നുള്ള കലാകാരന്മാർ നിർമ്മിച്ച മുപ്പതിലധികം രൂപങ്ങളും മറ്റു വസ്തുക്കളും പുൽക്കൂട്ടിൽ ഇടം പിടിക്കും. ചോപ്‌ക്ക സമൂഹത്തിന്റെ പാരമ്പര്യ രീതിയിലുള്ള വസ്ത്രങ്ങളായിരിക്കും യേശുവിന്റെയും കന്യകാമറിയത്തിന്റെയും വി. യൗസേപ്പിതാവിന്റെയും ഉൾപ്പെടെയുള്ള രൂപങ്ങൾക്ക് അണിയിക്കുന്നത്. പ്രാദേശികമായ പ്രത്യേകതകൾ ഉൾക്കൊള്ളുന്നതായിരിക്കും പുൽക്കൂട്ടിലെ ഓരോ വസ്തുക്കളും. അതുപോലെ തന്നെ പെറുവിന്റെ ദേശീയചിഹ്നമായ ആൻഡിയൻ കോണ്ടർ ഉൾപ്പെടെ പെറുവിൽ നിന്നുള്ള പക്ഷിമൃഗാദികളുടെയും പ്രതിമകൾ ഇത്തവണ വി. പത്രോസിന്റെ ചത്വരത്തിൽ എത്തും.

വടക്കൻ ഇറ്റലിയിലെ, ഡോളോമിത്തി മലനിരകളിലെ ഉൾപ്പെടുന്ന ത്രെന്തോ പ്രദേശത്തെ ആന്തലോ എന്ന സ്ഥലത്തു നിന്നായിരിക്കും ഇത്തവണത്തെ ക്രിസ്തുമസ് മരം വത്തിക്കാനിലേക്ക് കൊണ്ടുവരുന്നത്. ഇരുപത്തിയെട്ടു മീറ്റർ ഉയരമുള്ള ഈ മരം തെന്ത്രോ പ്രദേശത്തു നിന്നുള്ള വനസംരക്ഷണ വിഭാഗമാണ് എത്തിക്കുന്നത്. ഇതിന്റെ അലങ്കാരം നിർവ്വഹിക്കുന്നതും അവിടെ നിന്നുള്ള ഒരു പ്രതിനിധി സംഘമായിരിക്കും. എന്നാൽ മുൻവർഷങ്ങളിലേതു പോലെ ഇത്തവണയും ഇതിന്റെ ദീപാലങ്കാരം കുറഞ്ഞ ഊർജ്ജോപയോഗമുള്ള എൽഇഡി ബൾബുകൾ ഉപയോഗിച്ച് വത്തിക്കാൻ നേരിട്ട് നിർവ്വഹിക്കും.

തിരുപ്പിറവിയുമായി ബന്ധപ്പെട്ട ക്രിസ്തുമസ് പുൽക്കൂടിന്റെയും മരത്തിന്റെയും ഉദ്‌ഘാടനം വി. പത്രോസിന്റെ ചത്വരത്തിൽ ഡിസംബർ പത്തിന് വൈകുന്നേരം അഞ്ചു മണിക്ക്, വത്തിക്കാൻ ഗവർണ്ണർ ആർച്ചുബിഷപ്പ് ഫെർണാണ്ടോ വേർഗെസ് അൽസാഗ നിർവ്വഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഉദ്‌ഘാടനം നടക്കുക. പതിവു പോലെ, യേശുവിന്റെ ജ്ഞാനസ്നാനം ആഘോഷിക്കുന്ന  2022 ജനുവരി ഒൻപതു വരെ ഈ ക്രിസ്തുമസ് അലങ്കാരങ്ങൾ വത്തിക്കാനിൽ ഉണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.