ഇഷ്ടിക കൊത്തുപണിയില്‍ നിര്‍മ്മിച്ച ഉറുഗ്വേയിലെ ദേവാലയം യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍

യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് മറ്റൊരു ക്രൈസ്തവ ദേവാലയം കൂടി. ലാറ്റിനമേരിക്കന്‍ രാജ്യമായ ഉറുഗ്വേയിലെ കനലോണ്‍സ് രൂപതയുടെ കീഴിലുള്ള ക്രിസ്റ്റോ ഒബ്‌റേറോ വൈ നുയിസ്ട്രാ സെനോറ ഡി ലൂര്‍ദ്‌സ് ദേവാലയത്തിനാണ് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്.

ഇഷ്ടിക കൊത്തുപണിയില്‍ നിര്‍മ്മിച്ച സിലിണ്ടര്‍ ബെല്‍-ടവര്‍ അടക്കമുള്ള വിവിധ നിര്‍മ്മാണ വൈദഗ്ദ്ധ്യങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ് ദേവാലയം. ഗ്ലാസുകളിലൂടെ സൂര്യപ്രകാശം ദേവാലയത്തിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് മുകള്‍ത്തട്ട് അടക്കമുള്ള ഭാഗങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 1952 -ല്‍ പ്രശസ്ത സിവില്‍ എഞ്ചിനീയര്‍ എലാഡിയോ ഡിയസ്റ്റയാണ് ദേവാലയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

യുനെസ്‌കോയുടെ പ്രഖ്യാപനത്തെ രൂപതാ മെത്രാനായ മോണ്‍സിഞ്ഞോര്‍ ഹെര്‍ബേര്‍ട്ടോ ബോഡിയാന്‍ഡ് സ്വാഗതം ചെയ്തു. പ്രഖ്യാപനത്തില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തികസഹായത്തിലൂടെ ഒത്തൊരുമിച്ച് അമൂല്യമായ ദേവാലയത്തെ സംരക്ഷിക്കാനും സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കി നല്‍കാനുമുള്ള ദൗത്യം തങ്ങള്‍ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.