കരുണയുടെ കരത്തിന്‍ കീഴില്‍

ജിന്‍സി സന്തോഷ്‌

മനുഷ്യർക്കു മാത്രം ഇടം നൽകിയ നെഞ്ചായിരുന്നില്ല ക്രിസ്തുവിന്റേത്. നല്ലിടയന്റെ ചിത്രം ആകർഷകമാവുന്നത് അവന്റെ കൈയ്യിൽ ഒരു കുഞ്ഞാട് പുഞ്ചിരിക്കുന്നതുകൊണ്ടു കൂടിയാണ്. മുൾപ്പടർപ്പിൽ കുടുങ്ങിപ്പോയതും കാലൊടിഞ്ഞതും ഈ കുഞ്ഞാടിൻ്റേതായിരുന്നു. വഴിതെറ്റിയ കുഞ്ഞാടിനെ തന്റെ മൃദുലമായ നെഞ്ചിൽ ചേർത്ത് ചുബിച്ചതും ഉയിരിൻ നദി ഒഴുക്കിയതും ക്രിസ്തു തന്നെ.

എത്രയെത്ര സന്ദർഭങ്ങളിലാണ് കുഞ്ഞാടിനെ എന്നപോലെ അവൻ എന്നെയും നെഞ്ചോട് ചേർത്തുപിടിച്ചത്. ഈ ലോകത്തിന്റെ കൗതുകങ്ങളുടെ പുറകേ പോയി ഏതോ മുൾച്ചെടിക്കാട്ടിൽ ഉടക്കികിടന്ന കുഞ്ഞാടായിരുന്നു ഞാൻ. ലോകത്തിന്റെ കൗതുകങ്ങളൊക്കെ എനിക്കായ് ഒരുക്കിവച്ച കെണികളായിരുന്നുവെന്ന വൈകിയ തിരിച്ചറിവിൽ ഇടയന്റെ സ്വരത്തിനു കാതോർത്ത് മുൾച്ചെടിക്കാട്ടിൽ ഏങ്ങിക്കരയുന്ന എന്നെ ബാക്കി തൊണ്ണൂറ്റിയൊന്‍പതിനെയും വിട്ട് എനിക്കായ് തിരഞ്ഞുവന്ന നല്ലിടയൻ.

എന്റെ അരികിലെത്തി ആ മുൾച്ചെടിക്കാട്ടിൽ നിന്ന് എന്നെ കോരിയെടുക്കുമ്പോൾ നല്ലിടയാ, നിന്റെ കൈകളിലും മേനിയിലും പോറലുകൾ ഏറെ വീഴുന്നത് ഞാനറിഞ്ഞിരുന്നു. നിന്റെ കൈത്തണ്ടയിൽ രക്തം കിനിയുന്നതും അങ്ങനെ രക്തം വാർന്നു വീഴുമ്പോഴും എന്നെ ചങ്കോട് ചേർത്തുപിടിച്ചതിന്റെ സ്നേഹമാണ് കാൽവരിക്കുരിശിലും ഞാൻ കാണുന്നത്. അവിടെ ഇറ്റുവീണ രക്തമൊക്കെയും നീ എന്നെ ചേർത്തുപിടിച്ചതിന്റെ തുടർച്ചയാണെന്ന് ഞാനറിയുന്നു.

ലോകത്തിന്റെ പരിഹാസങ്ങൾക്കും അവഗണനകൾക്കും നടുവിൽ ഒറ്റപ്പെട്ടു നിൽക്കുമ്പോഴും എനിക്കുവേണ്ടി രക്തം വാർന്നൊഴുകുന്ന നിന്റെ ചങ്കോട് ചേർന്നിരിക്കാൻ, നെറ്റിത്തടത്തിൽ നിന്റെ ചുംബനങ്ങൾ ഏറ്റുവാങ്ങി എന്റെ ചിന്തകളെ വിശുദ്ധിയിലേയ്ക്ക് വീണ്ടെടുക്കാൻ… നല്ലിടയാ, നീ എന്നെ മാറോട് ചേർക്കണമേ…

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.