ഇരുനൂറ്റി നാല്‍പ്പതു വര്‍ഷങ്ങള്‍ പിന്നിട്ട ആ യാത്ര

    റവ. സി. ജോസിറ്റ സി എം സി

    റവ. സി. ജോസിറ്റ സി എം സി

    മലയാള സാഹിത്യത്തിലെ ഒരു അനശ്വര കൃതിയും ആദ്യത്തെ സഞ്ചാരസാഹിത്യവുമാണ് പാറേമാക്കല്‍ തോമ്മാക്കത്തനാരുടെ വര്‍ത്തമാന പുസ്തകം. കത്തനാരെഴുതിയതായ വല്ല മതഗ്രന്ഥവുമായിരിക്കും എന്ന മുന്‍വിധിയാണ് പലര്‍ക്കും ഇതിനെക്കുറിച്ചുള്ളത്. എന്നാല്‍ ഈ ഗ്രന്ഥത്തിന്റെ വൈശിഷ്ട്യം മനസ്സിലാക്കിയ മഹാകവി ഉള്ളൂര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് ”കൈരളിക്കൊരു കനകാഭരണം” എന്നാണ്.

    എഴുതപ്പെട്ട കാലത്തെ ദേശചരിത്രം, ക്രൈസ്തവ സമുദായ ചരിത്രം, പൊതുവിജ്ഞാനം എന്നിവ വിവരിക്കുന്ന ഒരു വിപ്ലവ ഇതിഹാസമാണ് ഈ യാത്രാവിവരണം. 1778 ഒക്‌ടോബര്‍ 14-ന് ആരംഭിച്ച ഈ റോമായാത്രയുടെ ഇരുനൂറ്റിനാല്പതാം വാര്‍ഷികം 2018 ഒക്‌ടോബര്‍ 14-ന് പൂര്‍ത്തിയാവുകയാണ്. ഇസ്രായേല്‍ ജനം 40 വര്‍ഷങ്ങള്‍കൊണ്ട് കാനാന്‍ ദേശം എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചു. എന്നാല്‍ ഇരുനൂറ്റി നാല്‍പതു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ യാത്രയുടെ ലക്ഷ്യങ്ങള്‍ മുഴുവനും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു ദുഃഖസത്യമായി ഇന്നും അവശേഷിക്കുന്നു.

    ലക്ഷ്യങ്ങള്‍

    പിളര്‍ക്കപ്പെട്ടുപോയ മാര്‍ത്തോമ്മാനസ്രാണി സഭയുടെ പുനരൈക്യം സാധ്യമാക്കുക, വിദേശ മിഷനറിമാരുടെ ദുര്‍ഭരണത്തില്‍ നിന്ന് നസ്രാണി സഭയെ രക്ഷിക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍. അതോടൊപ്പം രക്തസാക്ഷിയായി മരിച്ച ദേവസഹായം പിള്ളയുടെ നാമകരണനടപടികള്‍ ആരംഭിക്കാനുള്ള അപേക്ഷയും സമര്‍പ്പച്ചു.

    ഗ്രന്ഥകാരന്‍

    ഗ്രന്ഥകാരനായ തോമ്മാക്കത്തനാര്‍ ഇന്നത്തെ കോട്ടയം ജില്ലയിലെ കടനാട്ടു ഗ്രാമത്തില്‍ പാറേമാക്കല്‍ കുരുവിള അന്ന ദമ്പതികളുടെ മകനായി 1736 സെപ്റ്റംബര്‍ 10-ന് ജനിച്ചു. 1761-ല്‍ വൈദികനായി. സ്വന്തം ഇടവകയായ കടനാട്ടില്‍ വികാരിയായിരിക്കെ പ്രസ്തുത യാത്ര നടത്തി. തിരികെ എത്തിയ അദ്ദേഹം സുറിയാനി കത്തോലിക്കരുടെ ഗൊവര്‍ണ്ണദോര്‍ (അഡ്മിനിസ്‌ട്രേറ്റര്‍) ആയി ഭരണം നടത്തി, 1799 മാര്‍ച്ച് 20-ന് നിര്യാതനായി.

