വി. മദര്‍ തെരേസയോടുള്ള ആദരസൂചകമായി തപാല്‍ സ്റ്റാംപുകള്‍ പുറത്തിറക്കി ഐക്യരാഷ്ട്ര സഭ

വി. മദര്‍ തെരേസയോടുള്ള ആദരസൂചകമായി തപാല്‍ സ്റ്റാംപുകള്‍ പുറത്തിറക്കി ഐക്യരാഷ്ട്ര സഭ. മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ അഞ്ചാം പിറന്നാളിലാണ് യു.എന്നിന്റെ ഈ നടപടി. മദറിന്റെ ചിത്രത്തോടൊപ്പം മദര്‍ പറഞ്ഞ ഒരു വാക്യവും സ്റ്റാംപില്‍ ഇടംപിടിച്ചിട്ടുണ്ട്.

“നമുക്കെല്ലാവര്‍ക്കും മഹത്തായ കാര്യങ്ങള്‍ ചെയ്യാനാവില്ല. എന്നാല്‍ ചെറിയ കാര്യങ്ങള്‍ മഹത്തരമായ സ്നേഹത്തോടെ നമുക്കെല്ലാം ചെയ്യാന്‍ സാധിക്കും” എന്ന മദറിന്റെ വാക്കുകളാണ് സ്റ്റാംപില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ നാലിനാണ് വിശുദ്ധപദവിയിലേയ്ക്കുള്ള മദര്‍ തെരേസയുടെ പ്രവേശനത്തിന്റെ അഞ്ചാം വാര്‍ഷികം.

ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്തു നിന്നുള്ള തപാല്‍ ഇടപാടുകള്‍ക്കായി 1.80 ഡോളര്‍ മൂല്യമുള്ള സ്റ്റാംപാണ് പുറത്തിറക്കിയിരിക്കുന്നതെന്ന് യു.എന്‍ പോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു. യു.എന്നിലെ ഡിസൈനറായ റോറി കാറ്റ്‌സാണ് സ്റ്റാംപ് രൂപകല്‍പന ചെയ്തത്. മദര്‍ തെരേസയോടുള്ള ആദരസൂചകമായി ഇതിനു മുമ്പ് 2010 -ല്‍ അമേരിക്കയും 2016 -ല്‍ വത്തിക്കാനും സ്റ്റാംപുകള്‍ പുറത്തിറക്കിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.