ക്രിസ്തുവിന്റെ ദൈവത്വം ഫ്രാൻസിസ് പാപ്പാ നിഷേധിച്ചതായുള്ള വാർത്ത വ്യാജം എന്ന് വെളിപ്പെടുത്തി വത്തിക്കാൻ അധികൃതർ

ഫ്രാൻസിസ് മാർപാപ്പ ക്രിസ്തുവിന്റെ ദൈവത്വം നിഷേധിച്ചുവെന്നുള്ള വാർത്തകൾ തികച്ചും വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് വെളിപ്പെടുത്തി വത്തിക്കാൻ സഭാ നേതൃത്വം. ‘ല റിപ്പബ്ലിക്ക’ എന്ന പത്രത്തിൽ, ഫ്രാൻസിസ് പാപ്പാ ക്രിസ്തുവിന്റെ ദൈവത്വത്തെ നിഷേധിച്ചതായുള്ള കോളം പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് വത്തിക്കാൻ അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്.

95 വയസ്സുള്ള, സ്വയം പ്രഖ്യാപിത നിരീശ്വരവാദിയായ സ്കെൾഫറി എന്ന വ്യക്തി സ്ഥാപിച്ച പത്രമാണ് ല റിപ്പബ്ലിക്ക. നിരീശ്വവാദ നിലപാട് പുലർത്തുന്ന ഈ പത്രത്തിലാണ്, ഫ്രാൻസിസ് പാപ്പാ ഈശോ നസ്രത്തിൽ ജനിച്ച ഒരു മനുഷ്യനാണെന്നും; ദൈവമല്ല എന്നും പറഞ്ഞതായി വാർത്ത പ്രത്യക്ഷപ്പെട്ടത്. താൻ അടുത്തിടെ പാപ്പായുമായി അഭിമുഖം നടത്തിയെന്ന് സ്കെൾഫറി അവകാശപ്പെടുന്നില്ല. എന്നാൽ, മുമ്പ് പാപ്പാ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്ന തരത്തിലാണ് കോളം തയ്യാറാക്കിയിരിക്കുന്നത്.

ഈശോയുടെ ദൈവത്വത്തെക്കുറിച്ച് ഗത്സമെനി പ്രാർത്ഥനയുടെ പശ്ചാത്തലത്തിൽ താൻ ചോദിച്ചപ്പോൾ അത് ഈശോയുടെ അസാധാരണമായ ഗുണമാണെന്നും അവൻ മനുഷ്യനായി തീരുന്നു എന്നും ദൈവമായിരുന്നില്ല എന്നും പാപ്പാ തന്നോട് പറഞ്ഞു എന്ന് സ്കെൾഫറി പറയുന്നു. എന്നാൽ, എപ്പോൾ എവിടെ വച്ച് പറഞ്ഞു എന്നുള്ള കാര്യങ്ങളൊന്നും വെളിപ്പെടുത്തുന്നില്ല. സ്കെൾഫറിയുടെ വാക്കുകളുടെ വിശ്വസ്തത ഉറപ്പിക്കാൻ കഴിയില്ല എന്നും അദ്ദേഹം കാര്യങ്ങൾ മനസിലാക്കിയതിലെയും കേട്ടതിലെയും പിഴവുകളുടെ ഫലമാണ് ആ കോളം എന്നും വത്തിക്കാൻ വാർത്താവിഭാഗം ഔദ്യോഗിക പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.