

പ്രിയപ്പെട്ടവരേ, ഇത് എന്റെ അനുഭവമാണ്. ഒരുപക്ഷേ, നിങ്ങളുടെ ചിലരുടെയും ഒക്കെ ആവാം…
ഞാനൊക്കെ മടിയുടെയും ദേഷ്യത്തിന്റെയും വാശിയുടെയും പിണക്കത്തിന്റെയും ഉറക്കത്തിന്റെയും ഒക്കെ പേരില്‍ മനഃപൂര്‍വ്വം ഒഴിവാക്കിയ എത്രെയോ പരിശുദ്ധ കുര്‍ബാനകള്‍ ഉണ്ടെന്നോ?
ഉപരിപഠനത്തിനു പോയപ്പോഴും പിന്നെ, ഇപ്പോള്‍ പ്രവാസജീവിതം തുടങ്ങിയതിനു ശേഷവുമാണ് യഥാര്‍ത്ഥത്തില്‍ പരിശുദ്ധ കുര്‍ബാനയുടെ വില എന്താണെന്ന് അറിയുന്നത്. ആരോടെക്കെയോ, എന്തിനോടൊക്കെയോ എന്തിന്, ദൈവത്തോടു പോലുമുള്ള വാശിപ്പുറത്ത് തൊട്ടടുത്തു കിടക്കുന്ന ദൈവാലയത്തില്‍ കുര്‍ബാന നടക്കുമ്പോള്‍ മനഃപൂര്‍വ്വം പോകാതിരുന്ന ദിവസങ്ങള്‍. എന്തൊരു നിശ്ചയദാര്ട്യം ആയിരുന്നു അന്നത്തെ ആ തിരുമാനങ്ങള്ക്കൊക്കെ! ഇന്ന് അതൊക്കെ ഓര്‍ക്കുമ്പോള്‍ സ്വയം ചെറുതാകുന്ന ഒരു തോന്നല്‍ ഉള്ളു നീറ്റുന്നുണ്ട്.
ചെറുപ്പം മുതലേ പള്ളിയില്‍ കൊയറില്‍ ഉണ്ടായിരുന്നു. മാതാവിന്റെ രൂപത്തിന്റെ അരികില്‍ നിന്ന് എത്രയോ തവണ കുര്‍ബാനയ്ക്ക് പാട്ടുകള്‍ പാടിട്ടുണ്ട്.. ആ അനുഗ്രഹമൊക്കെയാവാം ഇന്ന് ഇങ്ങനെ ദൈവം കാത്തുപരിപാലിക്കുന്നതിന്റെ കാരണം. വീട്ടിലുള്ളപ്പോള്‍ എന്നും രാവിലെ അമ്മ വിളിച്ചെഴുന്നേല്പ്പിക്കാന് ശ്രമിക്കും. മിക്ക ദിവസങ്ങളിലും പരാജയമായിരിക്കും. “എഴുന്നേല്‍ക്ക്, പള്ളിയില്‍ പോകാം. തൊട്ടടുത്ത് പരിശുദ്ധ കുര്‍ബാന നടക്കുമ്പോള്‍ ഇങ്ങനെ കിടന്നുറങ്ങുന്നത് ഒട്ടും ശരിയല്ല എന്നും ഇതിന്റെ ഒക്കെ വില തിരിച്ചറിയുന്ന കാലം നിങ്ങള്‍ക്ക് ഉണ്ടാകുമെന്നും” അമ്മ പറഞ്ഞത് ഈ ദിവസങ്ങളില്‍ ഞാന്‍ ഓര്‍ത്തു.