    ചരിത്രപശ്ചാത്തലവും ഉള്ളടക്കവും

    പതിനെട്ടാം നൂറ്റാണ്ടില്‍ കരിയാറ്റി ജോസഫ് മല്‍പാനുമൊത്ത് പാറേമാക്കല്‍ തോമ്മാക്കത്തനാര്‍ റോമിലേക്കു നടത്തിയ അതിസാഹസികമായ ഒരു യാത്രയുടെ തല്‍സമയ വിവരണങ്ങളാണ് വര്‍ത്തമാന പുസ്തകം. ഭാരതത്തിലെ നസ്രാണികള്‍ നേരിട്ട പീഡനങ്ങള്‍ റോമില്‍ മാര്‍പ്പാപ്പായെ അറിയിക്കാന്‍ ഇവര്‍ നടത്തിയ യാത്രയില്‍ കിട്ടിയ അനുഭവങ്ങളും ഉള്‍ക്കാഴ്ചകളുമാണ് ഈ ഗ്രന്ഥത്തിന്‍ ഉള്ളടക്കം.

    എഡി 52-ല്‍ തോമ്മാശ്ലീഹായില്‍ നിന്ന് വിശ്വാസപൈതൃകം ഏറ്റുവാങ്ങിയ മാര്‍ത്തോമ്മാ നസ്രാണികള്‍ തങ്ങളുടെ വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. എന്നാല്‍ 16-ാം നൂറ്റാണ്ടിലെ പോര്‍ട്ടുഗീസ് മിഷനറിമാരുടെ ആഗമനത്തോടുകൂടി മാര്‍ത്തോമ്മാ നസ്രാണികളുടെ ആത്മീയ ഭൗതിക ജീവിതശൈലികളില്‍ മാര്‍ഗ്ഗഭ്രംശം വന്നുതുടങ്ങി. മതപരവും രാഷ്ട്രീയവുമായ തങ്ങളുടെ അധീശത്വം സ്ഥാപിച്ചുകൊണ്ട് വ്യക്തിതാല്പര്യങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ഒരു കോളനിയായി ഭാരതനസ്രാണി സഭയെ പോര്‍ട്ടുഗീസുകാര്‍ കണ്ടു. മിഷനറിമാരുടെ അടച്ചമര്‍ത്തലിലൂടെ വിഭജനത്തിന്റെ ആഘാതങ്ങള്‍ ഏല്പിച്ച നൊമ്പരങ്ങള്‍ക്കു പുറമെ ക്രൂരപീഡനങ്ങളും അവഹേളനങ്ങളും തെറ്റിദ്ധാരണകളും അടിക്കടി നേരിടേണ്ടിവന്നു.

    യൂറോപ്യന്‍ മിഷനറിമാരുടെ കടന്നാക്രമണത്തില്‍ പൊറുതി മുട്ടിയ നസ്രാണികള്‍ ഇതിനൊരു പരിഹാരം ഉണ്ടാകണമെന്ന ആഗ്രഹത്തോടെ 72 പള്ളിക്കാരുടെ ഒരു യോഗം അങ്കമാലിയില്‍ ചേര്‍ന്നു. പ്രശ്‌നങ്ങള്‍ മാര്‍പ്പാപ്പായെ നേരിട്ടറിയിക്കുന്നതിനും ആറാം മാര്‍ത്തോമ്മായുടെ (യാക്കോബായക്കാരുടെ തലവന്‍) പുനരൈക്യം സാധ്യമാക്കുന്നതിനും വേണ്ടി ഒരു നിവേദകസംഘത്തെ റോമിലേക്ക് അയയ്ക്കുന്നതിന് ഈ യോഗം തീരുമാനിച്ചു. ഈ തീരുമാനമനുസരിച്ച് വരാപ്പുഴ രൂപതക്കാരനായ കരിയാറ്റില്‍ ജോസഫ് മല്പാനച്ചന്റെ നേതൃത്വത്തില്‍ 23 പേര്‍ അടങ്ങിയ നിവേദക സംഘം റോമിലേക്കു പോകാന്‍ ഒരുങ്ങി. റോമില്‍ ഉപരിപഠനം നടത്തിയ കരിയാറ്റി മല്പാന് അക്കാലത്തെ പരിമിതമായ യാത്രാ സൗകര്യങ്ങളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും പരിജ്ഞാനമുണ്ടായിരുന്നു. നിവേദക സംഘത്തില്‍ ഉണ്ടായിരുന്ന ഗ്രന്ഥകാരന്‍ പാറേമാക്കല്‍ തോമ്മാകത്തനാര്‍ കൊടുങ്ങല്ലൂര്‍ രൂപതയില്‍പ്പെട്ട കടനാട്ട് ഇടവക വികാരിയായിരുന്നു. 1778-ല്‍ തുടങ്ങിയ യാത്ര അവസാനിക്കുന്നത് 1786-ലാണ്. എട്ടു വര്‍ഷം നീണ്ട ഈ യാത്രയില്‍ നാലു ഭൂഖണ്ഡങ്ങളിലൂടെയും മൂന്നു മഹാസമുദ്രങ്ങളിലൂടെയും അവര്‍ കടന്നുപോയി. ബ്രസീല്‍, പോര്‍ട്ടുഗല്‍, ഇറ്റലി, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ അവര്‍ സന്ദര്‍ശിച്ചു.

