റഷ്യന്‍ ക്രൂരതയുടെ മറ്റൊരു ഇര; തകര്‍ച്ചയുടെ വേദനയില്‍ ആന്‍ഡ്രിവ്ക ഗ്രാമവും

തന്റെ 23 -ാം ജന്മദിനം ആഘോഷിച്ചതിന്റെ പിറ്റേന്ന് ആന്റണ്‍ ഇഷെങ്കോ എന്ന ചെറുപ്പക്കാരനെ കീവിനു പടിഞ്ഞാറുള്ള ആന്‍ഡ്രിവ്ക ഗ്രാമത്തിലെ വീട്ടില്‍ നിന്ന് റഷ്യക്കാര്‍ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൊണ്ടുപോയി. റഷ്യന്‍ സൈന്യം ഗ്രാമം വിട്ട് ഒരു മാസത്തിനു ശേഷം, കുടുംബം ആന്റണിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വസ്ത്രം കൊണ്ട് മാത്രം തിരിച്ചറിയേണ്ട അവസ്ഥയില്‍ അവര്‍ അവനെ അംഗഭംഗവും വരുത്തിയിരുന്നു.

“അവന്‍ വളരെ നല്ല കുട്ടിയായിരുന്നു, മിടുക്കനായിരുന്നു. അവന്‍ കവിത ഭംഗിയായി ചൊല്ലുമായിരുന്നു” -ആന്റണിന്റെ മുത്തശ്ശി ടെറ്റിയാന വേദനയോടെ ഓര്‍ക്കുന്നു. “അവനു പകരം എന്നെ കൊണ്ടുപോകൂ എന്ന് എന്റെ ഭര്‍ത്താവ് റഷ്യക്കാരോടു പറഞ്ഞപ്പോള്‍ അവര്‍ തോക്കു ചൂണ്ടി, വീട്ടിലേക്കു പോകൂ; അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ രണ്ടു പേരെയും കൊണ്ടുപോകാം എന്ന് പറഞ്ഞു” – കണ്ണീരോടെ ടെറ്റിയാന കൂട്ടിച്ചേര്‍ത്തു.

തലസ്ഥാനത്തു നിന്ന് 60 കിലോമീറ്റര്‍ അകലെ, ബെലാറസ് അതിര്‍ത്തി പ്രദേശത്തുള്ള ആന്‍ഡ്രിവ്കയില്‍ ആയിരത്തോളം ആളുകള്‍ താമസിച്ചിരുന്നു. അവരില്‍ 40 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യുദ്ധവും ഒരു മാസത്തെ അധിനിവേശവും മൂലം ഈ ഗ്രാമം നശിച്ചിരിക്കുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കും റഷ്യക്കാര്‍ ഉപേക്ഷിച്ചുപോയ യുദ്ധോപകരണങ്ങള്‍ക്കുമിടയില്‍ ചെളിയില്‍ പുതഞ്ഞുകിടക്കുന്ന പക്ഷിമൃഗാദികളുടെ മൃതദേഹങ്ങളും കാണാം. കിഴക്കന്‍ ഉക്രൈനിലേക്ക് റഷ്യന്‍ സൈന്യം ചുവടു മാറ്റുമ്പോള്‍, അവര്‍ വിട്ടുപോയ ഗ്രാമങ്ങളില്‍ ഭയാനകസംഭവങ്ങള്‍ കൂടുതല്‍ കൂടുതല്‍ വെളിപ്പെടുകയാണ്.

“അവര്‍ മൃഗങ്ങളാണ്; മനുഷ്യര്‍ ഇങ്ങനെയല്ല പെരുമാറുന്നത്. എന്റെ മാതാപിതാക്കള്‍ യുദ്ധത്തെക്കുറിച്ച് എന്നോട് പറഞ്ഞിട്ടുണ്ട്. ഫാസിസ്റ്റുകള്‍ പോലും അത്തരം കാര്യങ്ങള്‍ ചെയ്തിട്ടില്ല” – ഗ്രിഗോറി ക്ലിമെന്‍കോ എന്ന വ്യക്തി പറഞ്ഞു. “അവര്‍ എന്താണ് ലക്ഷ്യമാക്കുന്നതെന്ന് എനിക്കറിയില്ല; അവര്‍ എല്ലാം നശിപ്പിച്ചു. അവര്‍ എന്താണ് ചെയ്തതെന്ന് വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല”-  ലിയോണിഡ് എന്നൊരാള്‍ പറയുന്നു.

റഷ്യക്കാര്‍ പിന്‍വാങ്ങിയതോടെ, ചില താമസക്കാര്‍ ഗ്രാമം വിടാന്‍ തുടങ്ങിയിരിക്കുന്നു. ചിലര്‍ അഭയകേന്ദ്രങ്ങളില്‍ നിന്ന് പുറത്തുവരുന്നു. ബുച്ചയും ഇര്‍പിനും പോലെ സിവിലിയന്മാരെ ബോധപൂര്‍വ്വം ലക്ഷ്യമിടുന്നതിന്റെയും യുദ്ധനിയമങ്ങളാല്‍ നിരോധിച്ചിരിക്കുന്ന മറ്റ് അതിക്രമങ്ങളുടെയും മുഖമുദ്രയാണ് ഇപ്പോള്‍ ആന്‍ഡ്രിവ്കയും.

കീർത്തി ജേക്കബ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.