വിശുദ്ധ കുർബാനയുടെ വിലയറിയാമോ? ചന്ദ്രനിൽ നിന്നൊരു സാക്ഷ്യം

ഫാ. സാബു തോമസ്‌
ഫാ. സാബു തോമസ്‌

എനിക്ക് എന്താണ് വിശുദ്ധ കുർബാന? വിശുദ്ധ കുർബാനയുടെ വില മനസിലാക്കുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ടോ? എന്നാല്‍, വിശുദ്ധ കുർബാനയുടെ വില മനസിലാക്കിയ ഒരു വ്യക്തിയുടെ അനുഭവങ്ങളിലൂടെ നമുക്കും കടന്നുപോകാം. അത് മറ്റാരുമല്ല, എഡ്വിൻ ആൽ‌ഡ്രിൻ. ചന്ദ്രനിൽ കാലുകുത്തിയ ആദ്യ രണ്ടുപേരിൽ ഒരാൾ!

തന്നെ ഈ മഹാദൗത്യത്തിന് അർഹമാക്കിയ ദൈവത്തിനു നന്ദിയർപ്പിക്കേണ്ടത് തന്റെ കടമയായി അദ്ദേഹം കരുതി. ചാന്ദ്രപേടകത്തിൽ നിന്ന് ചന്ദ്രനിൽ ഇറങ്ങുന്നതിനുമുമ്പ് അഞ്ചു മണിക്കൂർ വിശ്രമസമയം അദ്ദേഹത്തിനു ലഭിച്ചു. ഈ സമയം ആൽ‌ഡ്രിൻ തന്റെ ബാഗിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന ചില വിശുദ്ധ വസ്തുക്കൾ പുറത്തെടുത്തു. ഒരു വെള്ളിക്കാസ, വാഴ്ത്തിയ തിരുവോസ്തി, വീഞ്ഞ്, തിരുവചനം എഴുതിയ ഒരു കാർഡ്. അദ്ദേഹത്തിന്റെ പള്ളിയിൽ നിന്ന് പ്രത്യേക അനുമതിപ്രകാരം കൊണ്ടുവന്നതായിരുന്നു ഈ വിശുദ്ധ വസ്തുക്കൾ.

ഈ സമയത്ത് പരിശുദ്ധ കുർബാന ഉൾക്കൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുന്നതിനേക്കാൾ ശേഷ്ഠമായി മറ്റൊന്നുമില്ലെന്ന് എനിക്കു തോന്നി. ഗ്രാവിറ്റി വ്യതിയാനം നിമിത്തം വീഞ്ഞ് കാസയിലേയ്ക്ക് ഒഴിക്കുക ദുഷ്കരമായിരുന്നു – അദ്ദേഹം വെളിപ്പെടുത്തുന്നു. കുർബാന ഉൾക്കൊണ്ട ശേഷം ക്രിസ്തുവിലുള്ള വിശ്വാസം ഏറ്റുപറയുവാൻ അദ്ദേഹം എഴുതിക്കൊണ്ടു വന്ന വചനഭാഗം വായിച്ചു. “ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ശാഖകളുമാണ്. ആര് എന്നിലും ഞാൻ അവനിലും വസിക്കുന്നുവോ അവൻ ഏറെ ഫലം പുറപ്പെടുവിക്കും. എന്നെക്കൂടാതെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല” (യോഹ 15:5).

രണ്ടു നിസ്സാര മനുഷ്യരെ ഇവിടെ വരെ എത്തിക്കാൻ മനുഷ്യന് ബുദ്ധിവൈഭവം നൽകിയ സർവ്വശക്തനെ അദ്ദേഹം വാഴ്ത്തി. ആ സമയം ദൈവത്തിന് നന്ദി പറയുകയല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ ചിന്തയിൽ വന്നതേയില്ല. തുടർന്ന് അവരുടെ ദൗത്യം വിജയിക്കാൻ ദൈവത്തിന്റെ കൃപ യാചിച്ചു പ്രാർത്ഥിച്ചു. ഈ സമയമത്രയും നീല്‍ ആംസ്‌ട്രോങ് നിശബ്ദനായി പ്രാർത്ഥനയിൽ പങ്കുചേർന്നു. തങ്ങളുടെ ദൗത്യം വിജയകരമായി പൂർത്തിയാക്കി അവർ ഭൂമിയിലേയ്ക്ക് തിരിച്ചുപോന്നു. തിരിച്ചെത്തുന്നതിനു തലേരാത്രി അവർ ഭൂമിയിലേയ്ക്ക് ഒരു റേഡിയോ സന്ദേശം അയച്ചു. അതിൽ, സങ്കീർത്തനം എട്ടാം അധ്യായം ചൊല്ലിക്കൊണ്ട് ആൽ‌ഡ്രിൻ ദൈവത്തിന് സർവ്വമഹത്വവും നൽകുന്നതായിരുന്നു.

ഇവിടെ നിന്ന് ഭൂമിയിലേയ്ക്കു നോക്കുമ്പോൾ ഈ തിരുവചനങ്ങൾ അദ്ദേഹത്തിന്റെ മനസിലേയ്ക്കു വന്നു, “അങ്ങയുടെ വിരലുകൾ വാർത്തെടുത്ത വാനിടത്തേയും അവിടുന്ന് സ്ഥാപിച്ച ചന്ദ്രതാരങ്ങളെയും ഞാൻ കാണുന്നു. അവിടുത്തെ ചിന്തയിൽ വരാൻ മാത്രം മർത്യന് എന്ത് മേന്മയുണ്ട്.”

1969 ജൂലൈ 24-ന് അവർ ഭൂമിയിൽ തിരികെയെത്തി. വർഷങ്ങളോളം നാസ വെളിപ്പെടുത്താതെ വച്ച ഈ കാര്യം ആൽ‌ഡ്രിൻ, തന്റെ ആത്മകഥയിൽ വെളിപ്പെടുത്തി. ചന്ദ്രനിൽ ആദ്യം ഉച്ചരിക്കപ്പെട്ടത് വചനവും ആഹാരമായത് കുർബാനയപ്പവുമായതിൽ ഞാൻ അഭിമാനിക്കുന്നു എന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.

വിശുദ്ധ കുർബാനയുടെ മഹത്വമറിയുന്നവർക്ക് അത്  ജീവനേക്കാൾ വലുതാണ്. കുർബാന സ്വീകരിക്കാൻ കഴിയാത്ത ഈ നാളുകളിൽ നമുക്ക് ഇങ്ങനെ പ്രാർത്ഥിക്കാം… ഓ പരിശുദ്ധ പരമ ദിവ്യകാരുണ്യമേ, ഞാൻ അങ്ങയെ വേണ്ടവിധം സ്നേഹിക്കാതിരുന്നുവെങ്കിൽ മാപ്പ് ചോദിക്കുന്നു. അങ്ങയെ കൂടാതെ എനിക്ക് ജീവിതമില്ല. അരൂപിയിൽ എന്റെ ഹൃദയത്തിൽ എഴുന്നള്ളി വന്നാലും. നാഥാ, ഞങ്ങൾക്ക് ഇനിയും ഒത്തുചേർന്ന് അങ്ങയെ സ്വീകരിക്കുവാൻ കഴിയുന്ന കൃപയുടെ വസന്തകാലം വേഗം വരേണമേ…