ചരിത്രത്തിൽ ആദ്യമായി മതപീഡനങ്ങൾക്കു വിധേയരായവർക്കായുള്ള ദിനം ആചരിച്ച്  യുഎൻ

ചരിത്രത്തിൽ ആദ്യമായി മതപീഡനങ്ങൾക്കു ഇരയായവരെ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക ദിനം ആചരിച്ച് യുഎൻ. മതങ്ങളുടെയും വിശ്വാസങ്ങളുടെയും പേരിൽ പീഡിപ്പിക്കപ്പെടുന്ന ആളുകളെ പ്രത്യേകം ഓഗസ്റ്റ് മാസം 22-ാം തീയതി പ്രത്യേകം അനുസ്മരിച്ചിരുന്നു.

“ഈ പ്രത്യേക ദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശ്വാസത്തിന്റെ, മതത്തിന്റെ പേരിൽ ആക്രമണങ്ങൾ നേരിടുന്നവരെ പ്രത്യേകം അനുസ്മരിക്കുകയും അവർക്ക് പിന്തുണ നൽകുകയും ചെയ്യുന്നു. പല ഭാഗങ്ങളിൽ നിന്നും വേദനിപ്പിക്കുന്ന വിവരണങ്ങളാണ് ഓരോ ദിവസവും ഉയർന്നുവരുന്നത്. ഈ അവസരത്തിൽ തങ്ങളുടെ അധികാരപരിധിയിൽ നിന്നുകൊണ്ട് മതപീഡനങ്ങളെ ചെറുക്കുവാൻ കഴിയുന്നതൊക്കെയും ചെയ്യും” എന്ന് യുഎൻ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്രസ് വെളിപ്പെടുത്തി.

മതപീഡനങ്ങൾക്ക് ഇരയായവർക്കായുള്ള പ്രത്യേക ദിനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആളുകൾ വിശ്വാസത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുന്നതിനെ യുഎൻ രക്ഷാസമിതി അപലപിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി മതത്തിന്റെ പേരിലുള്ള പീഡനങ്ങൾ ലോകത്താകമാനം വർദ്ധിച്ചുവരികയാണ്. യൂദന്മാർ അവരുടെ സിനഗോഗുകളിൽ വച്ചും, മുസ്ലിങ്ങൾ അവരുടെ നിസ്കാര സ്ഥലങ്ങളിലും, ക്രൈസ്തവർ പ്രാർത്ഥനക്കിടയിലും ദേവാലയങ്ങളിലും വെടിയേറ്റ് മരിച്ചു വീഴുന്നു. ജാതി-മതവ്യത്യാസമില്ലാതെ ആരാധനാലയങ്ങൾ തകർക്കപ്പെടുന്നു. ഇവയൊക്കെ മാറ്റേണ്ടതും തടയേണ്ടതുമാണ് എന്ന് ജനറൽ അസംബ്ലിയിൽ നേതാക്കൾ ചൂണ്ടിക്കാണിച്ചു.

പീഡിപ്പിക്കപ്പെടുന്ന മതവിഭാഗങ്ങളിൽ ഏറ്റവും പരിതാപകരമായ അവസ്ഥ നേരിടുന്നത് ക്രൈസ്തവരാണെന്ന് ബ്രിട്ടീഷ് ഫോറിൻ ഓഫീസ് നിയോഗിച്ച കമ്മീഷൻ വെളിപ്പെടുത്തി. ഒപ്പം തന്നെ അമേരിക്കയിലെ അന്തർദേശീയ മതസ്വാതന്ത്ര്യ കമ്മീഷൻ നടത്തിയ പഠനങ്ങൾ പ്രകാരം മുൻവർഷങ്ങളിലേതിനേക്കാൾ മതപീഡനങ്ങൾ ആശങ്കാജനകമായ രീതിയിൽ വർദ്ധിക്കുന്നു എന്ന വസ്തുതയും സമിതിയിൽ ഉയർത്തിക്കാട്ടിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.