ഉദയ്‌നഗര്‍ സേക്രഡ് ഹാര്‍ട്ട് പള്ളി ഇനി വാഴ്ത്തപ്പെട്ട റാണി മരിയ ചര്‍ച്ച് 

ഇന്‍ഡോര്‍: വാഴ്ത്തപ്പെട്ട രക്തസാക്ഷി റാണി മരിയയുടെ കബറിടം സ്ഥിതിചെയ്യുന്ന ഉദയ്‌നഗര്‍ സേക്രഡ് ഹാര്‍ട്ട് പള്ളി ഇനി വാഴ്ത്തപ്പെട്ട റാണി മരിയ ചര്‍ച്ച് എന്നറിയപ്പെടും. വാഴ്ത്തപ്പെട്ട റാണി മരിയയുടെ ആദ്യ തിരുനാളാഘോഷത്തിനു മുന്നോടിയായി ദേവാലയത്തിന്റെ പുനര്‍നാമകരണം ഔദ്യോഗികമായി നടത്തും.

റാണി മരിയയുടെ പേരില്‍ ആദ്യത്തെ ദേവാലയമാവും ഇത്. ശാന്തിസദന്‍ എന്നും അറിയപ്പെടുന്ന ഈ പള്ളി ഇതിനകം ഇന്‍ഡോര്‍ രൂപതയിലെ തീര്‍ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്.

സേക്രഡ് ഹാര്‍ട്ട് പള്ളിയുടെ പുനര്‍നാമകരണം സംബന്ധിച്ച വിവരങ്ങള്‍ രൂപതയുടെ വിവിധ കൗണ്‍സിലുകളില്‍ അവതരിപ്പിച്ചശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍ അറിയിച്ചു. ഉദയ്‌നഗര്‍ പള്ളിക്കു മുമ്പിലെ ചാപ്പലിലായിരുന്ന റാണി മരിയയുടെ കബറിടം ഇപ്പോള്‍ പള്ളിയുടെ അകത്താണ്. നാമകരണ നടപടികളുടെ ഭാഗമായി 2016 ലാണു ഭൗതികാവശിഷ്ടങ്ങള്‍ പള്ളിയിലേക്കു മാറ്റിസ്ഥാപിച്ചത്.

പള്ളിയോടു ചേര്‍ന്നു റാണി മരിയ ഫോട്ടോ ഗാലറി, മ്യൂസിയം ഉള്‍പ്പെടുന്ന റാണി മരിയ ആശ്രമം, റാണി മരിയ താമസിച്ചിരുന്ന സ്‌നേഹസദന്‍ മഠം എന്നിവയുമുണ്ട്.

വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാള്‍ദിനമായി ഫെബ്രുവരി 25നാണു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിട്ടുള്ളത്. 2018ല്‍ ആ ദിവസം ഞായറായതിനാല്‍ 24നാകും ആഘോഷിക്കുക. വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ മാധ്യസ്ഥം യാചിക്കുന്ന നൊവേനയും അള്‍ത്താരയുടെ വശത്തു റാണി മരിയയുടെ പൂര്‍ണകായ ശില്പവും പ്രത്യകമായി ഒരുക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.