    കൊച്ചി വഴി പോയാല്‍ മിഷനറിമാര്‍ തങ്ങളുടെ യാത്ര മുടക്കുമെന്ന് മുന്‍കൂട്ടിക്കണ്ട ദൗത്യസംഘം തമിഴിനാടിന്റെ പല മുനമ്പുകളിലൂടെ കാല്‍നടയായി യാത്രചെയ്ത് ചിന്നപട്ടണത്തു വന്നാണ് കപ്പല്‍ കയറുന്നത്. എന്നാല്‍ 23 പേര്‍ക്കും കപ്പലില്‍ കയറാന്‍ സാധിച്ചില്ല. കരിയാറ്റി മല്പാന്‍, പാറേമാക്കല്‍ കത്തനാര്‍, രണ്ടു വൈദിക വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കു മാത്രമാണ് കപ്പലില്‍ പ്രവേശനം അനുവദിച്ചത്. നീണ്ടനാളത്തെ ഈ കപ്പല്‍ യാത്രയില്‍ ദുരിതങ്ങള്‍, രോഗപീഡകള്‍, വ്യക്തികളില്‍നിന്നുള്ള തിരസ്‌കരണങ്ങള്‍ എന്നിവ അവര്‍ക്കു നേരിടേണ്ടിവന്നു. ഇവിടെയെല്ലാം തങ്ങളുടെ വിശ്വാസ പൈതൃകവും നിശ്ചയദാര്‍ഢ്യവും മാതൃസഭയോടുള്ള വാക്കുകള്‍ക്കതീതമായ സ്‌നേഹവും ആത്മാര്‍ത്ഥതയുമൊക്കെ അവര്‍ക്കു ശക്തിയും ഓജസും പകര്‍ന്നു.

    എന്നാല്‍ റോമില്‍ എത്തിയ സംഘത്തിന് പ്രതീക്ഷിച്ച സഹകരണം ലഭിച്ചില്ല. റോമിലുണ്ടായ ദുരനുഭവങ്ങള്‍ അറിഞ്ഞ പോര്‍ട്ടുഗല്‍ രാജ്ഞി അവര്‍ക്കനുകൂലമായി മാര്‍പ്പാപ്പായ്ക്കും അമ്പാസിഡര്‍ക്കും കത്തെഴുതി. പോര്‍ട്ടുഗല്‍ രാജ്ഞി ഇടപെട്ടതുകൊണ്ടു മാത്രമാണ് മാര്‍ത്തോമ്മാ മെത്രാന്റെ കാര്യത്തില്‍ റോം ഒരു ഒഴുക്കന്‍ തീരുമാനമെങ്കിലും എടുത്തത്. റോമില്‍ നിന്ന് തിരികെ ലിസ്ബണില്‍ എത്തിയശേഷവും മലങ്കര പള്ളിക്കുവേണ്ടി കാര്യങ്ങള്‍ നേടുന്നതിനായി മല്പാനും തോമ്മാക്കത്തനാരും പലവിധത്തില്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. മാതൃസഭയോടുള്ള അഗാധമായ സ്‌നേഹവും വിശ്വസ്തതയുമാണ് ഒന്നിനുപുറകെ മറ്റൊന്നായുള്ള തിരസ്‌കരണത്തിനിടയിലും അവരെ ഇതിനു പ്രേരിപ്പിച്ചത്.

    ഒടുവില്‍ 1782 ജൂലൈ മാസത്തില്‍ കരിയാറ്റി മല്പാനെ കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്തയായി രാജ്ഞി നാമനിര്‍ദ്ദേശം ചെയ്തു. അങ്ങനെ മാര്‍പ്പാപ്പായുടെ അനുമതിയോടെ ലിസ്ബണില്‍വച്ച് അദ്ദേഹത്തെ കൊടുങ്ങല്ലൂര്‍ രൂപതയുടെ മെത്രാപ്പോലീത്തയായി അഭിഷേകം ചെയ്തു. എന്നാല്‍ ഇന്ത്യയുടെ കാര്യങ്ങള്‍ നോക്കുന്ന മന്ത്രിയുടെ വിദ്വേഷംമൂലം വീണ്ടും രണ്ടു വര്‍ഷത്തിനു ശേഷമാണ് മെത്രാപ്പോലീത്തായ്ക്കും തോമ്മാക്കത്തനാര്‍ക്കും തിരിച്ച് യാത്ര ആരംഭിക്കാന്‍ സാധിച്ചത്.

