18 ടൺ അടിയന്തര സഹായസാമഗ്രികൾ യുണിസെഫ് ലിബിയയില്‍ എത്തിച്ചു

ലിബിയയിലെ ആഭ്യന്തരയുദ്ധത്തിലകപ്പെട്ട കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി യുണിസെഫ് ചാർട്ടർ ചെയ്ത 18 ടൺ അടിയന്തര സഹായവസ്തുക്കൾ നിറച്ച ഒരു വിമാനം വടക്കുപടിഞ്ഞാറൻ ലിബിയയിലെ മിസുരാത്ത വിമാനത്താവളത്തിൽ എത്തിയതായി യൂണിസെഫ് വാർത്ത പുറത്തുവിട്ടു. ട്രിപ്പോളിക്കു ചുറ്റും ക്യാമ്പുകളിലുള്ളവർക്ക് സഹായമെത്തിക്കാൻ ഇതിലൂടെ കഴിയും.

ട്രിപ്പോളിയും പടിഞ്ഞാറൻ ലിബിയയുമായുള്ള കലാപം ഏതാണ്ട് 1.5 ദശലക്ഷം പേരെയാണ് ബാധിച്ചിട്ടുള്ളത്. ഇക്കൂട്ടത്തിൽ ഏതാണ്ട് 5 ലക്ഷത്തോളം കുട്ടികളും ഉൾപ്പെടുന്നു. വെടിവയ്പുകളിൽ ധാരാളം പൊതുജനങ്ങൾ മരിക്കുകയും മുറിവേൽക്കപ്പെടുകയും കാണാതാവുകയും ചെയ്തിട്ടുണ്ട്. കലാപങ്ങളുടെ നടുവിൽ ഏറ്റവും കഷ്ടപ്പെടുന്നവർ കുട്ടികളും കുടുംബങ്ങളുമാണെന്നും ശുദ്ധജലവും, ശുചീകരണ ഉപകരണങ്ങളും, മരുന്നുകളും, വിദ്യാഭ്യാസ സംവിധാനങ്ങളും കുട്ടികളുടെ ഉല്ലാസത്തിനായുള്ള സംവിധാനങ്ങളും യുണിസെഫും അതിന്‍റെ ഉപസംഘടനകളും ഒരുക്കിയതായും കുടുംബങ്ങളുടെ ആവശ്യങ്ങളെ നേരിടാൻ പരിശ്രമിക്കുന്നുണ്ടെന്നും ലിബിയയിലെ യൂണിസെഫ് പ്രതിനിധിയായ അബ്ദെൽ റഹ്‌മാൻ ഖണ്ഡവുർ അറിയിച്ചു.

ഈ വിമാനത്തിൽ കുടിവെള്ളവും, ശുചീകരണ വസ്തുക്കളും, ജലശുദ്ധീകരണത്തിനായുള്ള ഉപകരണങ്ങളും, സ്ത്രീജനങ്ങൾക്കായുള്ള ശുചീകരണ വസ്തുക്കളും , പോഷകാഹാര പദാർത്ഥങ്ങളും ഉൾപ്പെടുന്നു.