നൈജീരിയയെ നിരീക്ഷണ പട്ടികയിൽ നിന്ന് നീക്കം ചെയ്ത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്: അമ്പരപ്പോടെ മനുഷ്യാവകാശ പ്രവർത്തകർ

കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങളുള്ള രാജ്യങ്ങളുടെ ഈ വർഷത്തെ പട്ടികയിൽ നിന്ന് നൈജീരിയയെ നീക്കം ചെയ്ത് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്. നൈജീരിയയെ കടുത്ത മതസ്വാതന്ത്ര്യ ലംഘനങ്ങളില്ലാത്ത ഒരു രാജ്യമായി കണക്കാക്കാനുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ തീരുമാനം അമ്പരപ്പിക്കുന്നതാണെന്ന് യുഎസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF) പ്രസ്താവനയിൽ പറഞ്ഞു.

നൈജീരിയൻ പൗരന്മാർ തീവ്രവാദികളായ ഇസ്ലാമിസ്റ്റുകളുടെ അക്രമവും കടുത്ത വിവേചനവും നേരിടുന്നവരാണ്. ഏകപക്ഷീയമായ തടങ്കലുകൾ, ഭരണകൂടം അനുവദിച്ച ശരീ-അത്ത് കോടതികളുടെ വധശിക്ഷ എന്നിവയും നൈജീരിയൻ ക്രൈസ്തവർ നേരിടുന്നുണ്ടെന്ന് USCIRF കണ്ടെത്തി. നൈജീരിയയിൽ ക്രിസ്ത്യാനികളെ തട്ടിക്കൊണ്ടു പോകലുകളും കൊലപാതകങ്ങളും വ്യാപകമാണ്. രാജ്യത്തെ മിഡിൽ ബെൽറ്റിൽ കുറഞ്ഞത് 11 ദേവാലയങ്ങളെങ്കിലും  ആക്രമിക്കപ്പെട്ടു. 2020 -ൽ അഡമാവാ സ്റ്റേറ്റിലെ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ പ്രാദേശിക ചെയർമാനെ ബോക്കോ ഹറാം പോരാളികൾ ശിരഛേദം ചെയ്തു.

ആയിരക്കണക്കിന് നൈജീരിയൻ ക്രിസ്ത്യാനികളുടെ കൊലപാതകങ്ങൾ തന്റെ സംഘടന രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഓപ്പൺ ഡോർസ് യുഎസ്എ -യുടെ സിഇഒ ഡേവിഡ് കറി പറഞ്ഞു. “ഭൂമിയിലെ മറ്റൊരു രാജ്യത്തും ഒരു ക്രിസ്ത്യൻ സമൂഹത്തിനു നേരെ ഇത്രയും തുടർച്ചയായ അക്രമം നടക്കുന്നത് കണ്ടിട്ടില്ല. കഴിഞ്ഞ 12 മാസമായി സ്ഥിതി കൂടുതൽ വഷളായി. ഈ അക്രമത്തെ നേരിടാൻ നൈജീരിയൻ സർക്കാർ വിസമ്മതിക്കുകയാണ്” – കറി പറഞ്ഞു.

നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുമായി നവംബർ 18, 19 തീയതികളിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ കൂടിക്കാഴ്ച നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.