അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികൾ ഗുരുതരമായ അപകടത്തിൽ: യുഎൻ -ന്റെ മുന്നറിയിപ്പ്

അഫ്ഗാനിസ്ഥാനിൽ ആയിരക്കണക്കിന് ക്രിസ്ത്യാനികൾ നേരിടുന്നത് ഗുരുതരമായ അപകടമാണെന്ന് മുന്നറിയിപ്പ്. രാജ്യത്ത് നിന്നും രക്ഷപ്പെടാനുള്ള അവസരങ്ങൾ ഇവർക്ക് ലഭ്യമാക്കണമെന്ന് ഗവൺമെന്റിനോട് യുഎൻ ലീഗൽ ഓഫീസർ ജിയോർജിയോ മസോളി ആവശ്യപ്പെട്ടു.

ആഗസ്റ്റ് 24 -ന് മനുഷ്യാവകാശ കൗൺസിലിന്റെ 31 -ാമത് പ്രത്യേക സെഷനിൽ അഫ്ഗാനിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ജനീവയിലെ ക്രിസ്ത്യൻ നിയമ പ്രതിരോധസംഘടനയായ ADF ഇന്റർനാഷണലിന്റെ യുണൈറ്റഡ് നേഷൻസ് ലീഗൽ ഓഫീസർ ജിയോർജിയോ മസോളി മനുഷ്യാവകാശത്തിന്റെ ഗുരുതരമായ അവസ്ഥയെക്കുറിച്ച് സംസാരിച്ചു. സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും എതിരായ ഗുരുതരമായ സാഹചര്യവും തത്ഫലമായുണ്ടായ അഫ്ഗാനിസ്ഥാനിലെ മാനുഷികപ്രതിസന്ധിയും നിലവിലെ ഭരണകൂടത്തിന്റെ അക്രമത്തിന് വിധേയരാകാതിരിക്കാൻ പല പൗരന്മാരെയും പലായനം ചെയ്യാൻ പ്രേരിപ്പിക്കുകയാണെന്ന് മസോളി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

“അഫ്ഗാനിസ്ഥാനിലെ അതിവേഗം വഷളാകുന്ന സുരക്ഷാ – മനുഷ്യാവകാശ സാഹചര്യങ്ങളിൽ എ.ഡി.എഫ് ഇന്റർനാഷണൽ വളരെയധികം ആശങ്കാകുലരാണ്. മാനുഷികപ്രതിസന്ധിയിൽ ആയിരക്കണക്കിന് അഫ്ഗാൻ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും രാജ്യത്തിനകത്തു തന്നെ മാറ്റിപ്പാർപ്പിക്കുകയും കൂടുതൽ പേരെ പീഡനത്തിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യണം” – അദ്ദേഹം കൂട്ടിച്ചേർത്തു.

“10,000 -ത്തോളം ക്രിസ്ത്യാനികള്‍ ഇവിടെ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അവരിൽ പലരും ഇസ്ലാമിൽ നിന്ന് ക്രിസ്തുമതത്തിലേക്ക് മാറിയതിന് ‘കുറ്റവാളികൾ’  ആണ്. ഇത് ‘ശരീഅത്ത്’ നിയമപ്രകാരം വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്,” -അദ്ദേഹം വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.