2021 -ൽ മാധ്യമപ്രവർത്തകരുടെ കൊലപാതകങ്ങൾ കുറഞ്ഞു, എന്നാൽ ഭീഷണികൾ നിലനിൽക്കുന്നുവെന്ന് യുനെസ്കോ

ജനുവരി ആറാം തീയതി പാരീസിൽ വെളിപ്പെടുത്തിയ യുനെസ്കോയുടെ കണക്കുകൾ പ്രകാരം 2021 -ൽ ലോകമെമ്പാടും അമ്പത്തിയഞ്ച് പത്രപ്രവർത്തകരും മാധ്യമപ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കുറഞ്ഞ വാർഷിക മരണസംഖ്യയാണിത്. എന്നാൽ, മാധ്യമപ്രവർത്തകരുടെ കൊലപാതകങ്ങൾ കുറഞ്ഞു എന്നാൽ ഭീഷണികൾ നിലനിൽക്കുന്നുവെന്ന് യുനെസ്കോ വെളിപ്പെടുത്തി. വിദ്യാഭാസ, ശാസ്ത്രീയ, സാംസ്കാരിക കാര്യങ്ങൾക്കായുള്ള ഐക്യരാഷ്ട്രസഭാ സംഘടനയായ യുനെസ്കോയുടെ പ്രസ്താവനയാണ് ഇങ്ങനെ വെളിപ്പെടുത്തിയത്.

എന്നിരുന്നാലും, കുറ്റവാളികൾ രക്ഷപെടുന്നത് വ്യാപകമാണ്. കൂടാതെ മാധ്യമപ്രവർത്തകർ ഇപ്പോഴും വളരെയധികം അപകടസാധ്യതകൾ അഭിമുഖീകരിക്കുന്നുണ്ട്. “2021 -ൽ വളരെയധികം മാധ്യമപ്രവർത്തകർ സത്യം വെളിച്ചത്തു കൊണ്ടുവരാൻ ആത്യന്തികവിലയായി ജീവൻ നൽകേണ്ടി വന്നതായി യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസൗലേയ് പറഞ്ഞു. ലോകത്തിന് എന്നത്തേക്കാളും സ്വതന്ത്രവും വസ്തുതാപരവുമായ വിവരങ്ങൾ ഈ കാലഘട്ടത്തിൽ ആവശ്യമാണ്. അത് നൽകാൻ അക്ഷീണം പ്രവർത്തിക്കുന്നവർക്ക് ഭയമില്ലാതെ പ്രവർത്തിക്കാൻ കഴിയുമെന്ന് ഉറപ്പു നൽകാൻ നാം കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു എന്ന് അദ്ദേഹം കൂട്ടിചേർത്തു.

വധിക്കപ്പെട്ട മാധ്യമപ്രവർത്തകർക്കായുള്ള യുനെസ്കോയുടെ നിരീക്ഷണാലയം 2021 -ൽ അമ്പത്തിയഞ്ച് പത്രപ്രവർത്തകരുടെ കൊലപാതക വിവരങ്ങൾ ശേഖരിച്ചു. ഇതിൽ മൂന്നിൽ രണ്ട് ഭാഗവും സായുധസംഘർഷങ്ങൾ ഇല്ലാത്ത രാജ്യങ്ങളിൽ നടന്നതാണ്. തെറ്റായ പ്രവൃത്തികൾ തുറന്നുകാട്ടുന്നതിനായി പത്രപ്രവർത്തകർ അവരുടെ ദൈനംദിന വാർത്താവിതരണത്തിൽ നേരിടുന്ന അപകടസാധ്യതകളും തുടരുന്നു.

ഏതാനും വർഷങ്ങൾക്കു മുമ്പ്, 2013 -ൽ, സംഘർഷഭരിതമായ രാജ്യങ്ങളിലാണ് മൂന്നിൽ രണ്ട് കൊലപാതകങ്ങൾ നടന്നത് എന്നത് സ്ഥിതിഗതികൾ പൂർണ്ണമായും മാറ്റിമറിക്കുന്നതായാണ് അടയാളപ്പെടുത്തപ്പെടുന്നത്.

