ഇറ്റാലിയന്‍ സര്‍ക്കാരിന്റെ പുതിയ നിയമനിര്‍മ്മാണത്തിനെതിരെ വത്തിക്കാന്‍ ആശങ്ക അറിയിച്ചു

ഇറ്റാലിയന്‍ സര്‍ക്കാര്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കു വേണ്ടി ആന്റി ഹോമോഫോബിയ എന്ന പേരില്‍ നടത്തുന്ന നിയമനിര്‍മ്മാണത്തിനെതിരെ വത്തിക്കാന്‍ ആശങ്ക അറിയിച്ചു. വത്തിക്കാന്‍ വിദേശകാര്യ മന്ത്രി ആര്‍ച്ച്ബിഷപ്പ് പോള്‍ ഗല്ലാഘറാണ് ആശങ്ക വ്യക്തമാക്കി ഇറ്റാലിയന്‍ കാര്യാലയത്തിന് കത്തയച്ചത്. എല്‍ജിബിറ്റി വിഭാഗത്തിനെതിരെ വിമര്‍ശനമോ അപമാനമോ കുറ്റപ്പെടുത്തലോ നടത്തുന്നത് നിയമവിരുദ്ധമാക്കുന്ന തരത്തിലാണ് പുതിയ നിയമനിര്‍മ്മാണം. സര്‍ക്കാരുമായി ഒപ്പിട്ടിരിക്കുന്ന കരാര്‍പ്രകാരം, തങ്ങളുടെ സ്വാതന്ത്ര്യത്തിന് ഭീഷണി സൃഷ്ടിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ബില്ലിലുള്ളതെന്ന് വത്തിക്കാന്‍ അയച്ച കത്തില്‍ പറയുന്നു.

ലിംഗവ്യത്യാസത്തിന്റെ പേരില്‍ വേര്‍തിരിവും അക്രമങ്ങളും ഒഴിവാക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമായി പറഞ്ഞിരിക്കുന്നതെങ്കിലും വിദ്യാലയങ്ങളില്‍ അടക്കം ക്രൈസ്തവ വിശ്വാസത്തില്‍ ഊന്നിയുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് പുതിയ നിയമം ഭീഷണിയാകുമെന്നാണ് വത്തിക്കാന്‍ ഇക്കാര്യത്തില്‍ ഉന്നയിക്കുന്ന വാദം. 1929-ല്‍ ഇറ്റലിയും വത്തിക്കാനും തമ്മില്‍ ഒപ്പു വച്ച ലാറ്ററന്‍ ഉടമ്പടി 1984-ല്‍ ഭേദഗതിയിലൂടെ പുതുക്കിയിരിക്കുന്നു. ഉടമ്പടിപ്രകാരം അജപാലന, വിദ്യാഭ്യാസ, സുവിശേഷവത്കരണ മേഖലകളിലടക്കം ഹിതപ്രകാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഇറ്റാലിയന്‍ സര്‍ക്കാര്‍ വത്തിക്കാന് നല്‍കേണ്ടതാണ്.

ഉടമ്പടിപ്രകാരം കത്തോലിക്കാ വിശ്വാസികള്‍ക്കും അവരുടെ സംഘടനകള്‍ക്കും ഒത്തുചേരാനും തങ്ങളുടെ ആശയങ്ങള്‍ വാക്കുകളിലൂടെയും എഴുത്തിലൂടെയും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും അവകാശമുണ്ട്. എന്നാല്‍ ഉടമ്പടിയില്‍ പറഞ്ഞിരിക്കുന്ന അവകാശങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതാണ് പുതിയ ബില്ലെന്നാണ് ആര്‍ച്ച്ബിഷപ്പ് പോള്‍ ഗല്ലാഘര്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാരണത്താലാണ് ബില്ലിലെ നിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വേണമെന്ന് ആര്‍ച്ച്ബിഷപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.