    മടക്കയാത്രയില്‍ ശ്രീലങ്കയിലെ തുറമുഖം കാണുന്നതുവരെയുള്ള വിവരങ്ങള്‍ കേമമായി എഴുതിയ പാറേമാക്കല്‍ കത്തനാര്‍ പിന്നീടുള്ള യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും നല്‍കുന്നില്ല. അവര്‍ കൊച്ചി തീരത്തുകൂടി ഗോവായിലേയ്ക്കു പോയെന്നും അവിടെവച്ച് കരിയാറ്റി മെത്രാപ്പോലീത്തായ്ക്ക് ദാരുണമായ അന്ത്യം സംഭവിച്ചുവെന്നുമാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.

    ആസ്വാദനസൗന്ദര്യം

    തങ്ങളെ യാത്രയാക്കാന്‍ പള്ളികളിലെ ഉപകരണങ്ങള്‍പോലും വിറ്റു പണമുണ്ടാക്കിയ ജനത്തെ എല്ലാകാര്യങ്ങളും വിശദമായി അറിയിക്കണം എന്ന വിധേയത്വബോധത്തോടെയാണ് പാറേമാക്കല്‍ തോമ്മാക്കത്തനാര്‍ ഈ ഗ്രന്ഥം എഴുതുന്നത്. എല്ലാക്കാര്യങ്ങളും, അനുഭവങ്ങള്‍ ഉള്‍പ്പെടെ സത്യസന്ധമായും വിശദമായും പ്രതിപാദിക്കുന്നു. സ്ഥലങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും വിവരിക്കുന്നു. നസ്രാണി സമൂഹത്തിന്റെ തീവ്ര വേദനയെ വര്‍ണ്ണിച്ചുകൊണ്ട് ഈ ഗ്രന്ഥം അനുവാചകരില്‍ ധാര്‍മ്മികരോഷം ഉളവാക്കുന്നു. മിഷനറിമാരുടെ ഓരോ ആരോപണങ്ങള്‍ക്കും വ്യക്തമായ മറുപടി ഇതില്‍ കാണാം. ഓരോ സംഭവത്തോടും അനുബന്ധിച്ചു നടത്തുന്ന നിരൂപണ വിചിന്തനം ഗ്രന്ഥകര്‍ത്താവിന്റെ ബൈബിള്‍ പരിജ്ഞാനവും വ്യാഖ്യന പാടവവും വെളിവാക്കുന്നു. സുന്ദരവും സജീവവുമായ വര്‍ണ്ണനകളും സരസ്സമായ പദപ്രയോഗങ്ങളും പഴഞ്ചൊല്ലുകളും എല്ലാം ഈ ഗ്രന്ഥത്തെ ആസ്വാദന നിലവാരത്തിന്റെ ഉന്നതിയിലേയ്ക്ക് ഉയര്‍ത്തുന്നു.

    ഉപസംഹാരം

    മാതൃസഭയ്ക്കുവേണ്ടി കരിയാറ്റി മെത്രാപ്പോലീത്തായും തോമ്മാക്കത്തനാരും സഹിച്ച യാതനകള്‍ നമ്മുടെ ഊഹങ്ങള്‍ക്കപ്പുറമാണ്. ഇവരുടെ അഗാധമായ വിശ്വാസധീരതയും തളര്‍ച്ചയില്ലാത്ത മനസ്സും പ്രതികൂലങ്ങളെ നേരിടുവാനുള്ള ഉറച്ച ബോധ്യവുമൊക്കെ ഇന്നു നമ്മുടെ മുമ്പിലെ വെല്ലുവിളിയാണ്. ഈ മഹത് വ്യക്തികള്‍ നടത്തിയ ധീരയാത്ര ഇന്ന് 240 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വര്‍ത്തമാന പുസ്തകത്തിന്റെ ഏടുകളിലൂടെ ഓരോ സീറോ മലബാര്‍ വിശ്വാസിയും കടന്നുപോകണം. ഒരു ആത്മ വിമര്‍ശനത്തിന് നമ്മെതന്നെ വിധേയരാക്കണം. എവിടെ എന്റെ വിശ്വാസം? എവിടെ നില്‍ക്കുന്നു എന്റെ സഭാ ജീവിതം? നമ്മുടെ പിതാക്കന്മാര്‍ കാണിച്ചുതന്ന ജീവിതശൈലികളും വിശ്വാസദാര്‍ഢ്യവുമൊക്കെ നമുക്ക് ജീവിക്കാന്‍ ഉള്‍ക്കരുത്ത് പകരട്ടെ.

    റവ. സി. ജോസിറ്റ സി എം സി

    വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.