പ്രവാസിയായതിനുശേഷം ജോലിയ്ക്കിടയില്‍ വീക്ക് എണ്ടിലാണ് പള്ളിയില്‍ പോകാറ്. ഇപ്പോള്‍ ‘കൊറോണ’ കാരണം പള്ളിയും താല്‍ക്കാലികമായി അടച്ചു. ഈ ദിവസങ്ങളില്‍ പരിശുദ്ധ കുര്‍ബാന ഓണ്‍ലൈനിലാണ് ഞാനും കണ്ടത്. അരികില്‍ അണിയിച്ചൊരുക്കിയ അള്ത്താരയില്ല, ക്രൂശിതരൂപമില്ല, കാസയും പീലാസയുമില്ല. വൈദികനും ശുശ്രൂഷികളുമില്ല, കത്തിയെരിയുന്ന മെഴുകുതിരികളില്ല, കുന്തിരികത്തിന്റെ പവിത്രഗന്ധമില്ല, ഗായകസംഘമില്ല, പ്രാര്‍ത്ഥനകള്‍ ഉച്ചത്തില്‍ ഏറ്റുചൊല്ലാന്‍ ഒരു സമൂഹമില്ല, സമാധാനം കൈമാറാന്‍ ഇടവും വലവും ആരുമില്ല. വൈദികന്റെ നേരിട്ടുള്ള ആശിര്വാദവുമില്ല… എന്തൊരു ശൂന്യതയാണ്.
ഒരു സ്ക്രീനില്‍ കണ്ണുംനട്ട് ഒറ്റപ്പെട്ട് ഒരു പരിശുദ്ധ കുര്‍ബാന കാണല്‍. ഓണ്‍ലൈന്‍ കുര്‍ബാന തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ വൈഫൈ കട്ടായി. കുര്‍ബാന അവിടെ നിലച്ചു. അതിനിടയില്‍ വൈഫൈ കട്ടായതിന് സ്വയം എന്തെക്കെയോ പുലമ്പി. ഈ കലാപരിപാടികളിലൂടെയൊക്കെ ഓണ്‍ലൈന്‍ കുര്‍ബാന കാണല്‍ പൂര്‍ത്തിയാക്കി. അതിനുശേഷം, കുറേ സമയം ഞാന്‍ ചിന്തിച്ചതും ഈശോ എന്നെ ചിന്തിപ്പിച്ചതും ‘ഞാന്‍ മനഃപൂര്‍വ്വം നഷ്ടപ്പെടുത്തിയ പരിശുദ്ധ കുര്ബാനകളെക്കുറിച്ചാണ്.’
അതെ പ്രിയപ്പെട്ടവരേ, ദൈവാലയത്തില്‍ ആ പരിശുദ്ധ അന്തരീക്ഷത്തില്‍ ഞാന്‍ കണ്ട ബലിയുടെ ചൈതന്യവും ഏകാഗ്രതയും എന്തിന്, ഒരു അനുഭവും പോലും എനിക്ക് ഓണ്‍ലൈന്‍ കുര്‍ബാനയില്‍ നിന്നു ലഭിച്ചില്ല. ആത്മാവും ശരീരവും മനസ്സും ഏകഗ്രാമാക്കുമ്പോഴും എന്തോ ഒരു കുറവുണ്ട്. വലിയ ആത്മപരിവര്‍ത്തനം ഉണ്ടായിട്ടൊന്നും എഴുതിയതല്ല ഈ കുറിപ്പ്. എന്റെ നഷ്ടങ്ങളും തിരിച്ചറിവുകളും ചിന്തകളുമൊക്കെ ഒരുപക്ഷേ, ചിലപ്പോള്‍ നിങ്ങളുടേതുമായി സാമ്യമുണ്ടാവാം.
ഈശോ ചിലപ്പോള്‍ ചില ചൈതന്യം നമ്മളില്‍ നിറയ്ക്കും. ചില മാറ്റങ്ങള്‍ക്കും പുനഃവിചിന്തങ്ങള്ക്കുമുള്ള ചൈതന്യം. എന്നില്‍ ചെറിയ തോതില്‍ അത് ഉണ്ടായെന്നു ഞാന്‍ കരുതുന്നു. നിങ്ങളിലും ഉണ്ടാവട്ടെ. ഇപ്പോള്‍ ആയിരിക്കുന്നതിലും മികച്ച ഒരു പതിപ്പ് ആകാം. കൊറോണയിലൂടെ അതിനു ഇടയാകട്ടെ.
അനിത