ഹെയ്തിയിലെ ജനങ്ങള്‍ക്ക് സഹായമെത്തിച്ചും പ്രാര്‍ത്ഥിച്ചും അമേരിക്കയിലെ മെത്രാന്മാര്‍

ഹെയ്തിയിലുണ്ടായ രണ്ട് ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആത്മീയവും ഭൗതീകവുമായ ആശ്വാസവുമായി അമേരിക്കയിലെ മെത്രാന്‍സമിതി. യഥാക്രമം റിക്ടര്‍ സ്‌കെയിലില്‍ 7.2, 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഇനിയും കൃത്യമായ കണക്കുകള്‍ വരാനിരിക്കെ 300 പേരോളം മരണമടയുകയും 2000 -ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും നിരവധി കെട്ടിടങ്ങള്‍ക്ക് ഗുരുതരമായ നാശനഷ്ടം സംഭവിച്ചതായും റിപ്പോര്‍ട്ടുണ്ട്. സമയം പിന്നിടുന്തോറും കണക്കുകള്‍ ഉയരുകയും ചെയ്യുന്നു.

അമേരിക്കന്‍ മെത്രാന്‍സമിതിയുടെ അദ്ധ്യക്ഷനും ലോസ് ആഞ്ചലസ് അതിരൂപതാ മെത്രാപ്പോലീത്തയുമായ ഹൊസെ ഗോമസ് ഇറക്കിയ കുറിപ്പില്‍, തങ്ങളുടെ പ്രിയപ്പട്ടവരുടെ വിയോഗത്തില്‍ ദു:ഖിതരായി വിലപിക്കുകയും ഭൂമികുലുക്കത്തില്‍ ദുരിതമനുഭവിക്കുന്നവരുമായ ഹെയ്തിയിലെ ജനങ്ങള്‍ക്ക് ആഴമായ പ്രാര്‍ത്ഥനയര്‍പ്പിച്ചു. ഇന്നലെ പ്രത്യേകിച്ച്, പരിശുദ്ധ അമ്മയുടെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിനത്തില്‍ അമേരിക്കന്‍ മെത്രാന്‍സമിതിയുടെ പേരില്‍ ഹെയ്തിയിലെ മെത്രാന്‍സമിതി അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ലോണറി സതൂര്‍ണെയ്ക്കും ഹെയ്തിയിലെ വിശ്വാസ സമൂഹത്തില്‍ അക്ഷീണം സേവനം ചെയ്യുന്നവര്‍ക്കും പ്രാര്‍ത്ഥനയും സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു. തുടര്‍ച്ചയായ ഈ പരീക്ഷണ നിമിഷങ്ങളില്‍ ഹെയ്തിയന്‍ സഭയ്ക്ക് മദ്ധ്യസ്ഥയും ദ്വീപിന്റെ രക്ഷാധികാരിയുമായ നിത്യസഹായ മാതാവ് ആശ്വാസവും അനുകമ്പയും സാമിപ്യവുമാകട്ടെ എന്നും അദ്ദേഹം അറിയിച്ചു.

അതേസമയം എല്ലാ കത്തോലിക്കരോടും നല്ല മനസ്‌കരോടും ഹെയ്തിയിലെ സമാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകാന്‍ അമേരിക്കന്‍ മെത്രാന്‍സമിതിയുടെ അന്തര്‍ദേശീയ മാനുഷികസംഘടനയായ കാത്തലിക് റിലീഫ് സൊസൈറ്റിയുമായി (CRS) ബന്ധപ്പെടാനും ആവശ്യപ്പെട്ടു. ഹെയ്തിയിലെ നമ്മുടെ സഹോദരീസഹോദര്‍ക്ക് സമാശ്വാസമെത്തിക്കാന്‍ കഴിയുന്ന എല്ലാര്‍ക്കുമുള്ള തന്റെ നന്ദിയും അറിയിച്ചുകൊണ്ടാണ് മോണ്‍. ഗോമസ് സന്ദേശം അവസാനിപ്പിച്ചത്.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.