വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ എട്ടിന്

ഈ വര്‍ഷത്തെ വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ എട്ടിന് സംഘടിപ്പിക്കും. പ്രകൃതിദുരന്തങ്ങളില്‍ മനുഷ്യര്‍ക്ക് എക്കാലത്തും ആശ്രയമായി മാറിയ ചരിത്രമാണ് വല്ലാര്‍പാടത്തമ്മയ്ക്കുള്ളത്. പ്രകൃതിയോടു ചേര്‍ന്നുനിന്ന് പ്രകൃതിയെ മുറിപ്പെടുത്താതെ ജീവിക്കാന്‍ മനുഷ്യര്‍ തയ്യാറാകണമെന്ന് സംഘാടക സമിതിയോഗം ഉദ്ഘാടനം ചെയ്ത ആര്‍ച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആഹ്വാനം ചെയ്തു.

വരാപ്പുഴ അതിരൂപതയില്‍ ഉള്‍പ്പെട്ട ദേശീയകേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയില്‍ നടക്കുന്ന തീര്‍ത്ഥാടനത്തില്‍, പതിനായിരക്കണക്കിന് ജനങ്ങളാണ് പങ്കെടുക്കാറുള്ളത്. സെപ്റ്റംബര്‍ 8-ന് വൈകിട്ട് 3 മണിക്ക് വരാപ്പുഴ അതിരൂപത കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും, 4 മണിക്ക് വൈപ്പിനില്‍ ഗോശ്രീ ജംഗ്ഷനില്‍ നിന്നും തീര്‍ത്ഥാടനങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് വല്ലാര്‍പാടം ബസിലിക്കയില്‍ ആഘോഷമായ ദിവ്യബലി.

വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ രക്ഷാധികാരിയും, വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, വല്ലാര്‍പാടം തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. മൈക്കിള്‍ തലക്കെട്ടി, അഡ്വ. ഷെറി ജെ. തോമസ്, അഡ്വ. യേശുദാസ് പറപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്.