സാഹോദര്യ സഹകരണം ലക്ഷ്യം വയ്ക്കുന്ന വിദ്യാഭ്യാസ ധാരണാപത്രത്തില്‍ ഒപ്പുവച്ച് വത്തിക്കാനും യുഎഇയും

വിദ്യാഭ്യാസ മേഖലയില്‍ സാഹോദര്യ സഹകരണം ലക്ഷ്യം വയ്ക്കുന്ന ധാരണാപത്രത്തില്‍ ഒപ്പുവച്ച് വത്തിക്കാനും യുഎഇ -യും. കഴിഞ്ഞ തിങ്കളാഴ്ച അബുദാബിയില്‍ വച്ചു നടന്ന ചടങ്ങില്‍ യുഎഇ -യുടെ വിദ്യഭ്യാസമന്ത്രി ഹുസ്സയിന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മദിയും കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജുസേപ്പെ വെര്‍സാല്‍ദിയും ചേര്‍ന്നാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.

വിദ്യഭ്യാസ മേഖലയില്‍ സാഹോദര്യ സഹകരണം ലക്ഷ്യം വയ്ക്കുന്നതാണ് ഈ ധാരണാപത്രം. യഥാര്‍ത്ഥ സാഹോദര്യം വാഴുന്നതും സമാധാനപരവും കൂട്ടുത്തരവാദിത്വാവബോധം അനുഭവപ്പെടുന്നതുമായ ഒരു ലോകത്തോടുള്ള പ്രതിപത്തി പുത്തന്‍ തലമുറകളിലുണര്‍ത്താന്‍ വിദ്യാഭ്യാസം സംഭാവന ചെയ്യുമെന്ന് കത്തോലിക്കാ വിദ്യഭ്യാസത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ജുസേപ്പെ വെര്‍സാല്‍ദി തദവസരത്തില്‍ പറഞ്ഞു.

2019 ഫെബ്രുവരി 4 -ന് യുഎഇ സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് പാപ്പയും അല്‍ അഷറിലെ ഗ്രാന്‍ഡ് ഇമാം അഹമ്മദ് അല്‍ തയ്യിബും ഒപ്പുവച്ച ‘വിശ്വശാന്തിക്കു വേണ്ടിയുള്ള മാനവസാഹോദര്യ പ്രഖ്യാപനത്തിന്റെ’ ചുവടുപിടിച്ചാണ് ഈ ധാരണാപത്രവും. വിദ്യഭ്യാസ മേഖലയ്ക്കു നേരെ ഉയരുന്ന വെല്ലുവിളികളെ ഒത്തൊരുമിച്ചു നേരിടുന്നതിനുള്ള സന്നദ്ധത കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാന്‍ സംഘം അറിയിച്ചു. ലോകത്തില്‍ 2,16,000 കത്തോലിക്കാ വിദ്യാലയങ്ങളും 1760 കത്തോലിക്കാ സര്‍വ്വകലാശാലകളും കത്തോലിക്കാ വിദ്യാഭ്യാസത്തിനായുള്ള വത്തിക്കാന്‍ സംഘവുമായുള്ള ബന്ധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.