2021 -ലെ മരണങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് രണ്ട് മേഖലകളിലാണ്. ഏഷ്യ-പസഫിക് പ്രദേശങ്ങളിൽ 23 കൊലപാതകങ്ങളും, ലാറ്റിൻ അമേരിക്ക – കരീബിയൻ മേഖലകളിൽ 14 എണ്ണവും രേഖപ്പെടുത്തിട്ടുണ്ട്. ഒരു ദശാബ്ദത്തിനിടെ മാധ്യമപ്രവർത്തകരുടെ കൊലപാതകങ്ങളുടെ എണ്ണം ഏറ്റവും താഴ്ന്ന നിലയിലാണെങ്കിൽ ഈ കുറ്റകൃത്യങ്ങൾ ശിക്ഷിക്കപ്പെടാതെ പോകുന്നത് ഭയാനകമാംവിധം വ്യാപകമാണ്. യുനെസ്കോയുടെ രേഖ കാണിക്കുന്നത് 2006 മുതലുള്ള മാധ്യമപ്രവർത്തകരുടെ കൊലപാതകങ്ങളിൽ 87 % ഇപ്പോഴും തീർപ്പു കൽപിക്കപ്പെട്ടിട്ടില്ല.

ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകരിൽ ഭൂരിഭാഗവും തടവ്, ശാരീരിക ആക്രമണം, ഭീഷണിപ്പെടുത്തൽ, പീഡനം എന്നിവയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നു. വനിതാ മാധ്യമപ്രവർത്തകർ പ്രത്യേകിച്ചും ഓൺലൈൻ പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്ന വ്യാപനം അഭിമുഖീകരിക്കുന്നു – ഏപ്രിലിൽ യുനെസ്കോ പുറത്തിറക്കിയ ഒരു റിപ്പോർട്ട് കാണിക്കുന്നത്, സർവേയിൽ പങ്കെടുത്ത വനിതാ മാധ്യമപ്രവർത്തകരിൽ മുക്കാൽ ഭാഗവും അവരുടെ ജോലിയുമായി ബന്ധപ്പെട്ട ഓൺലൈൻ അക്രമങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നാണ്.

ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകരുടെ അഭിപ്രായസ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനുള്ള ആഗോള അധികാര പത്രമുള്ള യുനെസ്ക്കോ 2022 -ൽ അതിന്റെ പത്തു വർഷത്തെ വാർഷികം ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് മാധ്യമപ്രവർത്തകരുടെ സുരക്ഷയും ശിക്ഷാഭീതിയില്ലാത്തതും സംബന്ധിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കർമ്മപദ്ധതി ഏകോപിപ്പിക്കുകയും ചെയ്യുന്നു.

ഈ സംഘടന വ്യവസ്ഥാപിതമായി ഓരോ മാധ്യമപ്രവർത്തകന്റെ കൊലപാതകത്തെയും അപലപിക്കുകയും പൂർണ്ണമായ അന്വേഷണം നടത്താൻ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു. പത്രപ്രവർത്തകർക്കും ജുഡീഷ്യൽ പ്രവർത്തകർക്കും പരിശീലനം നൽകുകയും പിന്തുണയുള്ള നയങ്ങളും നിയമങ്ങളും വികസിപ്പിക്കുന്നതിന് സർക്കാരുകളുമായി സഹകരിക്കുകയും ചെയ്യുന്നു. കൂടാതെ വർഷംതോറും മെയ് 3 -ന് ലോക മാധ്യമസ്വാതന്ത്ര്യ ദിനാചരണം പോലുള്ള പരിപാടികളിലൂടെ ആഗോള അവബോധം വളർത്തുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.