കുട്ടികളെ സഹായിക്കുന്നതിനായി ഒൻപത് ശതകോടി ഡോളർ സമാഹരണത്തിന് യൂണിസെഫ്

ലോകമെമ്പാടുമുള്ള കുട്ടികളെ സഹായിക്കുന്നതിനായി 2022 -ൽ 950 കോടി ഡോളർ സമാഹരിക്കാനൊരുങ്ങി യൂണിസെഫ്. വിവിധ സംഘർഷങ്ങൾ, കാലാവസ്ഥാ പ്രതിസന്ധി, കോവിഡ് -19 എന്നിവയാൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഏതാണ്ട് 145 രാജ്യങ്ങളിലെ 18 കോടിയോളം കുട്ടികൾക്ക് സഹായമെത്തിക്കുന്നതിനു വേണ്ടി 950 കോടി ഡോളർ സമാഹരിക്കാൻ ലക്ഷ്യമിട്ട് ഐക്യരാഷ്ട്ര സഭയുടെ ശിശുക്ഷേമനിധി യുണിസെഫ് ഒരു അടിയന്തിര സഹായ ധനസമാഹരണത്തിന് ഒരുങ്ങുന്നു. യൂണിസെഫ് മേധാവി ഹെൻറിയെത്ത ഫോർ ആണ് സഹായനിധി സമാഹരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിച്ചത്.

ഇതിൽ ഇരുനൂറ് കോടിയോളം ഡോളർ, അഫ്ഗാനിസ്ഥാനിലെ ഒന്നേകാൽ കോടിയിലധികം കുട്ടികൾക്ക് അടിയന്തിര മാനുഷികസഹായം എത്തിക്കുന്നതിനു വേണ്ടിയാണ്. ഇതുവരെയുള്ള യൂണിസെഫ് ചരിത്രത്തിൽ ആദ്യമായാണ് ഒരു രാജ്യത്തിനു വേണ്ടി മാത്രം യൂണിസെഫ് ഇത്രയും വലിയ ഒരു സഹായത്തുകയ്ക്കായി പരിശ്രമിക്കുന്നത്. ലോകത്തെമ്പാടുമുള്ള ഏതാണ്ട് നാലു കോടിയോളം കുട്ടികൾ രൂക്ഷമായ ജലക്ഷാമമുള്ള പ്രദേശങ്ങളിലാണ് താമസിക്കുന്നത്.

ഏതാണ്ട് 93 കോടിയോളം ഡോളറാണ് കോവിഡ് സംബന്ധമായ സഹായങ്ങൾക്കായി മാറ്റിവയ്ക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. 90 കോടിയോളം ഡോളർ സിറിയൻ അഭയാർത്ഥി പ്രശ്നമേഖലകളിലേക്കാണ്. ഏതാണ്ട് അൻപതു കോടിയോളം ഡോളർ യെമെനു വേണ്ടിയും നീക്കിവയ്ക്കും. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കവെ, ലോകത്തെമ്പാടും ദശലക്ഷക്കണക്കിന് കുട്ടികളാണ് കാലാവസ്ഥാപ്രതിസന്ധിയും, മറ്റ് അസൗകര്യങ്ങളും മൂലം ബുദ്ധിമുട്ടുന്നതെന്നും ഏതാണ്ട് മൂന്നു വർഷത്തോളമായി ലോകത്ത് നിലനിൽക്കുന്ന കോവിഡ് 19 പ്രതിസന്ധി കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നുണ്ടെന്നും യൂണിസെഫ് മേധാവി ഹെൻറിയെത്ത ഫോർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.