വത്തിക്കാനിലെ ബംബീനോ ജേസു ആശുപത്രിയില്‍ കോവിഡ് രോഗിയില്‍ നിന്നുള്ള ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി

പരിശുദ്ധ സിംഹാസനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ ആശുപത്രിയായ ബംബീനോ ജേസു ആശുപത്രിയില്‍ കോവിഡ് രോഗിയില്‍ നിന്നുള്ള ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. നാഷണല്‍ ട്രാന്‍സ്പ്ലന്റ് സെന്ററിന്റെ അംഗീകാരത്തോടെ നടത്തിയ ശസ്ത്രക്രിയ ലോകത്തിലെ തന്നെ ശിശുവിഭാഗത്തിലെ ആദ്യത്തേതാണ്. ലോകത്തില്‍ തന്നെ ആദ്യമായാണ് കോവിഡ് പോസിറ്റീവ് രോഗിയുടെ ഹൃദയം കോവിഡ് നെഗറ്റീവ് ആയ പ്രായപൂര്‍ത്തിയാകാത്ത രോഗിക്കു നല്‍കിയത്.

15 വയസുള്ള ആണ്‍കുട്ടിക്കാണ് പുതിയ ഹൃദയം ശസ്ത്രക്രിയയിലൂടെ നല്‍കിയത്. കോവിഡ് പിടിപെടാതിരിക്കാനുള്ള ചികിത്സകളാണ് ഇപ്പോള്‍ പ്രധാനമായും കുട്ടിക്ക് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും മറ്റു കാര്യങ്ങളില്‍ കുട്ടിയുടെ അവസ്ഥ തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ലക്ഷത്തില്‍ ഒരു കുട്ടിക്കു മാത്രം സംഭവിക്കാവുന്ന തരത്തിലുള്ള ഹൃദയരോഗമായിരുന്നു ഈ കുട്ടിക്ക്. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ കുട്ടിയുടെ അവസ്ഥ മോശമായിരുന്നെങ്കിലും യോജിക്കുന്ന ഹൃദയം കണ്ടെത്താന്‍ കഴിയാതിരുന്നതും ലോക്ക് ഡൗണ്‍ പോലുള്ള നിയന്ത്രണങ്ങള്‍ നീണ്ടുപോയതുമാണ് ശസ്ത്രക്രിയ നീണ്ടുപോകാന്‍ കാരണമായതെന്ന് പ്രൊഫസര്‍ അന്റോണിനോ അമോഡിയോ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.