വല്ലംബ്രോസൻ ബനഡിക്ടൈൻ സന്യാസസമൂഹം 

സ്വന്തം സഹോദര ഘാതകനോട്‌ ക്രിസ്തുവിന്റെ നാമത്തിൽ ക്ഷമിച്ച വിശുദ്ധനാണ് ജോൺ ഗ്വൽബർട്ട്. ഇറ്റലിയിലെ ഒരു കുലീന കത്തോലിക്കാ കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സ്വന്തം സഹോദരനെ കൊന്നയാളോട് പ്രതികാരം ചെയ്യാന്‍ പുറപ്പെട്ട യൌവനമായിരുന്നു അദ്ദേഹത്തിന്റേത്. ഫ്ലോറന്‍സില്‍ വച്ച് ഘാതകനെ കണ്ടെങ്കിലും, അന്ന് ദുഖവെള്ളി ആയതിനാല്‍ അദ്ദേഹത്തോട് ജോൺ ഗ്വൽബർട്ട്  ക്ഷമിച്ചു. പിന്നീട്  ജോൺ ഗ്വൽബർട്ട് ബനഡിക്ടൈൻ സന്യാസ സഭയില്‍ ചേര്‍ന്നു. ഉത്തമമായ സന്യാസ ജീവിതമാണ്‌ അദ്ദേഹം നയിച്ചത്. പിന്നീട് അദ്ദേഹം വല്ലംബ്രോസാ എന്ന സ്ഥലം തന്റെ പ്രവര്‍ത്തന രംഗമാക്കി. അവിടെ വച്ച് അദ്ദേഹം തന്റെതായ സമൂഹത്തിനു രൂപം നല്‍കി.

വല്ലംബ്രോസൻ ബനഡിക്ടൈൻ സന്യാസസമൂഹം  

പ്രാർത്ഥനയുടെ പരിമളവും അദ്ധ്വാനത്തിന്റെ മാഹാത്മ്യവും ലോകത്തിൽ വിതയ്ക്കുവാൻ, വി.ജോൺ ഗുൽബർട്ട് AD 1037 -ൽ ഇറ്റലിയിലെ വല്ലംബ്രോസായിൽ ‘വല്ലംബ്രോസൻ ബനഡിക്ടൈൻ സന്യാസസമൂഹം’ സ്ഥാപിച്ചു. പാശ്ചാത്യ സന്യാസ പിതാവായ വി.ബെനഡിക്ടിന്റെ സന്യാസ നിയമങ്ങൾ പാലിച്ചുകൊണ്ട്, സന്യാസ ജീവിതത്തിന്റെ യഥാർത്ഥ സാക്ഷ്യമായി മാറുകയാണ് ഇന്ന് വല്ലംബ്രോസൻ ബനഡിക്ടൈൻ സന്യാസസമൂഹം.

വല്ലംബ്രോസൻ സന്യാസസമൂഹം കേരളത്തില്‍ 

കോട്ടയം അതിരൂപതയുടെ ആദ്ധ്യാത്മിക ഉന്നമനത്തെ ലക്ഷ്യം വച്ചുകൊണ്ട്,  അഭിവന്ദ്യ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ പരിശ്രമഫലമായി ഈ സന്യാസസഭയുടെ ഒരു ശാഖാ ഭവനം 1988 – ൽ കേരളത്തില്‍ സ്ഥാപിതമായി. കുടിയേറ്റ ജനതയുടെ ആത്മീയ പരിപോഷണത്തിനായി, പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും പാതയിലൂടെ ചരിക്കുന്ന ഒരുപറ്റം സന്യാസികൾ ഉണ്ടാകണമെന്ന അഭിവന്ദ്യ പിതാവിന്റെ ചിരകാല സ്വപ്നത്തിന്റെ സാക്ഷാത്കാരമായിരുന്നു അത്. 2012 ഡിസംബർ 28 -ന് ക്നാനായ ജനതയുടെ സിരാകേന്ദ്രമായ കടുത്തുരുത്തിയിൽ, മരിയമല വല്ലംബ്രോസൻ ആശ്രമം സ്ഥാപിതമായി. പൗരസ്ത്യ-സുറിയാനി ആദ്ധ്യാത്മികതയുടെയും, പാശ്ചാത്യ-സന്യാസ പാരമ്പര്യത്തിന്റെയും സമ്മിശ്ര സംയോജമായ ഈ ആശ്രമം, കോട്ടയം അതിരൂപതയുടെ ആത്മീയ സ്രോതസ്സായി നിലകൊള്ളുന്നു.

നിരന്തരമായ പ്രാർത്ഥനയിലൂടെയാണ് ഇദ്ദേഹം അനുദിനം വിശുദ്ധിയിൽ വളർന്നു വന്നത്. ഈ വിശുദ്ധന്റെ ജീവിതമാതൃക അനുകരിച്ച്, “ശത്രുക്കളെ സ്നേഹിക്കുവിൻ, നിങ്ങളെ പീഡിപ്പിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുവിൻ” (മത്തായി-5:44) എന്ന ക്രിസ്തുനാഥന്റെ വാക്കുകൾ ഉൾക്കൊണ്ടുകൊണ്ട്, മറ്റുള്ളവരോട് ക്ഷമിക്കാനും അവരെ സ്നേഹിക്കാനും, അവർക്ക് വേണ്ടി പ്രാർത്ഥിക്കാനും നമുക്കെല്ലാവർക്കും സാധിക്കേണ്ടതുണ്ട്. അനുദിന ജീവിതത്തിൽ പരസ്പരം ക്ഷമിച്ചും സഹിച്ചും, നമ്മുടെ ബന്ധങ്ങളിൽ വിള്ളലുകൾ വീഴ്ത്താതെ ഈ വിശുദ്ധന്റെ ജീവിത ചൈതന്യം നമ്മുടെ ജീവിതത്തിലേക്ക് സ്വീകരിക്കേണ്ടതുണ്ട്.

ഫാ. സാര്‍ഗണ്‍ കാലായില്‍ OSB

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.