ഇന്ത്യൻ സർക്കാരിനോട് ഫാ. സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുകെ ബിഷപ്പുമാർ

ഫാദർ സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണമെന്ന് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ട് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ പ്രസിഡന്റ് കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ്. 2020 ഒക്ടോബർ ഒൻപത് മുതൽ രാജ്യദ്രോഹക്കുറ്റം, ഭീകരവാദം എന്നീ കുറ്റങ്ങൾ ചുമത്തി തടവിലായിരിക്കുന്ന ജെസ്യൂട്ട് വൈദികനാണ് ഫാ. സ്റ്റാൻ. ഇന്ത്യയുടെ റിപ്പബ്ലിക് ദിനമായ ജനുവരി 26 -ന് പ്രസിദ്ധീകരിച്ച ഒരു തുറന്ന കത്തിൽ, ആണ് ഇക്കാര്യം യുകെ ബിഷപ്പുമാർ ആവശ്യപ്പെട്ടിരിക്കുന്നത്.

വെസ്റ്റ്മിൻസ്റ്റർ അതിരൂപതയിലെ കർദ്ദിനാൾ വിൻസെന്റ് നിക്കോൾസ്, ബ്രിട്ടനിലെ ജെസ്യൂട്ട് വൈദികൻ ഫാ.  ഡാമിയൻ ഹോവാർഡ് എന്നിവരാണ് മാനുഷിക പരിഗണന നൽകി ഫാ. സ്റ്റാൻ സ്വാമിക്ക് ജാമ്യം അനുവദിക്കാൻ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചത്. “പാർക്കിൻസൺസ് രോഗം ബാധിച്ച അദ്ദേഹത്തിന് ഭക്ഷണത്തിനും വസ്ത്രധാരണത്തിനും സഹായം ആവശ്യമാണ്. വേണ്ട വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യണം. മാത്രമല്ല, അദ്ദേഹത്തിന്റെ മേൽ ആരോപിച്ചിരിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം,” – കത്തിൽ പറയുന്നു.

ഫാ. സ്റ്റാൻ സ്വാമിയെ അന്യായമായി അറസ്റ്റു ചെയ്തതിനെക്കുറിച്ചും മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമാധാനപരമായ പ്രവർത്തനങ്ങളെ അടിച്ചമർത്തുവാൻ ഇന്ത്യൻ ഭരണകൂടം ശ്രമിക്കുന്ന രീതിയെക്കുറിച്ചും യുഎൻ പ്രതിനിധികളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് കത്തിൽ കർദ്ദിനാൾ നിക്കോൾസും ഫാദർ ഹോവാർഡും ചൂണ്ടിക്കാട്ടുന്നു. ഗുരുതരമായ തെളിവുകൾ ഉണ്ടെന്ന് എൻഐഎ അവകാശപ്പെടുന്നതിനാൽ അദ്ദേഹത്തിന് നിരവധി തവണ ജാമ്യം നിഷേധിച്ചിട്ടുണ്ട്. അറസ്റ്റിലായതിനുശേഷം ഇന്ത്യൻ ബിഷപ്പ്സ് കോൺഫറൻസ് (സിബിസിഐ), ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്പ്സ് കോൺഫറൻസ് (എഫ്എബിസി), ജെസ്യൂട്ട്സ് ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ആളുകളും ചർച്ച് സംഘടനകളും അദ്ദേഹത്തെ മോചിപ്പിക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ആളുകളുടെ ഭരണഘടനാ അവകാശങ്ങൾക്കായി പ്രവർത്തിക്കാൻ തന്റെ ജീവിതം സമർപ്പിച്ച വ്യക്തിയാണ് അദ്ദേഹം. മുംബൈയിലെ തിരക്കേറിയ ജയിലിൽ കഴിയുന്ന അദ്ദേഹത്തിന് കോവിഡ് ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അദ്ദേഹം ജയിലിലായിട്ട് നൂറ് ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.