യുഎസ് കാപ്പിറ്റോൾ കലാപം: സമാധാനം പുനഃസ്ഥാപിക്കുവാൻ ആഹ്വാനം ചെയ്തു അമേരിക്കൻ മെത്രാന്മാർ

അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് സർട്ടിഫിക്കേഷൻ സംബന്ധിച്ച ചർച്ചകൾ നടക്കവേ കാപ്പിറ്റോള്‍ കെട്ടിടത്തിലേക്ക് നുഴഞ്ഞു കയറി ഡൊണാൾഡ് ട്രംപ് അനുകൂലികൾ നടത്തിയ പ്രതിഷേധത്തെ കത്തോലിക്ക മെത്രാൻമാർ അപലപിച്ചു. ഒപ്പം സമാധാനം പുനഃസ്ഥാപിക്കണം എന്നും മെത്രാന്മാർ ജനങ്ങളോട് ആഹ്വാനം ചെയ്തു.

കാപ്പിറ്റോൾ കെട്ടിടത്തിൽ നടന്ന അക്രമത്തെ അപലപിക്കുന്നവർക്കൊപ്പം താനും പങ്കുചേരുന്നുവെന്നും അമേരിക്കക്കാരായ നാം ഇതല്ല ചെയ്യേണ്ടതെന്നും കാപ്പിറ്റോൾ സ്റ്റാഫിനും, പോലീസിനും, പൊതുസുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും യു.എസ് മെത്രാൻ സമിതി പ്രസിഡന്റും, ലോസ് ആഞ്ചലസ് മെത്രാപ്പോലീത്തയുമായ ജോസ് ഗോമസ് പ്രസ്താവിച്ചു. സമാധാനപൂർവ്വമായ അധികാര കൈമാറ്റം രാഷ്ട്രത്തിന്റെ പ്രത്യേകതകളിൽ ഒന്നാണെന്നും, രാഷ്ട്രത്തിന്റെ മൂല്യങ്ങൾക്കും, തത്വങ്ങൾക്കും, ജനാധിപത്യത്തിനും നമ്മെ തന്നെ സമർപ്പിച്ചുകൊണ്ട് ദൈവത്തിന്റെ കീഴിൽ ഒരൊറ്റ രാഷ്ട്രമായിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“സമാധാനത്തിന്റെ ദൈവമേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ” -എന്നാണ് യു.എസ് മെത്രാൻ സമിതി ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.